“…നീ എന്താ നോക്കി ഇരിക്കണേ..കഴിക്ക്..”എന്നെ നോക്കി ജാനിയമ്മ പറഞ്ഞു
ഞാൻ കഴിക്കാൻ തുടങ്ങി പക്ഷെ കഴിക്കുന്നത് തൊണ്ടക്ക് താഴേക്ക് ഇറങ്ങാൻ അല്പം പ്രയാസം പോലെ തോന്നി
“…അഭിമോനെ…പ്രായം പത്തിരുപതുണ്ടെങ്കിലും നിങ്ങൾ കുട്ടികളാണ്…ഒരു ജീവിതമൊക്കെ നിങ്ങൾക്കിപ്പോഴും കളികളും ചിരികളും മാത്രമാണ്..ജീവിതം സത്യത്തിൽ തുടങ്ങിയിട്ടില്ല..രണ്ടുപേരും സ്വന്തം കാലിൽ നിൽക്കാൻ പോലും പഠിച്ചിട്ടില്ല.. ജീവിത പരിചയം കുറവാണ് എന്ന കാര്യം നിങ്ങൾക്ക് തന്നെ അറിവില്ല…ഈ കളിയും ചിരിയുമൊക്കെ മാത്രമാവില്ല മുന്നോട്ടുള്ള ജീവിതം..അതൊക്കെ ഫേസ് ചെയ്യാറായിട്ടില്ല നിങ്ങൾ……”അത് പറഞ്ഞ് ജാനിയമ്മ ഒരു നെടുവീർപ്പിട്ടു..
“…ജാനിയമ്മേ…ഞാ..ഞാൻ അതിനെക്കുറിച്ചൊന്നും ചിന്തിച്ചിട്ടില്ല…ശ്രീയെ എനിക്കിഷ്ടമാണ് ഒരുപാട്….”അത്രയും പറഞ്ഞപ്പോഴേക്ക് തന്നെ എന്‍റെ നെഞ്ചിലൊരു വലിയ കല്ല് കയറിയ പോലെയായിരുന്നു
“…അറിയാം മോനെ നിനക്ക് ഏറ്റോം പ്രിയപ്പെട്ടവളാണ് അവളെന്ന്…ഇതിന്‍റെ പേരിൽ നീ വിഷമിക്കുവോന്നും വേണ്ട ഞാൻ ഇതൊന്നുമാരോടും പറയാൻ പോണില്ല..പ്രേമത്തിനൊന്നും ഞാനെതിരല്ല ഒന്നുമില്ലെങ്കിലും ഞാനും ഏട്ടനും പ്രേമിച്ച് തന്നെയല്ലേ കെട്ടിയതും ദ ഇവിടെ വരെ എത്തിയതും………. ശ്രീമോൾക്ക് അത്ര പ്രായമുണ്ടെന്നെ ഉള്ളു പലപ്പോഴും കൊച്ചുകുട്ടികളെപോലെയാ അവൾ…ഒരു പൊട്ടിപെണ്ണ്…
.” ജാനിയമ്മ അവരുടെ വിഷമം എന്നോടയി പറഞ്ഞു
പക്ഷെ യഥാർഥ ശ്രീയെ ഇന്നുവരെ ഞാനൊഴികെ മറ്റാരും കണ്ടിട്ടില്ല..ധൈര്യവും തന്‍റെടവും , എന്നെക്കാൾ എന്തിനും തീരുമാനങ്ങൾ എടുക്കാൻ കഴിവുള്ള പെണ്ണാണവൾ… വീട്ടിൽ കൊച്ചുകുട്ടിയാണ്..ഞങ്ങളുടെ കുറുമ്പിയായി കളിച്ച് ചിരിച്ച് എല്ലാവരുടെയും സ്നേഹം പിടിച്ചുപറ്റി നിൽക്കുന്ന കുട്ടിത്തം മാത്രം നിറഞ്ഞ ശ്രീ…പക്ഷെ അവളിങ്ങനെയൊന്നുമല്ലെന്ന് വിളിച്ചു പറയാൻ എന്നെക്കൊണ്ട് കഴിഞ്ഞില്ല…ജാനിയമ്മ പറയുന്നത് മാത്രം കേട്ട് ഞാൻ ആഹാരം കഴിച്ചു…
“…അവളെക്കാൾ നന്നായി കാര്യങ്ങൾ മനസ്സിലാക്കാൻ അഭിമോനാവുമെന്ന് തോന്നിയത്കൊണ്ടാ ഇപ്പൊ മോനോടിത് ഞാൻ പറഞ്ഞത്….ആദ്യം രണ്ടുപേരും ഒന്ന് സെറ്റിൽ ആവണം രണ്ടുപേരും സ്വയം കാര്യങ്ങൾ നോക്കാൻ പ്രാപ്തരാവണം..ഒരു ജോലിയൊക്കെ ആവുമ്പോ താനെ കാര്യപ്രാപ്തി ഉണ്ടാവും…..”
ജാനിയമ്മ ഒന്ന് നിർത്തി വീണ്ടും പറഞ്ഞു തുടങ്ങി.
“..മോനെ ഇന്നലെ ജാനിയമ്മ മോനോട് അല്പം ദേഷ്യത്തിലാണ് പെരുമാറിയത് എന്ന് ജാനിയമ്മക്ക് അറിയാം പക്ഷെ ഉള്ളിലെ ആദി കൊണ്ടാ അങ്ങനെ പറഞ്ഞു പോയത്…” ജാനിയമ്മ അത് പറഞ്ഞപ്പോ അതിന്‍റെ കാരണം മനസ്സിലാവാതെ ജാനിയമ്മയെ നോക്കി