കോബ്രാഹില്‍സിലെ നിധി 17 [Smitha]

Posted by

“പിന്നെന്താ,”
കൈകഴുകിക്കഴിഞ്ഞ് തുടച്ചുകൊണ്ട് അയാള്‍ പറഞ്ഞു.
“ദിവ്യയ്ക്കിത്രയും നന്നായി പാകം ചെയ്യാനൊക്കെ അറിയുമായിരുന്നോ?”
അവള്‍ അയാളുടെ കണ്ണുകളിലേക്ക് നോക്കി.
അവളുടെ തരളമിഴികളിലെ വികാരത്തിന്‍റെ നക്ഷത്രത്തിളക്കമേറി.
“ഇനിയും ഞാനുണ്ടാക്കട്ടെ സാറിന് വേണ്ടി?”
വാഷ്ബേസിനില്‍ പാത്രങ്ങള്‍ ഓരോന്നും കഴുകുന്നതിനിടയില്‍ അയാളുടെ മുഖത്ത് നോക്കി അവള്‍ ചോദിച്ചു.
അവളുടെ ശബ്ദം താപഗ്രസ്തമായിരുന്നു.
“അത് വേണ്ട ബുദ്ധിമ്മുട്ടാവും,”
“തിരികെ കസേരയിലിരുന്ന് അയാള്‍ പറഞ്ഞു.
“ഇല്ല,”
നോട്ടം മാറ്റാതെ അവള്‍ പറഞ്ഞു.
“ഞാനിനിയും അങ്ങേക്ക് വേണ്ടി ഭക്ഷണമുണ്ടാക്കും,”
അവളുടെ സ്വരത്തിലൂറിക്കിടക്കുന്ന ഊഷ്മാവ് തന്നെ തോട്ടത് രാഹുല്‍ അറിഞ്ഞു.
അവള്‍ പാത്രങ്ങള്‍ വൃത്തിയായി കഴുകി.
എല്ലാം ഒരു ബാസ്ക്കറ്റില്‍ വെച്ചു.
“…അങ്ങ് അനുവദിച്ചില്ലെങ്കിലും ഇഷ്ടപ്പെട്ടില്ലെങ്കിലും…”
ദിവ്യ കതകിന്‍റെ പടിയില്‍ നിന്ന്‍ അയാളെ നോക്കി.
രാഹുല്‍ ജഗ്ഗില്‍ നിന്ന്‍ ഗ്ലാസ്സിലേക്ക്‌ വെള്ളമൊഴിച്ചു.
പിന്നെ കുടിക്കാന്‍ തുടങ്ങി.
“….കാരണം ….ഞാന്‍….”
വികാര വിക്ഷോഭത്താല്‍ അവളുടെ മാറിടം ഉയര്‍ന്ന്‍ താഴുന്നത് അയാള്‍ കണ്ടു.
“…ഞാന്‍ സാറിനെ …എനിക്ക് ….എന്‍റെ ജീവനെക്കാള്‍ ….എനിക്ക് ….ഇഷ്ടം ….ഇഷ്ടമാണ്….സ്നേഹമാണ് …..”
രാഹുലിന്‍റെ മുഖം ഉയരുന്നതവള്‍ കണ്ടു.
“…എനിക്കങ്ങയെ ….എനിക്ക് …വേണം …സ്വന്തമായി….”
രാഹുല്‍ എഴുന്നേറ്റു.
അയാളുടെ കണ്ണുകളിലെ വികാരമെന്തെന്ന് അവള്‍ക്ക് തിരിച്ചറിയാനായില്ല.
പക്ഷെ ക്രമേണ അത് അവള്‍ക്ക് മുമ്പില്‍ ദൃശ്യമായി.
അയാളുടെ കണ്ണുകളില്‍ അഗ്നിയിരമ്പുകയാണ്!
ദഹിപ്പിക്കുന്ന ക്രോധാഗ്നി!
“ഭക്ഷണമൂട്ടിയ കൈകളെ ശപിക്കാന്‍ വൈദികനാവില്ല,”
ദൃഡതയാര്‍ന്ന വാക്കുകള്‍ അവള്‍ കേട്ടു.
“പക്ഷെ ധാര്‍മ്മിക നിയമങ്ങളെ കീഴ്മേല്‍ മറിക്കാന്‍ ഭക്ഷണത്തിലൂടെപ്പോലും തന്ത്രങ്ങള്‍ തേടുന്ന നിനക്ക് മാപ്പ് തരാനും എനിക്ക് കഴിയുന്നില്ല. ഒന്ന്‍ മാത്രം ..ഒരുകാര്യം മാത്രം ഞാന്‍ നിന്നോട് പറയുന്നു…”
അയാള്‍ പുറത്തേക്ക് വിരല്‍ ചൂണ്ടി.
“നീ വന്ന വഴിയാണിത്,”
കണ്ണുകളില്‍ അഗ്നിസ്ഫുലിംഗങ്ങളോടെ അയാള്‍ തുടര്‍ന്നു.
“തിരിച്ചു പോവുക! ഇനിയൊരിക്കലും ഇവിടെ വരാതിരിക്കാന്‍! എന്നെ കാണാതിരിക്കാന്‍!”
അയാളുടെ കണ്ണുകളിലെ അഗ്നി നക്ഷത്രങ്ങളിലെ അപാരപ്രഭയെ നേരിടാനാവാതെ ദിവ്യ മുഖം കുനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *