ഇക്ക പെട്ടന്ന് പറഞ്ഞു.
അതു പറയുമ്പോൾ ഇക്കാക് ഉണ്ടായിരുന്ന വെപ്രാളം എനിക്ക് കൂടുതൽ സംശയം ഉണ്ടാക്കി.
“എന്തിനാ വിളിച്ചത്?”
ഞാൻ ചോദിച്ചു.
“ചുമ്മാ വിളിച്ചതാ. അവൾ ചിലപ്പോൾ രണ്ടു ദിവസം കഴിഞ്ഞ് വീട്ടിലേക്ക് വരുമെന്ന്… അതു പറയാൻ വിളിച്ചതാ”
ഇക്ക ആ പറഞ്ഞത് പച്ചക്കള്ളമാണെന്ന് എനിക്ക് മനസ്സിലായി.
കാരണം സലീനത്ത വീട്ടിലേക്ക് വരുമ്പോൾ ഒരിക്കലും ഇക്കായെ വിളിച്ചു പറയാറില്ല.
ഉമ്മയെ ആണ് എപ്പോഴും വിളിച്ച് സംസാരിക്കുന്നത്.
അഥവാ വരുന്നെങ്കിൽ ഉമ്മയോട് അല്ലാതെ വേറെ ആരോടും വരുന്ന കാര്യം പറയാറില്ല.
എന്നോട് പോലും പറയില്ല.
ഇത്ത വന്നു കയറുമ്പോഴാണ് നമ്മൾ അറിയുന്നത്പോലും.
ഞാൻ പിന്നെ ഇക്കയോട് ഒന്നും മിണ്ടിയില്ല.
എന്റെ തലവേദനയുടെ കാര്യം ഇക്ക ചോദിക്കാത്തത് എനിക്ക് അത്ഭുതമായി.
തിരിച്ചുവരുമ്പോൾ ഹോസ്പിറ്റലിൽ പോകാം എന്നൊക്കെയാണ് അങ്ങോട്ട് പോയപ്പോൾ പറഞ്ഞത്.
പക്ഷേ ഹോസ്പിറ്റലിന്റെ കാര്യം പോയിട്ട് തലവേദന കുറവുണ്ടോ എന്ന് പോലും ഇക്ക ചോദികുന്നില്ല.
എന്തോ അവിടെ കാര്യമായി സംഭവിച്ചു എനിക്ക് മനസ്സിലായി. അതെന്തായിരിക്കും? ആലോചിച്ചിട്ട് ഒരു പിടുത്തവും കിട്ടുന്നില്ല.
ഞാൻ മൊബൈൽ എടുത്ത് വാട്സാപ്പിൽ കയറി നോക്കി.
അതിൽ സലീനത്ത ഒരു മെസ്സേജ് അയച്ചിരിക്കുന്നു.
ഞാൻ ചാറ്റ് ഓപ്പൺ ചെയ്ത് മെസ്സേജ് നോക്കി.
“ടീ.. ഷംനാ കാൾ മീ അർജൻറ്ലീ”
മെസ്സേജ് വായിച്ചത്തോടെ കാര്യം എന്തോ സീരിയസ് ആണെന്ന് ഞാൻ ഉറപ്പിച്ചു.
സലീനത്ത മെസ്സേജ് അയച്ച കാര്യം ഇക്കയോട് പറയണോ എന്ന് ഞാൻ ആലോചിച്ചു.
പറഞ്ഞാൽ ചിലപ്പോൾ ഇക്ക അതും എന്തെകിലും നുണ പറഞ്ഞത് വിഷയം മാറ്റും.
വേണ്ട പറയണ്ട.
ഏതായാലും വീടെത്തിയിട്ട് സലീനാത്തയെ ഒന്ന് വിളിക്കാം.
ഇനി ആഷിയോ സിനിയോ എന്റെ കാര്യം സലീനത്തയോട് പറഞ്ഞു കാണുമോ?