ഡിറ്റക്ടീവ് അരുൺ 5
Detective Part 5 | Author : Yaser | Previous Part
നന്ദൻ മേനോൻ അരുണിന്റെ ഒഫീസിൽ എത്തിയപ്പോൾ അരുൺ കസാരയിലേക്ക് ചാരി എല്ലാം നഷ്ടപ്പെട്ടവനെ പോലെ കിടക്കുകയായിരുന്നു. ഇവനെന്താ രാവിലെ തന്നെ ഇങ്ങനെ കിടക്കുന്നത് എന്നാലോചിച്ചു കൊണ്ട് അയാൾ അവനെതിരെ ഉണ്ടായിരുന്ന കസാരയിൽ ഇരിപ്പുറപ്പിച്ചു.
“അരുൺ എന്ത് പറ്റി രാവിലെ തന്നെ മുഡോഫാണല്ലോ.” താൻ കസാരയിൽ ഇരുന്നിട്ടും അരുൺ ഇരുന്നിരത്തുനിന്നും അനങ്ങാത്തത് കണ്ട് നന്ദൻ മേനോൻ അവനോട് ചോദിച്ചു.
നന്ദൻ മേനോന്റെ ചോദ്യം കേട്ട അരുൺ മുഖമുയർത്തി അയാളെ ഒന്ന് സൂക്ഷിച്ചു നോക്കി. രാജന്റെ മരണം നന്ദൻ മേനോൻ അറിഞ്ഞിട്ടില്ലെന്ന് അവന് മനസ്സിലായി. “നന്ദേട്ടാ ഇന്നലെ രാത്രി രാജനിൽ നിന്നും എന്തെല്ലാം വിവരങ്ങൾ കിട്ടി. ഞാനതിനായി കാത്തിരിക്കുകയായിരുന്നു.”
അരുൺ പറയുന്നത് ഒട്ടും ആത്മാർത്ഥതയില്ലാതെയാണെന്ന് നന്ദൻ മേനോന് അവന്റെ മുഖത്ത് നിന്നും വായിച്ചെടുക്കാനായി. അരുണിന് പറയാനുള്ള കാര്യം നേരെ പറയാനുള്ള പ്രയാസമാണ് ഇത്തരമൊരു ചോദ്യത്തിനു പിന്നിലെന്ന് അയാൾക്ക് തീർച്ചയായിരുന്നു.
“അത് ഞാൻ പറഞ്ഞ് മനസ്സിലാക്കുന്നതിനെക്കാൾ കൂടുതൽ മനസ്സിലാവുക ഈ വോയ്സ് റെക്കോർഡ് കേൾക്കുമ്പോഴാണെന്ന് തോന്നുന്നു.” നന്ദൻ മേനോൻ തന്റെ ബാഗിൽ നിന്നും മൊബൈലെടുത്ത് കൊണ്ട് പറഞ്ഞു.
അയാൾ മൊബൈൽ മേശപ്പുറത്ത് വെച്ച് രാജന്റെ കടയിൽ നിന്നും റെക്കോർഡ് ചെയ്ത വോയ്സ് ക്ലിപ്പ് ഓൺ ചെയ്തു. അരുണിന്റെ ശ്രദ്ധ അതിലേക്ക് അരിച്ചിറങ്ങി.
” ഇതുവരെ എന്റെ മനസ്സിലുണ്ടായിരുന്നത് കടക്കാരനാണോ രശ്മിയുടെ കൂട്ടുകാരികളാണോ കള്ളം പറയുന്നത് എന്നായിരുന്നു. അതിനുള്ള വ്യക്തമായ ഉത്തരവും ഇതിലുണ്ട്. ഇതിൽ പറയുന്ന ചെട്ടിയൻ സന്തോഷിനെ നിങ്ങൾ ഇന്നലെ കണ്ടിരുന്നോ.?”
“ഇന്നലെ രാത്രി തന്നെ അവനെ കണ്ട് രാജൻ പറഞ്ഞ കാര്യങ്ങൾ സ്ഥിതീകരിക്കാനായിരുന്നു എന്റെ തിരുമാനം. അതിനായി അവന്റെ വീടിന്റെ ഭാഗത്തേക്ക് തിരിയുന്ന സ്ഥലമെത്തിയപ്പോൾ ഒരാളോട് വഴി ചോദിച്ചു. അത് സന്തോഷിന്റെ അനിയനായിരുന്നു. സന്തോഷിന് ഇന്ന് തിരുവനന്തപുരത്ത് ഒരു ഇന്റർവ്യൂ ഉണ്ടെന്നും അതിനായി സന്തോഷ് ഇന്നലെ തന്നെ പോയിരുന്നു എന്നും എനിക്കവനിൽ നിന്നും മനസ്സിലായി. അത് കൊണ്ട് സന്തോഷ് വന്ന ശേഷമാവാം അവനെ കാണുന്നതെന്ന് ഞാനും കരുതി.”
“അതേതായാലും നന്നായി. എന്നാൽ നമുക്ക് രാജനെ ഒന്നുകൂടി കാണാൻ പോയാലോ.?”
“പോവേണ്ട കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. നിങ്ങൾക്ക് നിർബന്ധമാണെങ്കിൽ പോവാം.” നിരാശയോടെയായിരുന്നു നന്ദൻ മേനോന്റെ മറുപടി.
അദ്യം നിങ്ങൾ ഇത് വായിക്കൂ എന്നിട്ടാവാം നിരാശപ്പെടുന്നത്. അരുൺ താൻ വായിച്ചു കഴിഞ്ഞ ശേഷം മേശയിൽ വെച്ച കടലാസെടുത്ത് നന്ദൻ മേനോന് നൽകിക്കൊണ്ട് അരുൺ പറഞ്ഞു.