കോബ്രാഹില്‍സിലെ നിധി 18 [Smitha]

Posted by

കരിയിലകള്‍ക്കിടയിലൂടെ ഇഴഞ്ഞുനീങ്ങുന്ന ഉരഗങ്ങളുടെ ശബ്ദം അവള്‍ കേട്ടു.
നിബിഡമായി വളര്‍ന്നുനിന്ന ചെടിപ്പടര്‍പ്പുകള്‍ വകഞ്ഞുമാറ്റി മിടിക്കുന്ന ഹൃദയത്തോടെ അവള്‍ മുമ്പോട്ട്‌ അതിവേഗം നീങ്ങി.
ഒന്നുരണ്ടിടങ്ങളില്‍ അവള്‍ കാല്‍ വഴുതി വീണു.
അതിനു മുമ്പ് അനവധി തവണ പകല്‍ നേരങ്ങളില്‍ അവള്‍ ആ ഭാഗത്ത് വന്നിട്ടുണ്ടെങ്കിലും ഈ രാത്രിയില്‍ അവള്‍ക്ക് താന്‍ കാടിന്‍റെ ഏത് ഭാഗത്താണ് നില്‍ക്കുന്നതെന്ന് യാതൊരു ഊഹവും കിട്ടിയില്ല.
ഒന്ന്‍ രണ്ടു നിമിഷം ആലോചിച്ചതിനു ശേഷം ദിക്കിനെക്കുറിച്ച് അവള്‍ക്ക് ഏകദേശം ഒരു ധാരണ കിട്ടി.
പെട്ടെന്ന് കാടിന്‍റെ ഗഹനതയുടെ അങ്ങേയറ്റത്ത് ഒരു പ്രകാശഗോളം കണ്ടത് പോലെ അവള്‍ക്ക് തോന്നി.
അതെക്കുറിച്ചുള്ള ഭയത്തെക്കാളേറെ മരണാസന്നനായി കിടക്കുന്ന രാഹുലിന്‍റെ ഓര്‍മ്മ മനസ്സിലുള്ളത്കൊണ്ട് അവള്‍ അത് കണ്ടതായി ഭാവിച്ചില്ല.
ചിലപ്പോള്‍ ദൂരെ മുകളില്‍ ഏതെങ്കിലും വേട്ടക്കാരനായിരിക്കാം.
അല്ലെങ്കില്‍ നിധിയെക്കുറിച്ച് കേട്ടറിഞ്ഞ് ആരെങ്കിലും എത്തിയതാവാം.
പെട്ടെന്ന്‍ അവള്‍ വെള്ളമൊഴുകുന്ന ശബ്ദം കേട്ടു.
അവളുടെ മുഖം പ്രകാശിച്ചു.
താന്‍ ആ ഉറവിനടുത്ത് എത്തിയിരിക്കുന്നു.
കാര്‍ നിര്‍ത്തിയിട്ടിരുന്ന കാട്ടുപാതയോരത്ത് നിന്നും ഏകദേശം മുക്കാല്‍ കിലോമീറ്റര്‍ ഉയരത്തിലായിരുന്നു ദിവ്യ.
അവള്‍ ഉത്സാഹത്തോടെ വെള്ളമൊഴുകുന്നത് കേള്‍ക്കുന്നയിടത്തേക്ക് നടന്നു കയറി.
ഒരു വേള അവള്‍ സ്തബ്ധയായി നിന്നു.
ടോര്‍ച്ചിന്‍റെ പ്രകാശരേഖയുടെ അങ്ങേയറ്റത്ത്‌ മരങ്ങള്‍ക്കിടയില്‍ ഒരു കൂറ്റന്‍ കാട്ടാട് നില്‍ക്കുന്നു.
പെട്ടെന്ന്‍ അത് ഓടിമാറിപ്പോയി.
അവള്‍ നിന്നിരുന്ന കാടിന്‍റെ ആ ഭാഗം നിറയെ ഒരേ തരത്തിലുള മരങ്ങലായിരുന്നു.
വള്ളിപ്പടര്‍പ്പുകളും.
നടന്ന്‍ കയറിക്കഴിയുമ്പോള്‍ പെട്ടെന്ന്‍ തോന്നും വഴിതെറ്റി മുമ്പ് വന്നിടത്ത് തന്നെ തിരിച്ചെത്തിയെന്ന്‍.
“ഈശ്വരാ…പെട്ടെന്ന്‍ തന്നെ ആ ഉറവിനടുത്ത് എത്തിക്കണേ…”
അവള്‍ മനമുരുകി പ്രാര്‍ത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *