ദേവരാഗം 2
Devaraagam Part 2 Author ദേവന്‍
Previous PART 1
രാവിലെ 6 മണിക്ക് ഞാനുണര്‍ന്നു…
ഓടാന്‍ പോകുന്ന ശീലമുള്ളത് കൊണ്ട് ഷൂവും കെട്ടി ഞാന്‍ ഓടാന്‍ ഇറങ്ങി..
ക്ലാസ് ഇല്ലാത്ത ദിവസമായതുകൊണ്ട് പിള്ളേര്‍ ഒന്നും എഴുന്നേറ്റിട്ടില്ല.. അല്ലെങ്കില്‍ അഞ്ചരയ്ക്ക് തന്നെ അമ്മ എല്ലാവരേം എഴുന്നെല്‍പ്പിക്കും..
താഴെ ചെന്നപ്പോള്‍ അമ്മയും ചെറിയമ്മയും അടുക്കളയിലുണ്ട്… അവിടെ ഒന്ന്‍ എത്തിനോക്കി ഹാജര്‍ വച്ചിട്ട് ഞാന്‍ പുറത്തേയ്ക്കിറങ്ങി.. പുറത്ത് മുറ്റം അടിച്ചുകൊണ്ട് ലക്ഷ്മി ചേച്ചി നില്‍പ്പുണ്ടായിരുന്നു.. പുറം പണികള്‍ക്ക് വരുന്നതാണ് പുള്ളിക്കാരി… ഉച്ചവരെ പണിയെടുത്തിട്ട് അവര്‍ പോകും ബാക്കിയൊക്കെ ഭാസി അണ്ണനും അമ്മമാരും ഒക്കെയാണ് ചെയ്യാറുള്ളത്…
ലക്ഷ്മി ചേച്ചിക്ക് ഒരു ചിരി സമ്മാനിച്ച് ഞാന്‍ ഓടാന്‍ പോയി…
കാവും കടന്നു പറയിക്കുന്നിനടുത്തുള്ള പള്ളിയുടെ അടുത്തു വരെ പോയിട്ട് ഞാന്‍ തിരിച്ചു പോന്നു.. അത്രയും ദൂരം തന്നെ 6 കിലോമീറ്റര്‍ ഉണ്ട്.. തിരിച്ചെത്തിയപ്പോഴേക്കും 7 കഴിഞ്ഞിരുന്നു.. 9 മണിയോടെ അച്ഛനും ചെറിയച്ഛനും പോയി.. അട്ടപ്പാടിയില്‍ കൂപ്പ് വര്‍ക്ക് നടക്കുന്നത് കൊണ്ട് അങ്ങോടട്ടൊന്ന്‍ പോയിട്ടേ വരൂ എന്ന്‍ എന്നോടും പറഞ്ഞിട്ടാണ് രണ്ടാളും പോയത്… പോകുന്നതിനു മുന്പ് അമ്മവീട്ടില്‍ പോകാന്‍ ഞാന്‍ അനുവാദം വാങ്ങുകയും ചെയ്തു…
ഞാന്‍ ഉച്ചയ്ക്ക് ഊണും കഴിഞ്ഞു പോകാന്‍ ഇറങ്ങി..
എറണാകുളം ജില്ലയില്‍, എറണാകുളം- കോട്ടയം റൂട്ടിലാണ് അമ്മയുടെ നാട്.. വീട്ടില്‍ നിന്നും രണ്ടര മണിക്കൂര്‍ യാത്രയുണ്ട് അങ്ങോട്ട്.. അത്യാവശ്യം ഇടാനുള്ള ഡ്രെസ്സൊക്കെ ഒരു ബാക്ക്പാക്കിലാക്കി എടുത്ത് ഞാന്‍ എന്റെ ബുള്ളറ്റില്‍ യാത്രതിരിച്ചു… പിള്ളേര്‍ക്ക് എന്റെ കൂടെ ഉത്സവം കൂടാന്‍ വരണം എന്ന്‍ ആഗ്രഹമുണ്ടായിരുന്നു.. പക്ഷെ പരീക്ഷക്കാലമായത്കൊണ്ട് അമ്മ വിട്ടില്ല..
അത് ഒരു കണക്കിന് നന്നായി.. ഇല്ലെങ്കില്‍ അമ്മവീട്ടിലെ പിള്ളേരും കൂടിയാകുമ്പോ എനിക്ക് ആദിയോട് സ്വസ്ഥമായി ഒന്ന്‍ മിണ്ടാന്‍ കൂടി പറ്റില്ലായിരുന്നു…
അമ്പലത്തിന്റെ പുറകുവശത്തായിട്ട് ഒരു അഞ്ഞൂറ് മീറ്റര്‍ മാറി പാടത്തിന്റെ കരയിലാണ് ആദിയുടെ വീട്… പാടത്തിന്റെ നേരെ ദര്‍ശനമായിട്ടിരിക്കുന്ന രണ്ട് നില വീട്. അമ്പലപ്പറമ്പില്‍ ചെന്നാല്‍ കുളത്തിന്റെ വശത്തുകൂടി അവളുടെ വീട്ടിലേയ്ക്ക് പോകാം പക്ഷെ അതിലെ നടവഴി മാത്രമേ ഉള്ളൂ.. വണ്ടി പോകണമെങ്കില്‍ അമ്പലത്തിലേയ്ക്ക് എത്തുന്നതിന് അര കിലോമീറ്റര്‍ മുന്പ് വച്ച് ഇടത്തോട്ട് തിരിഞ്ഞു പോകുന്ന വഴിയ്ക്ക് പോകണം… നേരത്തെ അവളുടെ വീട്ടിലേയ്ക്ക് അമ്പലത്തിന്റെ അടുത്തുകൂടി ഉള്ള നടവഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ… പിന്നീട് വീട് പുതുക്കി പണിതപ്പോള്‍ അമ്മാവന്‍ ഇപ്പോഴത്തെ വഴി വാങ്ങിയതാണു.. അതുകൊണ്ട് മുറ്റം വരെ ഇപ്പോള്‍ വണ്ടി ചെല്ലും…