ആകെയുള്ളത് അറിയ്യാതെ എങ്കിലും ഞാൻ മൂലം അകപ്പെട്ടു പോയ അവരുടെ മകൻ മാത്രം അല്ലെ ഒള്ളൂ .. അത് ഞാൻ അവർക്കു തിരിച്ചു കൊടുക്കും . എന്നേ കൊണ്ട് അത് മാത്രമേ കഴിയു.. “
കരയാൻ വെമ്പി നിൽക്കുന്ന മിഴികൾ തുടച്ചുകൊണ്ടവൾ പറഞ്ഞു പൂർത്തിയാക്കി. അവളുടെ വാക്കുകൾക്കു മുന്നിൽ എനിക്ക് മറുപടി ഉണ്ടായിരുന്നില്ല.. അവളോട് എന്ത് പറയണം എന്ന് അറിയില്ല. ഈ സാഹചര്യത്തിൽ ഞാൻ അവളോടെന്റെ പ്രണയം പറഞ്ഞാൽ തീർച്ചയായും അവൾ നിരസിക്കുകയെ ഉള്ളു എന്നെനിക്കു നന്നായി അറിയാമായിരുന്നു… ഒന്നും മിണ്ടാനാവാതെ ഞാൻ ദേവുവിനെ തന്നെ നോക്കി ഇരുന്നു പോയി….
” ദേവു മോളെ….. “
പണ്ടെങ്ങോ കേട്ടതും എന്നാലത്ര തന്നെ അരോചകവുമായ ആ ശബ്ദം കേട്ടു ഞങ്ങളിരുവരും ഞെട്ടി തിരിഞ്ഞു നോക്കി…… അതെ രാഘവൻ.. ! അയാളെ കണ്ടതേ ദേവു ചാടി എഴുന്നേറ്റു. ഭയമോ വെറുപ്പോ ദേഷ്യമോ എന്തെന്നറിയാൻ കഴിയാത്തൊരു ഭാവം അവളുടെ മുഖത്തൊഴികി നിറഞ്ഞതു ഞാൻ കണ്ടു…
” മോളെന്താ ഇവിടെ? “
ഒരു വൃത്തികെട്ട ചിരി മുഖത്തു വരുത്തി തീർത്തു അയാൾ ഞങ്ങൾക്കിടയിലേക്കു കടന്നു വന്നു.. പക്ഷെ ദേവുവിൽ നിന്നൊരു മറുപടി അയാൾക്ക് ലഭിച്ചില്ല. ഇയാളെ കുറിച്ച് പലതും അറിയാവുന്നതിനാലും അന്ന് വീട്ടിൽ കയറി വന്നുണ്ടായ വിഷയങ്ങൾ അറിഞ്ഞത് കൊണ്ടും അയാളെ കണ്ടതേ എന്നിലും ദേഷ്യവും വെറുപ്പും പ്രകടമായിരുന്നു….
” അയ്യോ മോന് എന്നേ മനസിലായില്ലേ ? ഞാൻ രാഘവൻ മാമൻ ആന്നെ. “
മനസിലായി എന്ന മട്ടിൽ ഞാനൊന്നു തലയാട്ടി…
” ആഹ് ഞാൻ ഇടക്ക് മോന്റെ വീട്ടിലൊക്കെ വന്നതായിരുന്നു . മോനെ മാത്രം കാണാൻ പറ്റിയില്ല.. “
അയാളുടെ ആ അർദ്ധം വച്ചുള്ള നോട്ടവും സംസാരവും കണ്ടപ്പോൾ എന്തോ പന്തികേടെനിക്ക് തോന്നി .. അയാൾ ഞങ്ങളിലേക്ക് കൂടുതൽ അടുത്ത് വരുംതോറും ദേവു എന്റെ പിന്നിലേക്ക് കൂടുതൽ ചേർന്ന് നിൽക്കുന്നത് ഞാൻ കണ്ടു. ഭയന്നിട്ടാകണം…
” എന്താ രാവിലെ തന്നെ ആശുപത്രിയിൽ… മോൾക്ക് വല്ല വിശേഷവും ഉണ്ടോ ? “
കൊളുത്തി വലിക്കുന്ന ചൂണ്ട കണക്കെ അയാൾ ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു..
” അതൊന്നും ഇല്ല.. ചേട്ടനിപ്പോൾ പോകു… നമുക്ക് പിന്നെയൊരിക്കൽ സംസാരിക്കാം… “
അയാളോട് തോന്നിയ വെറുപ്പും ദേശ്യവും എല്ലാം ഉള്ളിലൊതുക്കി ഞാൻ പറഞ്ഞു.
” അതെന്താ മോനെ… ഇനി എന്ന് കാണാനാ… ദേവു മോൾ എന്താ എന്നേ കണ്ടിട്ട് പേടിച്ചിരിക്കുന്നത്? “
അപ്പോളേക്കും എന്റെ മുന്നിലേക്ക് എത്തിയ അയാൾ അതും ചോദിച്ചു ദേവുവിന്റെ കവിളിലൊന്ന് തൊടാനായി കൈ ഉയർത്തി കൊണ്ട് വരുന്നത് ഞാൻ കണ്ടു…