ഞാൻ അവളെ കണ്ടു എന്നറിഞ്ഞതും ഒറ്റ ഓട്ടമായിരുന്നു അവൾ.. പാവം പെണ്ണ്………
ദേവു വന്നതേ ഞാൻ പതിയെ മുറിക്കു പുറത്തേക്കിറങ്ങി ടിവിയുടെ മുന്നിൽ ഇരിപ്പുറപ്പിച്ചു. പക്ഷെ എനിക്ക് മുന്നിൽ പിടി തരാതെ അവളെന്നിൽ നിന്നും ഒഴിഞ്ഞു മാറി നടക്കയായിരുന്നു. ചിലപ്പോൾ നാണം കൊണ്ടാകാം എന്ന് കരുതി ആശ്വസിച്ചു…. എങ്കിലും നമ്മുടെ മനസ്സല്ലേ ഓരോന്ന് ചിന്തിച്ചു വെറുതെ വെറുതെ കാടുകയറും…. കോളേജിൽ നിന്ന് വന്നതിൽ പിന്നെ അവളെ മുറിക്കു പുറത്തേക്കു കണ്ടിട്ടില്ല എന്നതാണ് സത്യം … രാത്രിയായി..
ദേവുവിനോട് ഒന്ന് സംസാരിക്കാൻ പല വഴികളും ആലോചിച്ചു നോക്കി.. രാത്രിയിൽ അവളുടെ മുറിയുടെ ജനലരികിൽ പോയി തട്ടി വിളിച്ചാലോ എന്ന് വരെ ആലോചിച്ചു. പിന്നെ ഈ കാലും വച്ച് അവിടെ വരെ എത്തുക എന്നത് പ്രയാസമാണ്. ഏന്തി വലിഞ്ഞു എത്തിയാൽ തന്നെ ജനലരികിൽ ദേവുവിന് പകരം ഏടത്തി വല്ലതും ആണ് എങ്കിലോ… എല്ലം തീരും… അതൊന്നും വേണ്ട… ! പാഴ്‌ചിന്തകൾ എല്ലാം മാറ്റിവച്ചു. അമ്മയുടെ സഹായം കൊണ്ട് മുറിയിൽ തിരിച്ചെത്തി.. ദേവുവിന്റെ കാര്യമൊഴിച്ചാൽ അമ്മക്കിപ്പോൾ എന്നോട് പഴയതു പോലെ സ്നേഹമൊക്കെ ഉണ്ട്.. അന്ന് അമ്മയുടെ മടിയിൽ ഏറെ നേരം കിടന്നു .. എന്തൊക്കെയോ സംസാരിച്ചു.. ദേവുവിന്റെ കാര്യം അമ്മ മനഃപൂർവം ഒഴിവാക്കിയതായി എനിക്ക് തോന്നി. എനിക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന് കരുതിയാവും. ദേവുവിന്റെ കാര്യം പറയാനായി പലപ്പോഴായി എന്റെ നാവും പൊങ്ങിയതാണ് പക്ഷെ അമ്മയതെങ്ങനെ ഉൾക്കൊള്ളുമെന്ന പേടി കൊണ്ട് പുറത്തേക്കു വന്ന നാക്ക് അതുപോലെ അകത്തേക്ക് വലിഞ്ഞു. എങ്കിലും ഒന്നും അതികം നീട്ടികൊണ്ടു പോകുന്നത് ശരിയല്ല….
*****—–*****——-******
മുഖത്തു ഒരു കൊട്ട ദേഷ്യവും വച്ചാണ് പിറ്റേന്ന് രാവിലെ ദേവുവിനെ കാണുന്നത് ….. എന്താണ് കാരണമെന്നു ചോദിക്കാൻ കഴിഞ്ഞില്ലെങ്കിലും എന്റെ സമിഭ്യം ആണവളിൽ ആ മാറ്റം ഉണ്ടാക്കുന്നതെന്ന് എനിക്ക് മനസിലായി . അപ്പോൾ അവളുടെ ആ മാറ്റത്തിനും കാരണക്കാരൻ ഞാൻ തന്നെ ആകണമല്ലോ.? അതിന് ഞാൻ ഒന്നും ചെയ്തില്ലല്ലോ..?
വെറുതെ ഏതൊക്കെയോ കാരണങ്ങൾ ആലോചിച്ചു കൂട്ടി.. കാലിന്റെ നീര് കുറയുന്നതിനനുസരിച്ചു ഞാൻ വീടിന്റെ പുറത്തേക്കൊക്കെ ഇറങ്ങാൻ തുടങ്ങി ഇരുന്നു.. അമ്മ സമ്മതിച്ചിരുന്നു എങ്കിൽ കോളേജിൽ പോകാമായിരുന്നു എന്ന് തോന്നി. പക്ഷെ തലയിലെ കെട്ടഴിക്കാതെ അമ്മ അതിന് സമ്മതിക്കുമെന്നെനിക്കു തോന്നുന്നില്ല….