അയാള്‍ക്ക് പൂര്‍ണ്ണ ഏകാഗ്രത ആവശ്യമാണ് എന്നറിയാവുന്നതുകൊണ്ട് ആ സമയത്ത് അവള്‍ അവിടെ പോകുമായിരുന്നില്ല.
അവള്‍ പതിവ് പോലെ അയാളുടെ മുറി അടിച്ചുവൃത്തിയാക്കുവാന്‍ തുടങ്ങി.
രാഹുല്‍ അവളെ പലതവണ വിലക്കിയിട്ടുള്ളതാണ്.
അവള്‍ പക്ഷെ അതൊന്നും കൂട്ടാക്കിയില്ല.
അതുകൊണ്ടു തന്നെ അവള്‍ വരുന്നതിനു മുമ്പുതന്നെ മുറികളെല്ലാം അയാള്‍ വൃത്തിയാക്കിവെക്കുമായിരുന്നു.
അന്ന്‍ രാഹുലിന്‍റെ ഓഫീസ് മുറിയില്‍ മേശപ്പുറത്ത് പുസ്തകങ്ങള്‍ ചിതറിക്കിടന്നിരുന്നു.
നിലത്ത് കടലാസ് കഷണങ്ങള്‍ അവള്‍ കണ്ടു.
അവള്‍ ഉടനേ ചൂലെടുത്ത് അതൊക്കെ അടിച്ചുവാരി ഡസ്റ്റ് ബിന്നിലിട്ടു പുറത്ത് കൊണ്ടുപോയി കളഞ്ഞു.
തിരികെ മുറിയിലെത്തി മേശപ്പുറത്തെ പുസ്തകങ്ങള്‍ അടുക്കിവെയ്ക്കാന്‍ തുടങ്ങി.
ഒരു വേള പുസ്തകങ്ങള്‍ ഷെല്‍ഫില്‍ ക്രമമായി അടുക്കിവെക്കുന്നതിനിടയില്‍ അവളുടെ കൈയില്‍ നിന്ന്‍ അയാളുടെ ഒരു ഡയറി താഴേക്ക് വീണു.
പേജുകള്‍ തുറന്ന്‍ നിലത്ത് വീണ ആ ഡയറിയില്‍ നിന്ന്‍ ഒരു കളര്‍ ഫോട്ടോഗ്രാഫ് പുറത്തേക്ക് വീണു.
അത് അവള്‍ എടുത്തു.
അതിലേക്ക് നോക്കിയ ദിവ്യ വിസ്മയഭരിതയായി.
വിസ്മയം ഓരോ നിമിഷവും പെരുകിനിറയുന്നത് അവള്‍ അറിഞ്ഞു.
അവള്‍ ആ ഫോട്ടോയിലെ ആളുകളുടെ മുഖങ്ങളിലേക്ക് സ്വയം മറന്ന് നോക്കിയിരുന്നു.
കാണക്കാണെ അവളുടെ വിസ്മയം അത്യാഹ്ലാദമായി രൂപാന്തരപ്പെട്ടു.
***********************************************
നദീ തീരത്ത് അപരാഹ്നത്തിന്‍റെ നിറവ്.
ദൂരെ മലനിരകളിലും നദിയുടെ തീരങ്ങളെ പുതഞ്ഞുകിടക്കുന്ന പൂക്കളിലും പക്ഷികളിലും ചിത്രശലഭങ്ങളുടെയും തുമ്പികളുടെയും ചലനങ്ങളിലും വസന്തത്തിന്‍റെ യൌവ്വന ചാരുത.
പുഴയുടെ സംഗീതത്തിലും ഒരു വസന്തഭംഗി.
രാഹുല്‍ നദീ തീരത്തുകൂടി നടക്കുകയായിരുന്നു.
കറുത്തിരുണ്ട പാറക്കൂട്ടങ്ങള്‍ നിറഞ്ഞ പുഴയുടെ ഒരു പ്രത്യേകഭാഗത്ത് അയാള്‍ മിക്ക സായാഹ്നങ്ങളിലും വരാറുണ്ടായിരുന്നു.
മന്ത്രശുദ്ധമായ ആ വിജനതയില്‍ ധ്യാനിച്ചിരിക്കുക അയാളുടെ പതിവായിരുന്നു.
പുഴയുടെ വിശാലമായ സ്ഫടികപ്പരപ്പിന്‍റെ ഇരു വശങ്ങളിലും നിറയെ ദേവദാരുക്കള്‍ വളര്‍ന്നിരുന്നു.
പലരും മുമ്പ് അവിടെ ഒത്തുകൂടുമായിരുന്നു.
എന്നാല്‍ രാഹുലിന്‍റെ വരവോടെ അവര്‍ അവിടെ വരുന്നത് നിര്‍ത്തി.
അയാളുടെ സിദ്ധിയെപ്പറ്റി കേട്ടറിഞ്ഞ നാട്ടുകാര്‍ ആരും തന്നെ അയാളുടെ ഏകാന്തതയെ ശല്യപ്പെടുത്തിയില്ല.
ഋതുപര്‍ണ്ണയുടെയും ശാന്തിദേവിന്‍റെയും ഐതിഹ്യമറിയാവുന്നവര്‍ അയാള്‍ ദിവ്യയുമായി ഒരുമിക്കുന്ന നാളിന് വേണ്ടി കാത്തിരുന്നു.
തീരത്ത് പുഴയ്ക്ക് അഭിമുഖമായി ഒരു പാറയുടെ ചുവട്ടില്‍ രാഹുല്‍ ഇരുന്നു.
കണ്ണുകളടച്ചു.
“ഓം ഭൂര്‍ ഭുവസ്വഹ
സത്വവിതുര്‍വരേണ്യം….”
ഗായത്രിമന്ത്രത്തിന്‍റെ പവിത്ര നാദം അന്തരീക്ഷത്തില്‍ നിറഞ്ഞു.
കണ്ണുകളടച്ച് അതിഗാഡമായ തപസ്സിന്‍റെ അനുഭൂതിയിലേക്ക് അയാള്‍ മടങ്ങി.
അതിന്‍റെ തീവ്രതയുടെ മുമ്പില്‍ സ്ഥലകാലങ്ങളെല്ലാം പിന്‍വാങ്ങി.
പെട്ടെന്ന് ഗായത്രിമന്ത്രത്തിന് മേല്‍ മറ്റൊരു സംഗീതം കടന്നുവരുന്നത് അയാള്‍ അറിഞ്ഞു.
ഒരു സ്ത്രീസ്വരം!
ആ സംഗീതത്തില്‍ കാമമോഹിതമായ ഒരു ലയവും ഭാവവും രാഹുല്‍ അറിഞ്ഞു.
കോബ്രാഹില്‍സിലെ നിധി 17 [Smitha]
Posted by