കോബ്രാഹില്‍സിലെ നിധി 18 [Smitha]

Posted by

അവള്‍ നടുങ്ങി വിറച്ചു.
ജയകൃഷ്ണനാണോ അത്?
പരിഭ്രാന്തയായി വീണ്ടും അവള്‍ ആ രൂപത്തെ നോക്കി.
അല്ല.
ജയകൃഷ്ണന്‍റെ ശാരീരിക പ്രത്യേകതകളോട് ഒട്ടും തന്നെ സാദൃശ്യമില്ല.
പിന്നെ ആര്?
ക്രിസ്റ്റഫര്‍? ഷാജഹാന്‍? രാമകൃഷ്ണന്‍?
അവള്‍ക്ക് ഒന്നും മനസ്സിലായില്ല.
വീണ്ടും വെടിയൊച്ച മുഴങ്ങി.
നിലാവില്‍, തന്‍റെ കാല്‍ച്ചുവട്ടിലെ കരിയിലകള്‍ ഇളകിത്തെറിച്ചത് അവള്‍ കണ്ടു.
അവള്‍ താഴേക്ക് ഓടി.
വല്ലിപ്പടര്‍പ്പുകളില്‍ കുരുങ്ങി ടോര്‍ച്ച് അകലേക്ക് തെറിച്ചുപോയി.
ഓടുന്നതിനിടയില്‍ ഒരു വലിയ കല്ലില്‍ തട്ടി മുമ്പോട്ട്‌ തെറിച്ച്വീണ് ഒരു മരത്തില്‍ തലയിടിച്ചു.
“എന്‍റെ ഭഗവതീ…”
നിലത്തേക്ക് വീഴുന്നതിനിടയില്‍ അവള്‍ അലറിക്കരഞ്ഞു.
വീണിടത്ത് നിന്ന്‍ അവള്‍ താഴേക്ക് ഉരുണ്ടു.
ഷാളില്‍ പൊതിഞ്ഞ മരുന്ന്‍ നഷ്ടപ്പെടാതിരിക്കാന്‍ അവള്‍ അത് നെഞ്ചോടു ചേര്‍ത്തുപിടിച്ചു.
കല്ലുകളും കരിയിലകളും നിറഞ്ഞ മരങ്ങള്‍ക്കിടയിലൂടെ താഴേക്ക് ഉരുണ്ടുപോകുമ്പോള്‍ തന്‍റെ ശരീരം ഒടിഞ്ഞു നുറുങ്ങുന്നത് പോലെ അവള്‍ക്ക് തോന്നി.
“ആഹ് ….അമ്മേ…”
എഴുന്നേറ്റ് താഴേക്ക് കുതിക്കുന്നതിനിടയില്‍ അവള്‍ വീണ്ടും അലറിക്കരഞ്ഞു.
തന്‍റെ വലത് തോളില്‍ ഒരു തീഗോളം ആഴ്ന്നിറങ്ങിയപ്പോള്‍.
തോള്‍ ശരീരത്ത് നിന്ന്‍ പറിഞ്ഞുപോയതുപോലെ തോന്നി അവള്‍ക്ക്.
ശിരസ്സ് മുതല്‍ പാദം വരെ താന്‍ തളരുന്നത് അവള്‍ അറിഞ്ഞു.
ശരീരം നിറയെ വിയര്‍പ്പില്‍ പുതഞ്ഞു.
പിന്നെ അവള്‍ കണ്ടു, രക്തം ശരീരത്തെ മൊത്തം കുതിര്‍ക്കുകയാണ്.
അടുത്ത വെടിയുണ്ട അവളുടെ കൈമുട്ടിന് താഴെപ്പതിച്ചു.
അവള്‍ നിലത്ത് വീണു.
പ്രാണന്‍ പറിയുന്ന വേദന ശരീരമാസകലം നിറഞ്ഞു.
മാംസ ശകലങ്ങള്‍ ശരീരത്ത് നിന്ന്‍ ചിതറിത്തെറിക്കുന്നത് പോലെ തോന്നി.നിവര്‍ന്ന്‍ നില്‍ക്കാന്‍ കഠിനമായി ശ്രമിച്ചെങ്കിലും അതിന് കഴിയാതെ അവള്‍ നിലത്തേക്ക് വീണു.
വളരെ സമയം അവള്‍ വേദന കൊണ്ടു പുളഞ്ഞു.
പിന്നെ, ക്രമേണ, അവളുടെ ശരീരം നിശ്ചലമായി.

Leave a Reply

Your email address will not be published. Required fields are marked *