” എന്റെ പൊന്നു നന്ദു… കല്യാണം ഒക്കെ കഴിഞ്ഞില്ലേ. ഇനി എങ്കിലും ഈ പിള്ളേരുടെ കൂടെ ഉള്ള ക്രിക്കറ്റ് കളി ഒന്നു നിർത്തിക്കൂടെ. ഇവൾ ഇവിടെ ഉണ്ടെന്നെങ്കിലും ഓർക്കണ്ടേ.. ? “
കയറി ചെന്നതേ എന്നെ നോക്കി ഇരിക്കുക ആയിരുന്ന മാളു പറഞ്ഞു.
” നിനക്കിവനെ ഒന്ന് ഉപദേശിച്ചു കൂടെ ? “
കൂടെ ഉണ്ടായിരുന്ന ദേവുവിനോട് അവൾ ചോദിച്ചു… ഒരു പുഞ്ചിരി മാത്രം ആയിരുന്നു അതിനുള്ള മറുപടി.
” അതെങ്ങനെയാ രണ്ടും കണക്കാ… കെട്ടിയോന് പറ്റിയ കെട്ടിയോൾ …. “
” അപ്പോഴേ ഞാൻ അങ്ങ് പോയേക്കുവാ.. “
” നീ ഇതെവിടെ പോകുവാ. ഇന്നിവിടെ ഇവിടെ നിക്കാം “
“പിന്നെ നിങ്ങൾ കപ്പിൾസിന്റെ ഇടയിൽ എനിക്ക് എന്ത് കാര്യം .. ഞാൻ എന്റെ കുടുംബത്തു പോട്ടെ……… “
അവൾ പോകുന്നതും നോക്കി ദേവു വാതിൽക്കൽ നിൽക്കുന്നതും കണ്ടിട്ട് ആണ് ഞാൻ അകത്തേക്ക് കയറിയത്. ഒരു കുളി ഒക്കെ കഴിഞ്ഞു ഹാളിൽ എത്തിയപ്പോൾ അവൾ അവിടെ ഇരുന്ന് പഠിക്കുന്നുണ്ടായിരുന്നു.
എന്നെ കണ്ടതും അത്താഴം എടുക്കാം എന്ന് പറഞ്ഞു ബുക്ക് എല്ലാം മടക്കി വച്ച് അവൾ അടുക്കളയിലേക്കു നടന്നു..
വെറുതെ അവൾ മടക്കി വച്ച ബുക്കിലേക്ക് കണ്ണോടിച്ചപ്പോൾ ആണ് കണ്ടത്. മനോഹരം ആയി പെയിന്റ് ചെയ്ത ഒരു കൃഷ്ണന്റെ ചിത്രം ബുക്കിന്റെ പുറത്തു ഒട്ടിച്ചിരിക്കുന്നു .. കണ്ടപ്പോൾ എനിക്ക് അതെടുത്തു അതിന്റെ ഭംഗി ആസ്വദിക്കാതിരിക്കാൻ കഴിഞ്ഞില്ല. മനോഹരം എന്നല്ല അതിമനോഹരം എന്ന് വേണം പറയാൻ… ഓടക്കുഴലൂതുന്ന കണ്ണന്റെ പുഞ്ചിരി തൂകുന്ന മുഖം….. പണ്ടു ഹിസ്റ്ററി ബുക്കിൽ കണ്ട ശാസ്ത്രജ്ഞന്മാരുടെ ചിത്രത്തിൽ ഞാൻ കുത്തിക്കുറിച്ച വരകൾ അല്ല മറിച്ചു ഇതാണ് ശെരിയായ ചിത്ര രചന എന്ന് മനസ് എന്നെ കളിയാക്കിയ നിമിഷം ആയിരുന്നു അത്.