അവൾ ഒന്നും മറുത്ത് പറയാതെ ബുക്ക് മടക്കി ടേബിളിൽ വച്ച് തനിക്കായി തയാറാക്കിയ പായയിൽ പോയി കിടന്നു.
ഇന്നും രാത്രി അവളുടെ പതിവ് കരച്ചിൽ കച്ചേരി ഉണ്ടായിരുന്നു. അത് കേട്ട് എന്റെ ഉറക്കം പോയി എന്ന് പറഞ്ഞാൽ മതി അല്ലോ.
” ഇതിന് ഒന്നും ഉറക്കം ഇല്ലേ ദൈവമേ?
നീ എന്തിനാ പെണ്ണേ ഈ കിടന്നു കാറുന്നേ. ബാക്കി ഉള്ളവന്റെ കൂടി ഉറക്കം കളയാൻ. “
” എനിക്ക് പേടി ആകുന്നു “
അവൾ എങ്ങനെയോ പറഞ്ഞൊപ്പിച്ചു..
” പണ്ടാരമടങ്ങാൻ… “
കലിപ്പിച്ചാണെങ്കിലും ഞാൻ എഴുന്നേറ്റു ലൈറ്റ് ഓൺ ചെയ്തു..
” ഇനി മിണ്ടാതെ കിടന്നില്ലേൽ ചവിട്ടു വാങ്ങിക്കും നീയ് . …. “
പിന്നെ അന്ന് വേറെ ശല്യം ഒന്നും ഉണ്ടായിരുന്നില്ല.
രാവിലെ റെഡി ആയി പോകാൻ ഇറങ്ങുമ്പോൾ ആണ് ഏടത്തിയുടെ പുതിയ തീരുമാനം വരുന്നത്. എന്റെ കൂടെ അവളെയും ബൈക്കിൽ കോളേജിൽ എത്തിക്കാൻ. എത്ര എതിർത്തിട്ടും ഏടത്തി അമ്പിനും വില്ലിനും അടുക്കാതെ വന്നപ്പോ വേറെ വഴി ഇല്ലാതെ ഞാൻ സമ്മതിച്ചു.