” ഹോ എന്ന ചിരി ആന്നെന്നു നോക്കിയെടാ നന്ദു ഇവളുടെ. കണ്ടിട്ട് കൊതിയാകുന്നു. ചിരിക്കൂന്നേ ഇങ്ങനെ ഇങ്ങനെ ചിരിക്കണം. എന്റെ ചിരി ഒക്കെ കണ്ടോ…. ഒരു കിറി അങ്ങോട്ടും മറ്റേത് ഇങ്ങോട്ടും “
അതും പറഞ്ഞു മാളു ഒന്ന് ചിരിച്ചു കാണിച്ചു..
ശെരിയാണ് മാളുവിന്റെ ചിരിയെ അപേക്ഷിച്ചു ദേവൂന്റെ ചിരിക്ക് അഴകേറെ ആയിരുന്നു..
മാളു വന്നത് നന്നായി എന്നെനിക് തോന്നി. ഇല്ലെങ്കിൽ ഒറ്റക്കായി എന്ന തോന്നൽ ദേവുവിനെ വല്ലാതെ അലട്ടുമായിരുന്നു…അമ്മയും ഏടത്തിയും ഇവളെ അളവറ്റു സ്നേഹിക്കുന്നുണ്ട്.അങ്ങനെ ഒരു സാഹചര്യത്തിൽ കയറി വന്നവൾ ആയിട്ട് കൂടി അവളെ ഇഷ്ടമാണ് അവർക്കും. പക്ഷെ ! എങ്ങനെ അവളോട് പെരുമാറണം എന്നെനിക് ഇനിയും അറിയില്ല. ഇത്ര നാൾ വെറുപ്പിന്റെ അങ്ങേ അറ്റത്തു കൊണ്ട് നിർത്തി ഇരുന്ന ഒരുവൾ പെട്ടന്ന് മനസ്സിൽ നല്ലവളായി ഇടം പിടിച്ചു എങ്കിലും അതെങ്ങനെ പ്രകടിപ്പിക്കണം എന്നോ എന്ത് സംസാരിക്കണം എന്നോ ഒന്നും എനിക്ക് അറിയില്ലായിരുന്നു….
ഓരോ കളിതമാശകൾ പറഞ്ഞവർ അകത്തേക്കു പോയി. ഇടക്ക് അവിടേക്കു ഒന്ന് എത്തി നോകിയതല്ലാതെ ഞാൻ അവരുടെ സംസാരത്തിനിടയിൽ കൂടാൻ പോയില്ല. ഉച്ചക്ക് പഴയ ക്രിക്കറ്റ് മാച്ച് റീപ്ലേ ഉണ്ടായിരുന്നത് കണ്ടു കൊണ്ടിരുന്ന എന്നെ ഊണ് കഴിക്കാൻ മാളു വന്നു വിളിച്ചപ്പോളാണ് പിന്നെ ഞാൻ അവരുടെ ഇടയിലേക്ക് ചെന്നത്. മാളു വന്നപ്പോൾ മാളുവിന്റെ അതേ പ്രസരിപ്പും ഊർജ്ജവും ദേവുവിലും കാണാൻ കഴിഞ്ഞു. എങ്കിലും എന്നോട് മിണ്ടാൻ അവൾക്കും മടി ഉള്ളത് പോലെ തോന്നി.. പതിവ് ക്രിക്കറ്റ് കളിക്ക് വൈകിട്ട് പോകുമ്പോൾ വീട്ടിലേക്ക് ദേവുവിനെയും മാളു ഒപ്പം കൂട്ടി. കളി ഒക്കെ കഴിഞ്ഞു ഞാൻ നേരത്തെ തിരിച്ചെത്തി.