അവരുടെ സ്വരത്തില്‍ നനവൂറുന്നത് അയാള്‍ അറിഞ്ഞു.
“പക്ഷെ…”
ഗായത്രി ദേവി രാഹുലിന്‍റെ കണ്ണുകളിലേക്ക് നോക്കി.
“…പക്ഷെ അങ്ങ് പറയണം.ഇനിയേത് ജന്മത്താണ്, ഈ ജന്മങ്ങളത്രയും എന്‍റെ കുട്ടി സഹിച്ച വേദനയ്ക്കും വിരഹത്തിനും കണ്ണുനീരിനും ഒരു മോചനം?”
ആ കഥം കഥയുടെ സങ്കീര്‍ണ്ണതയ്ക്ക് മുമ്പില്‍ ഉത്തരമില്ലാത്തവനായി രാഹുല്‍ നിന്നു.
അന്ന്‍ രാഹുല്‍ ലീവില്‍ ആയിരുന്നു.
കോളെജിന്‍റെ പരിസരത്ത് പകല്‍ സമയം ആരും അയാളെ കണ്ടില്ല.
നദീ തീരത്തെ പ്രശാന്തതയില്‍ അസ്വാസ്ഥ്യമിറക്കിവെക്കാന്‍ അയാള്‍ ആഗ്രഹിച്ചു.
നദീ തീരങ്ങള്‍ക്കും പര്‍വ്വത ശ്രുംഗങ്ങള്‍ക്കും ആരണ്യ ഗഹനതയ്ക്കും മാത്രമേ ആ ഒരു ഔഷധഗുണമുള്ളൂ.
മനസ്സിന്‍റെ ഭാരങ്ങളെ നിര്‍മ്മൂലനം ചെയ്യുന്ന ഗുണം.
ഗായത്രി ദേവിയുടെ ചോദ്യം രാഹുലിനെ കുഴക്കി.
മുന്‍ നിശ്ചയിക്കപ്പെട്ട ഒരു പദ്ധതിപ്രകാരം എല്ലാവരും അഭിനയിക്കുകയാണെന്നു അയാള്‍ക്ക് തോന്നി.
ഇനി ഗുരുജിയും അപ്രകാരം തന്നെ ചിന്തിക്കുന്നുണ്ടാവുമോ?
അദ്ദേഹം സമീപത്തുണ്ടായിരുന്നെങ്കില്‍ എന്ന്‍ രാഹുല്‍ ആഗ്രഹിച്ചു.
ഇന്‍ഡോറില്‍ ഒരു പ്രഭാഷണ പരമ്പരക്ക് പോയിരിക്കയാണ് അദ്ദേഹം.
തിരിച്ചു വരാന്‍ നാലഞ്ചു ദിവസങ്ങള്‍ കൂടി കഴിയുമെന്നാണ് കഴിഞ്ഞ ദിവസം അദ്ദേഹം അറിയിച്ചത്.
നദീ തീരത്ത് കൂടി ചിന്തവിഷ്ടനായി അയാള്‍ നടന്നു.
തിരിച്ചു പോവുക തന്നെ.
അയാള്‍ തീര്‍ച്ചപ്പെടുത്തി.
ശാന്തിപുരത്തെ തന്‍റെ നാളുകള്‍ അവസാനിച്ചിരിക്കുന്നു.
അല്ലെങ്കിലും അനികേതനാണ് താന്‍.
അനികേത്.
നികേതങ്ങളില്ലാത്തവന്‍.
വീടില്ലാത്തവന്‍.
അല്ലെങ്കില്‍ ലോകത്തെ മുഴുവന്‍ വീടായി സ്വീകരിക്കേണ്ടവാന്‍.
മടങ്ങുക –
നര്‍മ്മദയുടെ, ഗോദാവരിയുടെ തീരങ്ങളിലേക്ക്-
ഹരിദ്വാറിലെ, കേദാര്‍ നാഥിലേ തെരുവുകളിലേക്ക് –
മൂകാംബികയിലേയും ഋഷികേശിലെയും ഗിരിശൃംഗങ്ങളിലേക്ക്-
ബസ്തറിലെ കൊടും കാടുകളിലേക്ക് –
കാമവും പ്രണയവും ആര്‍ത്തിയും ജഡമോഹങ്ങളും നിഷ്ക്കമിച്ച ഒരു ലോകത്തേക്ക് …..
പക്ഷെ ആ നടപ്പ് അവസാനിച്ചത് ദിവ്യയുടെ മുമ്പിലാണ്.