” ആ സമയത്ത് ആരായാലും അതു തന്നെ അല്ലെ ചെയ്യൂ… “
എന്റെ മനസേന്നോട് മന്ത്രിച്ചു.
” എടാ ചെക്കാ നിനക്ക് ഉറക്കമൊന്നും ഇല്ലേ? “
രാത്രി ഉറക്കം വരാതെ കട്ടിലിൽ എന്തൊക്കെയോ ആലോചിച്ചു തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോളാണ് ഏടത്തി കയറി വന്നത്.
കയറി വന്നതേ ഏടത്തി ദേവുവിന്റെ ബുക്കുകൾ വച്ചിരിക്കുന്ന മേശയുടെ ഭാഗത്തേക്ക് തിരിഞ്ഞു എന്തോ തിരയാൻ ആരംഭിച്ചു.
” എന്താ? “
“:എന്ത്? “
” ഏടത്തി എന്താ ഈ തപ്പുന്നതെന്നു? “
” അതോ. . ആ പെണ്ണിന്റെ രണ്ടു ബുക്ക്.. ഇന്ന് അവൾ എന്റെ കൂടെയാ… ഇന്നും രാത്രി വയ്യാതായാലോ? നിനക് ശ്രെദ്ധിക്കാൻ നേരമില്ലലോ “
” മ്മ്. .. അതാ നല്ലത് ? “
എന്റെ മറുപടി കേട്ട് ഏടത്തി എന്നെ രൂക്ഷമായി ഒന്ന് നോക്കി
” എന്ത് കെട്ട്യോനാടാ നീയ്? ആ പെണ്ണിന് വയ്യാതിരിക്കുമ്പോൾ കൂടെ ഇരിക്കേണ്ടവനാ…ഇവിടെ സുഖിച്ചു കിടക്കുന്നത്. എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കണ്ടാ… “
” അതിനല്ലേ ഏടത്തിയും അമ്മയും ഒകെ ഉള്ളത് “
” ഞങ്ങളെ പോലെ ആണോ അവൾക് നീയ്? “
ഏടത്തി പറഞ്ഞതിന്റെ പൊരുൾ എനിക്കപ്പോൾ ഒട്ടും മനസിലായില്ല
” അതെന്താ എനിക്ക് കൊമ്പുണ്ടോ? “
” കൊമ്പ് … ഒന്ന് പോടാ ചെക്കാ നീയ്… അല്ലേലും ഈ ആണുങ്ങൾക്ക് ഒന്നും ഞങ്ങൾ ഭാര്യമാരുടെ വിഷമം അറിയ്യണ്ടല്ലോ.. ചേട്ടനും കണക്കാ അനിയനും കണക്കാ? “
ബുക്ക് തപ്പുന്നതിനിടയിൽ ഏടത്തി ആരോടെന്നില്ലാതെ പറഞ്ഞു.
” ദേ… എന്നെ വേണേൽ പറഞ്ഞോ. പക്ഷെ എന്റെ മണുങ്ങൂസൻ ചേട്ടനെ പറ്റി പറഞ്ഞാൽ ഉണ്ടല്ലോ? “
വെറുതെ ഏടത്തിയെ ചൊടുപ്പിക്കാനാണ് അത് പറഞ്ഞത് എങ്കിലും ഏടത്തിക്കു അത് ശരിക്കും ദേഷ്യമാണുണ്ടാക്കിയത്… കയ്യിൽ കിട്ടിയ കട്ടിയുള്ള ഒരു ബുക്ക് എടുത്ത് എന്റെ നേരെ ഒറ്റ ഏറായിരുന്നു അവർ. ഏടത്തിക്ക് ഉന്നം ഇല്ലാത്തതു കൊണ്ടും എന്റെ ഭാഗ്യം കൊണ്ടും അത് ദേഹത്ത് കൊള്ളാതെ എനിക്ക് ഒഴിഞ്ഞു മാറാൻ സാധിച്ചു.