രക്ഷകാ,,,എന്റെ പാപ ഭാരമെല്ലാം നീക്കണേ,,,യേശുവേ എന്നും നീതിമാന്‍റെ മാര്‍ഗം നല്‍കണേ………
അധികം യേശുദാസിനെക്കൊണ്ട് പാടിപ്പിക്കാതെ, ഫോണിനെ എടുത്തു നോക്കി….മോൾ ആണ്…..
ഹലോ///
അപ്പച്ചാ ട്രെയിൻ കിട്ടിയോ…..
ഇല്ലെടീ ഇപ്പൊ വരൂന്നാ വിളിച്ചു പറഞ്ഞെ…..
മ്മ്….നോക്കി കേറിക്കോണേ….A1 വരുന്നിടത്തു തന്നല്ലേ നിക്കുന്നെ അപ്പച്ചാ…
അതേടീ, ദേ ഇപ്പൊ പോയ കൂലിയോടും ചോദിച്ചു….ഇവിടെ തന്നാ വരുന്നേ….
മ്മ്….പുതെപ്പൊക്കെ എടുത്തില്ല,,,,നല്ല തണുപ്പാരിക്കും……
നീയൊന്നു പോ കൊച്ചെ,….രാവിലെ നാല് മണിക്ക് പശൂനെ കറക്കാൻ പോകുമ്പോ ഉള്ള തണുപ്പൊന്നും ഉണ്ടാവില്ലല്ലോ….പിന്നാ എസി….
ദേവസ്യ സ്വയം ധൈര്യം കൊടുത്തു സ്വയം വലിയവനായി……
അതെന്തെലും ആവട്ടെ അപ്പച്ചാ,,,,അപ്പച്ചൻ കേറീട്ടു വിളിക്ക്……
ആയിക്കോട്ടെ, ആണ്ടെ ട്രെയിൻ വരുന്നുണ്ട്, ഞാൻ കേറീട്ടു വിളിക്കാ…..എന്നാ ശരി…..
ഫോൺ പോക്കറ്റിൽ ഇട്ടു ഒരു സൂട്ട് കേസും മറ്റേ കയ്യിൽ നാരായണന്റെ കടേന്നു വാങ്ങിയ ബ്രിട്ടാനിയ ബിസ്‌ക്കസ്റ്റിന്റെ ബോക്സും (അതിനുള്ളിൽ, അച്ചാർ, ചക്ക വറുത്തത്, ഉപ്പേരി, കുറച്ചു ഉണങ്ങിയ ഇറച്ചി, ചെറിയ ഒരു ചക്കെടെ പകുതി) അത്രേയേക്കോയെ കൊള്ളിക്കാൻ പറ്റിയുള്ളൂ…..ഇതെല്ലം പിടിച്ചു മുണ്ടും മടക്കി കുത്തി, യുദ്ധത്തിന് തയ്യാറായി ദേവസ്യ നിന്നു….(പണ്ട് മോളെ കൊണ്ടേ വിടാൻ പോയപ്പോ ലോക്കൽ ട്രെയിനിൽ ഇടിച്ചു കയറിയ ഓർമയിൽ, ആ ഇടി ഇപ്പം വരും എന്നാ ധാരണയിൽ പാവം ദേവസ്യാച്ചൻ)
പക്ഷെ ട്രെയിൻ വന്നു നിന്നു,,,,അപ്പൊ ദേ മുന്നിലൂടെ പോണു A1 …….
പുറകെ ഓടി, A1 കോച്ചിൽ കയറി, ഒരു പുച്ഛ ഭാവത്തോടെ പിറകിലുള്ളവരെ ഞാൻ ആദ്യം കേറി എന്ന് കാണിക്കാനായി തിരിഞ്ഞു നോക്കിയാ ദേവസ്യയെ കാണാനായി ദേവസ്യയുടെ പിറകിൽ ആരും ഉണ്ടാരുന്നില്ല…..
എന്തൂട്ടാ സംഭവംന്നു മനസിലായില്ലെങ്കിലും, “പോട്ടെ പുല്ലു ” എന്ന ഡയലോഗ് മുകേഷിന്റെ കയ്യിൽ നിന്നും കടം വാങ്ങി പ്രയോഗിച്ചു ദേവസ്യ മുന്നിലോട്ടു നോക്കിയപ്പോ ഡോർ ദേ അടഞ്ഞു കിടക്കുന്നു…..എങ്ങോട്ടു പോണംന്നു പരുങ്ങലിൽ നിന്ന ദേവസ്യയുടെ മുന്നിലേക്ക്, ഡോർ തുറന്നു ഒരു വയർ ഇറങ്ങി വന്നു……
അതൊരു വയർ മാത്രം അല്ലാ, മോളിലേക്കും താഴേക്കും ബാക്കി വേണ്ട ഭാഗങ്ങൾ ഒക്കെ ഉണ്ടെന്നു മനസിലാക്കിയ ദേവസ്യ ചോദിച്ചു…..
അതേയ്……ഈ A1 ഇത് തന്നല്ലേ…….
Yes ….