ഞാൻ ക്രൈം ബ്രാഞ്ച് എസ് ഐ അശോക് കുമാർ. ഇന്നലെ രാത്രി ഒരു ലോറി ഒരു കടയിലേക്ക് ഇടിച്ചു കയറിയ ഒരാൾ മരണപ്പെടുകയും ചെയ്തു. ഇടിച്ച ലോറി അവിടെയൊന്നും നിർത്താതെ കടന്നു കളയുകയും ചെയ്തു. ആ കേസ് അവിടെയുള്ള എന്റെ ഒരു സുഹൃത്താണ് അന്വേഷിക്കുന്നത്. അദ്ദേഹത്തിന്റെ അഭ്യർത്ഥന മാനിച്ച് ഞാൻ ഇവിടെയുള്ള വർക്ക് ഷോപ്പുകളിൽ ആ ലോറി പണിക്ക് കയറ്റിയിട്ടുണ്ടോ എന്നറിയാനായി വന്നതാണ്. നിങ്ങളിൽ നിന്നും വാഹനത്തിന്റെ പാർട്സുകൾ വാങ്ങുന്ന ഏതെങ്കിലും വർക് ഷോപ്പിൽ അങ്ങനെയൊരു ലോറി എത്തിയതായി നിങ്ങൾക്ക് അറിവുണ്ടോ.” അരുൺ ഇരുകൈകളും പാന്റിന്റെ പോക്കറ്റിൽ തിരുകി കൊണ്ട് ചോദിച്ചു.
“ഇല്ല സർ. ഇന്ന് പാർട്സുകൾ വാങ്ങിയ ആരും ഇതുവരെ അങ്ങനെ പറഞ്ഞു കേട്ടിട്ടില്ല. അപൂർവം ആളുകൾ മാത്രമേ അങ്ങനെ ഉണ്ടെങ്കിൽ തന്നെ ഇവിടെ പറയാറുള്ളൂ. മാത്രവുമല്ല. ഇന്നലെ രാത്രിയാണ് ആക്സിഡന്റ് നടന്നതെങ്കിൽ ഇന്ന് ആയിരിക്കും ആ ലോറി ഇന്ന് ആയിരിക്കും ആ ലോറി വർക്ക് ഷോപ്പിൽ എത്തിയിട്ടുണ്ടാവുക. ഇന്ന് പണി തുടങ്ങുകയാണെങ്കിൽ തന്നെ വർക്ക് ഷോപ്പിൽ ഉള്ള സാധനങ്ങൾ എടുത്തു കൊണ്ടായിരിക്കും പണി തുടങ്ങുക. അതുകൊണ്ടുതന്നെ ഇന്ന് ആ വിവരങ്ങൾ അറിയാൻ യാതൊരു സാധ്യതയുമില്ല.” അരുണിന്റെ ചോദ്യം അവിടുത്തെ ജോലിക്കാരനോടായിരുന്നെങ്കിലും മറുപടി നൽകിയത് കടയുടമ തന്നെയായിരുന്നു. അരുണിനെ സംസാരം കേട്ടു കൊണ്ടാണ് അയാൾ അവിടേക്കെത്തിയത്.
“അപ്പോൾ ആ ലോറി ഇവിടെ നിന്ന് സാധനം വാങ്ങുന്ന ഏതെങ്കിലും വർക് ഷോപ്പിൽ ഉണ്ടെങ്കിൽ ആ വിവരം ഇന്ന് അറിയാൻ സാധിക്കില്ലേ.” അരുണിനെ വാക്കുകളിൽ ചെറിയൊരു നിരാശ കലർന്നിരുന്നു.
“തീർച്ചയായും ഇവിടെ നിന്ന് സാധനങ്ങൾ വാങ്ങുന്ന വർക്ക് ഷോപ്പുകളുടെ ഫോൺ നമ്പറുകൾ ഇവിടെയുണ്ട് ഞങ്ങൾ നമ്പറുകൾ സാറിന് നൽകാം. സാറ് നേരിൽ അവരൊക്കെ ഒന്ന് വിളിച്ചു നോക്കൂ. പിന്നെ ഒരു സംശയം ചോദിക്കട്ടെ സാറേ.? ഇതൊരു ആക്സിഡന്റ് ആണോ അതോ കൊലപാതകം ആണോ.? “
അയാളുടെ ചോദ്യം കേട്ട് അരുൺ ഒന്ന് ഞെട്ടി. പോലീസ് പോലും ആത്മഹത്യയായി വിലയിരുത്തുന്ന ഈ കേസ് ഒരു കൊലപാതകം ആണെന്ന് അറിയുന്നത് തനിക്കും നന്ദനും മാത്രം. പിന്നെ എന്തുകൊണ്ടാണ് ഇയാൾക്ക് ഇങ്ങനെ ഒരു സംശയം തോന്നിയത് എന്ന് അവൻ സംശയിച്ചു. ” താൻ എന്താ അങ്ങനെ ചോദിച്ചത്.” അരുണിനെ വാക്കുകൾക്ക് നേരിയ പതർച്ച ഉണ്ടായിരുന്നു.
“അത് സാറേ മുമ്പും പല കേസുകളുടെ അന്വേഷണവുമായി ബന്ധപ്പെട്ട് ഒരുപാട് പോലീസുകാർ പലതവണ ഇവിടെ കയറി ഇറങ്ങിയിട്ടുണ്ട്. ആക്സിഡന്റ് ആണെങ്കിൽ സാധാരണയായി ഏതെങ്കിലും ഷോപ്പുകളിൽ നിന്ന് തന്നെ ഇടിച്ച വാഹനം ലഭിക്കാറുണ്ട്. എന്നാൽ കൊലപാതകം ആണെങ്കിൽ ആ വാഹനങ്ങൾ സാധാരണയായി ലഭിക്കുക വളരെ കുറവാണ് ഇനി അഥവാ അത് കിട്ടുകയാണെങ്കിൽ തന്നെ ഏതെങ്കിലും പൊളി മാർക്കറ്റുകളിൽ നിന്നായിരിക്കും. അതുകൊണ്ടാണ് സർ ഞാൻ അങ്ങനെ ചോദിച്ചത്.” ചെറു പുഞ്ചിരിയോടെ അയാൾ മറുപടി നൽകി.