പിന്നെ ഞാന്‍ നേരെ കാന്റീനില്‍ ചെന്നു. അത് അപ്പോഴും പുറത്തു നിന്നും പൂട്ടിയിരിക്കുകയായിരുന്നു. കാന്റീന് തുറക്കാതെ ജോസ് രാവിലെ തന്നെ വാഗ മരങ്ങള്‍ക്കിടയിലേക്ക് പോയതെന്തിനാണ്? ഒരു പക്ഷെ കൊലയാളി ഓടിച്ചു കൊണ്ട് പോയതാകുമോ?
എന്തായാലും ഞങ്ങള്‍ കാന്റീന് ചവിട്ടിപ്പൊളിച്ചു അകത്തു കയറി. പ്രത്യേകിച്ചു ഒന്നും ഇല്ല. തകര്‍ന്ന ഓടുകള്‍ക്കിടയില്‍ കൂടി വെള്ളം കാന്റീനുള്ളില്‍ ആകെ നിറഞ്ഞിരുന്നു. ജോസ് അന്നേ ദിവസം കാന്റീന് തുറന്ന ലക്ഷണം ഇല്ല. അപ്പോള്‍ ?
കാര്യങ്ങള്‍ ആകെ കുഴഞ്ഞു മറിയുകയായിരുന്നു. അന്നേ ദിവസം കോളേജില്‍ വന്നവരെ ചോദ്യം ചെയ്യുക എന്നതായിരുന്നു ആകെയുള്ള പോംവഴി. എന്നാല്‍ അതും ദുഷ്കരം ആയിരുന്നു. ഒന്നാമത് നേരെ ചൊവ്വേയുള്ള ദിവസങ്ങളില്‍ പോലും ഹാജര്‍ എടുക്കുന്ന പതിവില്ല. അപ്പോള്‍ പിന്നെ ആ പെരു മഴയത്ത് അതും വെള്ളിയാഴ്ച തേര്‍ഡ് ഇയര്‍ സ്ടുടെന്റ്സ് മാത്രം വരുന്ന ആ ദിവസം, അതി രാവിലെ ആരൊക്കെ വന്നിരുന്നു എന്ന് എങ്ങനെ കണ്ടെത്താനാണ്?
പക്ഷേ എന്റെ മനസ്സ് മന്ത്രിച്ചു, കൊലയാളി ഈ കാമ്പസിനുള്ളില്‍ തന്നെ ഉള്ള ഒരാളാണ്. അല്ലെങ്കില്‍ ഒന്നിലേറെ പേര്. താന്‍ ഒരിക്കലും പിടിക്കപ്പെടില്ല എന്നാ വിശ്വാസത്തില്‍ ഈ പ്രക്ഷോഭക്കാര്‍ക്കിടയിലെവിടെയോ നിന്ന് അയാള്‍, അല്ലെങ്കില്‍ അവര്‍ എന്നെ നോക്കുന്നുണ്ട്.
പിന്നെ കോളേജില്‍ അന്ന് കൂടിയിരുന്നവരുടെ എല്ലാം മൊഴിയെടുത്തു. മിക്കവാറും പേരും ആ ദിവസം വന്നിട്ടില്ല. വീട് വിട്ടു പുറത്തിറങ്ങാന്‍ വയ്യാതിരുന്ന രീതിയിലല്ലേ മഴ പെയ്തിരുന്നത്. അത് ശരിയായിരുന്നു. അന്നേ ദിവസം താന്‍ ഉള്‍പ്പെടെ പലരും ഡ്യൂട്ടിക്കു പോലും പോയിരുന്നില്ല.
ഇവരില്‍ നിന്നും മറഞ്ഞിരിക്കുന്ന കൊലയാളിയെ കണ്ടെത്തുക ദുഷ്കരം. ആകെയുള്ള പോംവഴി ചോദ്യം ചെയ്യല്‍ മാത്രവും. പക്ഷെ വിദ്യാര്‍ഥികളെ ആരെയും സംശയത്തിന്റെ പേരില്‍ പോലീസ് മുറയില്‍ ചോദ്യം ചെയ്യാന്‍ ആകില്ലലോ.
സ്ടാഫ്ഫുകളെയും അധ്യാപകരെയും ചോദ്യം ചെയ്തിട്ടും കാര്യം ഒന്നും ഉണ്ടായില്ല. അന്നേ ദിവസം ആരും കോളേജില്‍ വന്നിട്ടില്ല. ഒരു പക്ഷെ അവരില്‍ ആരെങ്കിലും കള്ളം പറയുകയാണോ എന്നെനിക്കു തോന്നി.
ദിവസങ്ങള്‍ രണ്ടു കഴിഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ജോസ് കൊല്ലപ്പെട്ടത് കഴുത്തിനേറ്റ മുറിവില്‍ നിന്നും രക്തം വാര്‍ന്നാണ്. വടി വാള് പോലെയുള്ള ഏതോ മാരകായുധം ഉപയോഗിച്ചാണ് വെട്ടിയിരിക്കുന്നത്.