കോബ്രാഹില്‍സിലെ നിധി 17 [Smitha]

Posted by

അയാളുടെ കണ്ണുകള്‍ അവളുടെ കണ്ണുകളോടിടഞ്ഞു.
അയാള്‍ തന്‍റെ കണ്ണുകളില്‍ എന്തോ തിരയുന്നത് അവള്‍ കണ്ടു.
അയാള്‍ എന്തോ കണ്ടെത്താന്‍ ശ്രമിക്കുന്നു.
എന്തോ അന്വേഷിക്കുന്നു.
തന്‍റെ ശരീരം അടിമുടിപൂത്തുലയുന്നതും തപഗ്രസ്തമാകുന്നതും അവള്‍ അറിഞ്ഞു.
അവള്‍ പതിയെ മുഖം കുനിച്ചു.
അല്‍പ്പം കഴിഞ്ഞ് മുഖമുയര്‍ത്തുമ്പോള്‍ അവള്‍ അയാളെ കണ്ടില്ല.
***********************************************
രാഹുലിന്‍റെ മനസ്സ് നിറയെ ദിവ്യ മാത്രമായിരുന്നു.
ഒരു പുരാവൃത്തത്തില്‍ വര്‍ണ്ണിക്കപ്പെട്ട അകാലമൃത്യുവടഞ്ഞ ഒരു യുവസന്ന്യാസിയുടെ പുനര്‍ജ്ജനിയാണോ താന്‍?
കാലത്തിന്റെ തിരശീലകള്‍ക്കപ്പുറത്ത് തുടങ്ങി പൂര്‍ത്തിയാക്കപ്പെടാത്ത ഒരു പ്രണയ നാടകത്തിലെ ബാക്കിപത്രമാണോ തന്‍റെ ജന്മം?
അയാള്‍ക്ക് ഉത്തരം കിട്ടിയില്ല.
അല്ലെങ്കില്‍ ഒരു തപസ്വിയായ താന്‍ എന്തിനിവിടെ വന്നു?
ഒരു തപസ്വിയുടെ പുനര്‍ജ്ജനി കാത്തുകഴിയുന്ന ഒരു പെണ്‍കുട്ടിയെ താന്‍ എന്തിന് കണ്ടു?
അല്‍പ്പം മുമ്പ് നദീ തീരത്ത് വെച്ച് താന്‍ എന്തിന് അവളുടെ പാട്ട് പിന്തുടര്‍ന്നു?
അവളുടെ സൌന്ദര്യത്താല്‍ താന്‍ എന്തിന് പ്രലോഭിതനായി?
തന്‍റെ ബ്രഹ്മചര്യ ശക്തി ഇവളുടെ മുമ്പില്‍ മാത്രം എന്ത് കൊണ്ട് ദുര്‍ബലമാകുന്നു?
കോബ്രാഹില്‍സിലേക്കുള്ള യാത്ര അയാളോര്‍ത്തു.
സംഭവങ്ങളോരോന്നും.
ഹൌ കുഡ് ഇറ്റ്‌ ബീ കോയിന്‍സിഡന്‍റ്റല്‍?
അയാള്‍ സ്വയം ഉരുവിട്ടു.
അല്‍പ്പം മുമ്പ് വരെ ദിവ്യ ഒരു നല്ല സുഹൃത്തിനെപ്പോലെയായിരുന്നു.
അവളെക്കുറിച്ച് കേട്ടറിഞ്ഞത്, വായിച്ചറിഞ്ഞത്, അവളുടെ അസാമാന്യബുദ്ധിവൈഭവം, എല്ലാം തനിക്കവളെ ഗുരുശിഷ്യബന്ധത്തിനപ്പുറം നല്ലൊരു സുഹൃത്തായി കാണുന്നതിന് തടസ്സമായില്ല.
എന്നാല്‍ പുതിയ സംഭവം എല്ലാ കാഴ്ച്ചപ്പാടുകളെയും മാറ്റിമറിക്കുന്നു.
അവളുടെ കണ്ണുകളില്‍ കത്തിനിന്ന വികാരം!
അതിപ്പോഴും തന്‍റെ മുമ്പിലുണ്ട്.
അതിപ്രശസ്തമായ ഒരു രാജവംശത്തിലെ അവസാനത്തെ കണ്ണി.
ഗണിതശാസ്ത്രത്തെ വിസ്മയിപ്പിക്കുന്നത്ര സമ്പത്തിന്‍റെ ഏക അവകാശി.
അവള്‍ തന്നെപ്പോലെ ഒരു തപസ്വിയെയാണോ കാമിക്കുന്നത്?
ജീവിത സഖിയാക്കാന്‍ കൊതിക്കുന്നത്?
“എന്‍റെ അറിവില്‍ മെറ്റാഫിസിക്കലായ ഇത്തരം സംഭവങ്ങള്‍ അപൂര്‍വ്വമായെങ്കിലും സംഭവിച്ചിട്ടുണ്ട്,”
ഫാദര്‍ ഗബ്രിയേലിന്റെ ശബ്ദം രാഹുലിനെ ചിന്തയില്‍ നിന്നുമുണര്‍ത്തി.
അപ്പോഴാണ്‌ അയാള്‍ക്ക് പരിസരബോധമുണ്ടാകുന്നത്.
അദ്ദേഹം തന്‍റെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കയാണ്.
“മെറ്റാഫിസിക്കലെന്നു ഞാനുദ്ദേശിച്ചത് ദിവ്യയുടെ ഫാമിലി ലെജന്‍ഡ്. ഋതുപര്‍ണ്ണ. ശാന്തിദേവ്. ശാന്തിദേവിന്‍റെ അച്ഛന്റെ ശാപം. ശാപമനുസരിച്ചുള്ള ശാന്തിദേവിന്‍റെയും ഋതുപര്‍ണ്ണയുടെയും പുനര്‍ജ്ജനി. ഇവിടുത്തെ ചിലരുടെ നിരീക്ഷണങ്ങളനുസരിച്ചും എന്‍റെ കാഴ്ച്ചപ്പാടിലും ആ ശാപം പൂര്‍ണ്ണമായി…”
രാഹുല്‍ ചോദ്യരൂപത്തില്‍ ഫാദര്‍ ഗബ്രിയേലിനെ നോക്കി.
“ദിവ്യയാണ് ഋതു. ശാന്തിദേവ്…”
അദ്ദേഹം രാഹുലിനെ ഒരു നിമിഷം നോക്കി.
“….നിങ്ങളാണ്…മിസ്റ്റര്‍ രാഹുല്‍ നാരായണന്‍ ആ ശാന്തിദേവ്…!”
“ഫാദര്‍..!”
ഫാദര്‍ ഗബ്രിയേലിന്റെ കണ്ണുകളില്‍ നിന്ന്‍ രാഹുല്‍ നോട്ടം മാറ്റിയില്ല.
അല്‍പ്പം കഴിഞ്ഞ് ഫാദര്‍ ഗബ്രിയേല്‍ പോയി.
സംഘര്‍ഷഭരിതമായ ചിന്തകളോടെ രാഹുല്‍ കസേരയില്‍ തന്നെയിരുന്നു.
വിയന്നയിലും പ്രാഗിലും സ്റ്റോക്ക്ഹോമിലും ചിക്കാഗോയിലും നോയിഡയിലും ബാംഗ്ളൂരിലും തന്‍റെ വാക്കുകള്‍ക്ക് കാത്തിരുന്ന പതിനായിരങ്ങളെ അയാള്‍ ഓര്‍ത്തു.
പിന്നെ ചില പ്രത്യേക മുഖങ്ങള്‍ കടന്നുവന്നു.
മാളവിക ഗുപ്ത, നിഷാ ഖന്ന, ജൂലിയാ മൂര്‍, സ്മിതാ ബാനര്‍ജി…
പിന്നെ?
അയാള്‍ ഏഞ്ചല്‍ രാജകുമാരിയെ ഓര്‍ത്തു.
പെട്ടെന്ന് ഏഞ്ചല്‍ രാജകുമാരിയുടെ മുഖത്തിന്‍റെ സ്ഥാനത്ത് ദിവ്യയുടെ മുഖം കടന്നുവന്നു.

Leave a Reply

Your email address will not be published. Required fields are marked *