സാമ്രാജ്യങ്ങൾ കപ്പംകൊടുത്ത് വിധേയപ്പെട്ട,
വളഞ്ഞു പുളഞ്ഞൊഴുകി…., തഴുകി… കടന്നു പോകുന്ന വഴികളിലെല്ലാം,
പുതുനാഗരികതകൾക്ക് ജൻമം നൽകുന്ന,
സംസ്കാര സമ്പത്തിന്റെ കളിതൊട്ടിലായ തുരുത്തുകൾ നിരയായി വിലസുന്ന,
നൈൽ നദി കൊണ്ട്, അരപ്പട്ട കെട്ടി ചമയിച്ച, മിസ്രിന്റെ (ഇന്നത്തെ ഈജിപ്ത് ) സ്വന്തം യുവകോമളനും ധീര വീരശൂര പരാക്രമിയുമായ യുവ സുൽത്താൻ, “ഹാറൂൺ അൽ റഷീദാണ്”
ബുദൂർ എന്ന നക്ഷത്ര സൗന്ദര്യത്തെ പരിണയിക്കാൻ പോകുന്നത്…
നിഷാ പൂരിലേക്ക് ഇരട്ട വെള്ള അറബിക്കുതിരകളെപ്പൂട്ടിയ രഥത്തിലേറി വന്ന ഹാറൂൺ അൽ റഷീദും പരിവാരങ്ങളും താൽക്കാലികമായി തീർത്ത വിശ്രമ സങ്കേതങ്ങളിൽ ഉല്ലസിച്ചു കൊണ്ടിരിക്കുന്നു.
ഇന്നത്തെ ഒരു രാത്രി വെളുത്താൽ പിന്നീടുള്ള രാത്രികളിലെല്ലാം ബുദൂർ എന്ന വെണ്ണിലാവ് തന്റെ നെഞ്ചിലാവുമല്ലോ കാമലാളനങ്ങളും താഡനങ്ങളും ഏറ്റു വാങ്ങി മയങ്ങുക, എന്ന ചിന്ത ഹാറൂൺ റഷീദിനെ ഹർഷപുളകിതനാക്കുന്നുണ്ട്…
സമയം ഇഴഞ്ഞാണോ നീങ്ങുന്നത് എന്ന് തോന്നിയ ഹാറൂൺ കൈയ്യിലെ ചഷകത്തിൽ നിന്ന് ഒരിറക്ക് വീഞ്ഞ് കുടിച്ച് തന്റെ മുന്നിലെ മണൽ ഘടികാരം ഒരു ചെറു അമർഷത്തോടെ ഒന്ന് രണ്ട് തിരി തിരിച്ച് തന്റെ അക്ഷമ പ്രകടിപ്പിക്കുന്നുണ്ടായിരുന്നു…
അപ്പോൾ പടിഞ്ഞാറൻ ചക്രവാളത്തിലെ മേഘത്തിൽ അന്തി ചോപ്പ് മാഞ്ഞ് തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ….
ഹിർക്കലിന്റെ
കൊട്ടാരത്തിലാകെ,
കല്യാണരാവിന്റെ ആഘോഷങ്ങളും ഉൽസവത്തിമർപ്പുമാണ്.
ബുദൂർ… തോഴിമാർക്ക് മധ്യേ അവരുടെ ദ്വയാർത്ഥ തമാശകളിൽ വെറുതെ പുഞ്ചിരിച്ച് മനസ്സിന്റെ കോണിലെവിടെയോ ഒളിപ്പിച്ച ,…..തന്റെ സ്വപ്നമായി മാത്രം അവശേഷിച്ച , ആഗ്രഹത്തിന്റെ ഓർമകൾ താലോലിക്കുകയായിരുന്നു.
ഹാറൂൺ വീരശൂര പരാക്രമിയായിരിക്കാം സുന്ദരനായിരിക്കാം….
അയാളുടെ റാണിയാവുന്നത് ഏതൊരു മനുഷ്യ സ്ത്രീക്കും കിട്ടാവുന്നതിന്റെ പരമാവധി ഭാഗ്യം തന്നെ…
പക്ഷേ, തന്റെ മനസ്സും ശരീരവും ആഗ്രഹിച്ചത് നിഷിദ്ധമായ ഒരു സംഗതി ആയതു കൊണ്ടും, രാജകുടുംബത്തിന്റെ ഔന്നത്യം നിലനിർത്താൻ താനും ബാധകയല്ലേ എന്ന ഉത്തമ ബോധ്യവുമാണ് ഈ വിവാഹത്തിന് സമ്മതിക്കാൻ തന്നെ പ്രേരിപ്പിച്ചത്.
ഹിർക്കലിന്റെ പുത്രൻ
ഹുമയൂൺ ഗാസിക്ക് അഞ്ച് വയസ്സുള്ളപ്പോഴാണ് ബുദൂറിനെ, ഹിർക്കലിന്റെ രണ്ടാം പത്നിയായ ഇഷ്താര പ്രസവിക്കുന്നത്.
ഹിർക്കലിന്റെ ആദ്യ പത്നിയും റാണിയുമായിരുന്ന ശേബാ ബിദൂയിൻ തന്നെയാണ് ചക്രവർത്തിയെ കൊണ്ട് ഇഷ്താരയെ കല്യാണം കഴിപ്പിച്ചത്.
ഒരു വലിയ സംഘം സൈന്യത്തെ റാസ ബഘേരിയുടെ നേതൃത്വത്തിൽ
കാബൂൾ പിടിച്ചെടുക്കാൻ അയച്ച സമയമായിരുന്നു അത്.