അവര്‍ പറഞ്ഞു.
“ആ അസുഖം ഞാന്‍ നല്ല ചുട്ട അടി തന്ന് മാറ്റിക്കോളാം. പക്ഷെ നിന്‍റെ റോമാന്സിന് ഈ ഉണ്ണാവ്രതവുമായി എന്ത് ബന്ധം?”
ദിവ്യയുടെ മുഖത്ത് മനോഹരമായ ലജ്ജ നിറഞ്ഞു.
“ആ രാജകുമാരനെ കിട്ടാന്‍ വേണ്ടിയാ മമ്മീ ഈ വ്രതം,”
“ഇവളെക്കൊണ്ട് ഞാന്‍ തോറ്റു!”ഗായത്രി ദേവി പറഞ്ഞു.
“ഇഷ്ടം അറിയുന്നത് കണ്ടും കേട്ടുമല്ലേ? ഇഷ്ടം അറിയിക്കുന്നതും? അല്ലാതെ വ്രതമെടുത്ത് രാജകുമാരനെ നേടാന്‍ ആയാളെന്താ കണ്ണുപൊട്ടനാ? ചെവികേള്‍ക്കാന്‍ പാടില്ലാത്തയാളാ?”
ദിവ്യ ലജ്ജയും മന്ദഹാസവും തുടര്‍ന്നു.
സ്വപ്നം പൂക്കുന്ന താഴ്വാത്ത് വിരിഞ്ഞ വസന്തപുഷ്പ്പം പോലെ അവളുടെ സൌന്ദര്യം അഭൌമമായി അപ്പോള്‍.
“ഈ രാജകുമാരനെ നേടാന്‍ ഇന്ദ്രിയങ്ങളുടെ സഹായം മാത്രം പോരാ മമ്മി. അതിന്ദീയ മാര്‍ഗ്ഗങ്ങള്‍ വേണം. കാരണം മമ്മീടെ മോള്‍ടെ പുരുഷന്‍ ഇന്ദ്രിയ നിഗ്രഹം നടത്തിക്കഴിഞ്ഞവനാണ്. ഇന്ദ്രിയ സുഖങ്ങള്‍ പരിത്യജിച്ചവനാണ്,”
“നിര്‍ത്തണ്ട. തുടര്‍ന്നോളൂ. നിന്‍റെ ഭ്രാന്ത് കേള്‍ക്കാന്‍ നല്ല രസമുണ്ട്,”
ദിവ്യ അവരുടെ കൈകള്‍ ചേര്‍ത്തുപിടിച്ചു.
“പിന്നെ സാവധാനം ശാന്തമായിപ്പറഞ്ഞു.
“ങ്ങ്ഹാ മമ്മി…മമ്മീടെ മോള്‍ക്ക് ഭ്രാന്താണ്. പ്രേമത്തിന്‍റെ ഭ്രാന്ത്! ദ ഡിവൈന്‍ മാഡ്നെസ് ഓഫ് ലവ്!”
“നോണ്‍ സെന്‍സ്!”
അവര്‍ ചിരിച്ചു.
“അട്ടര്‍ നോണ്‍സെന്‍സ്! ആരാ തപസ്സിലൂടെയും വ്രതതിലൂടെയുമൊക്കെ സ്വന്തമാക്കാന്‍ നീ ആഗ്രഹിക്കുന്ന ആ മഹാ…..”
പെട്ടെന്ന്‍ പ്രേതബാധയേറ്റതു പോലെ അവര്‍ നിര്‍ത്തി.
അവര്‍ സംഭ്രമത്തോടെ ദിവ്യയെ നോക്കി.
പിന്നെ ഒരു നിമിഷത്തിനു ശേഷം അവര്‍ ഗാഡമായ ചിന്തയിലാണ്ടു.
അവരുടെ ഭാവപ്രകടനങ്ങള്‍ പുഞ്ചിരിയോടെ നോക്കിയിരിക്കയായിരുന്നു ദിവ്യ.
“ദ സെയിം മാന്‍ യൂ ആര്‍ തിങ്കിംഗ് എബൌട്ട് നൌ,”
അവള്‍ പവിഴത്തിളക്കമുള്ള സ്വരത്തില്‍ പറഞ്ഞു.
അവര്‍ ഭയത്തോടെ ദിവ്യയെ നോക്കി.
“ഗുരുജി രാഹുല്‍ നാരായണന്‍?”
ഗായത്രിദേവിയുടെ അമ്പരപ്പ് നിറഞ്ഞ ചോദ്യം അവള്‍ കേട്ടു.
അവള്‍ “അതെ” എന്ന അര്‍ത്ഥത്തില്‍ കണ്ണുകള്‍ പതിയെ അടച്ചു കാണിച്ചു.
ദിവ്യക്ക് അവരുടെ ഭാവം വിവേചിക്കാനായില്ല.
അത് പരിഭ്രമമോ അദ്ഭുതമോ നിഷേധമോ അസന്തുഷ്ടിയോ അല്ല എന്ന്‍ അവള്‍ കണ്ടു.
എന്നാല്‍ അവര്‍ ഗാഡമായ ചിന്തയിലാണ് എന്ന്‍ അവള്‍ക്ക് മനസ്സിലായി.
അവര്‍ ബെഞ്ചില്‍ നിന്നും എഴുന്നേറ്റു.
പതിയെ ലോണിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു.
ദിവ്യയും എഴുന്നേറ്റു.
“ഇത് നടക്കുന്ന കാര്യമല്ല എന്ന്‍ എനിക്കറിയാം മമ്മീ.”
അവള്‍ അവരുടെ കൈയ്യില്‍ പിടിച്ചു.
“അദ്ദേഹം നമ്മുടെ തരക്കാരനല്ല. പവിത്രമായ കര്‍മ്മത്തിന് നമ്മള്‍ ക്ഷണിച്ചുവരുത്തിക്കൊണ്ടുവന്നതാണ് അദ്ധേഹത്തെ. അസാധാരണ ദിവ്യത്വമുള്ള ഒരു ഋഷിശ്വരനാണ് അദ്ദേഹം. പക്ഷെ മമ്മീ എനിക്ക് നിയന്ത്രിക്കാനായില്ല. മനസ്സ് പൂര്‍ണ്ണമായും കൈവിട്ടുപോയി,”
ലോണിന്‍റെ അതിരിലെ അശോകമരങ്ങളില്‍ കാറ്റുണര്‍ന്നു.
അവളുടെ മിഴികള്‍ നനയുന്നത് അവര്‍ കണ്ടു.
“എനിക്ക് അദ്ധേഹത്തെ കിട്ടണം മമ്മീ,”
“എന്‍റെ മോളേ, നീ…!”
അവര്‍ അവള്‍ക്കഭിമുഖമായി നിന്നു.
അവളുടെ തോളില്‍ പിടിച്ചു.
“എത്ര നാളായി കാത്തിരിക്കുന്നു, മമ്മീ ഞാന്‍? എത്ര ജന്മങ്ങള്‍?”
അവര്‍ അവളുടെ തേങ്ങലിന്റെ ശബ്ദം കേട്ടു.
ഗായത്രിദേവി മകളെ അലിവോടെ നോക്കി.
“മോളെ അതൊക്കെ യാദൃശ്ചികമായി…”
“നോ മമ്മീ,”
അവള്‍ കണ്ണുനീരിനിടയില്‍ പറഞ്ഞു.
പിന്നെ അവള്‍ രാഹുലിന്‍റെയൊപ്പം കോബ്രാഹില്‍സിലേക്ക് പോയപ്പോഴുണ്ടായ സംഭവങ്ങള്‍ ഓരോന്നും ഗായത്രി ദേവിയെ പറഞ്ഞു കേള്‍പ്പിച്ചു.
എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ അവരുടെ മുഖം വിസ്മയം കൊണ്ട് വിടര്‍ന്നു.
“വെള്ളച്ചാട്ടത്തിന്‍റെയടുത്ത് അദ്ധേഹത്തിന്‍റെ കാലില്‍ വിഷമുള്ളു തറച്ചത് യാദൃശ്ചികമാണോ?”
കോബ്രാഹില്‍സിലെ നിധി 17 [Smitha]
Posted by