“അത് അയാൾ ലേലം പിടിച്ച സ്ഥലങ്ങളാ മാഡം ഇവിടെയൊക്കെ, മരം ഒക്കെയൊന്ന് നോക്കാൻ വന്നതാവും, ഇവിടെയൊക്കെ കാട്ടു മൃഗങ്ങൾ ഒക്കെയുള്ളതാ മാഡം ആ വഴിക്ക് ഒന്ന് അന്വേഷിച്ചു നോക്ക്” പിള്ള വീണ്ടും ഒഴിഞ്ഞു.”ശരി അങ്ങനെ തന്നെയാവട്ടെ, പക്ഷെ ഞാൻ ഈ കെട്ടിടത്തിലെ മുറികൾ ഒക്കെയൊന്ന് നോക്കുന്നതിൽ വിരോധമുണ്ടോ?” ഐശ്വര്യ കസേരയിൽ നിന്നെഴുന്നേറ്റു.
“ഒരു വിരോധവുമില്ല, ഞാൻ ഇതാ വരുന്നു” നാരായണ പിള്ള കഴിച്ചു കൊണ്ടിരുന്ന പൊതിച്ചോറിന്റെ പൊതി മടക്കിയെടുത്തു കൊണ്ട് പുറകിലത്തെ മുറിയിലേക്ക് പോയി. അവിടെ കൈ കഴുകുന്ന ശബ്ദം കേട്ടു. ഐശ്വര്യ അക്ഷമയോടെ കാത്ത് നിന്നു. പെട്ടെന്ന് പുറത്ത് ഒരു വാഹനം സ്റ്റാർട്ട് ആകുന്ന ശബ്ദം കേട്ടു. ഐശ്വര്യ ജനലിലൂടെ നോക്കിയപ്പോൾ നാരായണ പിള്ളയും ചന്ദ്രൻ പിള്ളയും ജീപ്പിൽ കയറി പാഞ്ഞു പോകുന്നതാണ് കണ്ടത്. അവൾ പുറത്തേക്ക് പാഞ്ഞു,
കതക് തുറഞ്ഞതും പുറത്തു നിന്ന് വന്ന ശക്തമായ ഒരു തള്ളേറ്റ് അകത്തേക്ക് തന്നെ തെറിച്ചു. ഐശ്വര്യ നേരെ നോക്കി, കത്തി സോമൻ പുറത്ത് നിന്ന് ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി, അയാൾ കതകടച്ചു കുറ്റിയിട്ടു. അവൾ പുറകോട്ട് മാറി, എന്തിലോ ഇടിച്ചു നിന്നു, ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ വാസു.”മുതലാളി ഇപ്പൊ വരും മാഡം ഇവിടെ ഇരിക്ക്” വാസു കസേര ചൂണ്ടിക്കാണിച്ചു.
“വഴീന്ന് മാറെടാ” ഐശ്വര്യ, സോമനോട് പറഞ്ഞു, അയാൾ അരയിൽ നിന്നൊരു കത്തിയെടുത്തു വെറുതെ തല ചൊറിഞ്ഞു കൊണ്ട് നിന്നു.”മാഡം ഇരിക്കെന്നെ മുതലാളി ഇപ്പോ വരും, എന്നിട്ട് പോകാം” വാസു വീണ്ടും പറഞ്ഞു. അയാൾ അവളെ ചൂഴ്ന്ന് നോക്കി, എന്റെ കൺട്രോൾ പോകുന്നതിന് മുൻപ് മുതലാളി വന്നാൽ ഇവൾക്ക് കൊള്ളാം എന്നയാൾ മനസ്സിൽ വിചാരിച്ചു. മുറ്റത്തൊരു വാഹനം വന്നു നിൽക്കുന്ന ശബ്ദം കേട്ടു, സോമൻ ജനലിലൂടെ നോക്കി നാരായണ പിള്ളയുടെ ജീപ്പ് അല്ല.