നേരത്തെ കണ്ടത് കൊണ്ട് രവിയുടെ മുന്നിൽ ഞാൻ പിടിച്ച് നിന്നു, ഇല്ലായിരുന്നെങ്കിലൊരു പക്ഷെ ഞാൻ വലിയ വായിൽ കരഞ്ഞ് പോയേനെ. തലയിണയിൽ മുഖമമർത്തി പ്രിൻസി കിടന്നു. തന്റെ പ്രിയതമൻ മറ്റൊരുവളെ ചുറ്റിപ്പിടിച്ച് തൊട്ടടുത്ത മുറിയിലുറങ്ങുന്നു. ആ ചിന്തയവളുടെ ഉറക്കം കളഞ്ഞു. ഓർമ്മപ്പുസ്തകത്തിന്റെ താളുകൾ പ്രിൻസി പതുകെ പിന്നിലേക്ക് മറിച്ചു.
…..
ബ്രിട്ടീഷ് കമ്പനി, അഞ്ചക്ക ശമ്പളം, നല്ല ജോലി, പിന്നെ താമസ്സിക്കാൻ ഫ്ലാറ്റും. പിന്നെയെന്തിനാ ഒരു സംശയം?
അത്ര പുരോഗമനക്കാരനല്ലാത്ത ഗോവിന്ദമാമയുടെ വാക്കുകൾ.
മൈക്രോബയോളജി കഴിഞ്ഞ് നിൽക്കുന്ന സമയം, ക്വാളിറ്റി കണ്ട്രോളറായി, പ്രിൻസിയ്ക്ക് ബോംബയിൽ കിട്ടിയ ജോലി സ്വീകരിക്കണോ വേണ്ടയോ എന്ന ചർച്ചയാണു കൊടുവായൂരുള്ള വീട്ടിൽല്പുരോഗമിക്കുന്നത്. പ്രിൻസിയ്ക്ക് ബോംബയ് പോലെയൊരു നഗരത്തിൽല്പോകാൻ താല്പര്യമുണ്ടായിരുന്നില്ല. അച്ചനു വയ്യാതായതോടെ വീട്ടുകാര്യങ്ങളാകെ അവതാളത്തിലാണു. ഒരു വരുമാനമുണ്ടായെ പറ്റൂ. ഗൊവിന്ദ മാമയോട് പിന്നെയാരും എതിർത്ത് പറഞ്ഞില്ല.