അവൾ എന്റെ കാമുകി
Aval Ente Kaamuki | Author : Sulthan
രാവിലെതന്നെ നല്ല മഴയായിരുന്നു. ഞാൻ പിന്നെയും പുതപ്പിനുള്ളിൽ ചുരുണ്ടു കൂടി കിടന്നു.പക്ഷെ കോളേജിലെ ആദ്യ ദിവസമാണല്ലോ എന്നോർത്ത് എഴുന്നേറ്റു.
പ്രഭാത കൃത്യങ്ങൾ കഴിഞ്ഞു ഡ്രെസ്സ് മാറി കോളേജിലേക്ക് പോയി. രാവിലെ ഭക്ഷണം കഴിച്ചു ശീലമില്ല.
മതി ഞാൻ എന്തായാലും മിക്ക കഥകളിലും ഉള്ള സ്ഥിരം ക്ലിഷേയായിട്ടുള്ള കാര്യം പറയാം.ഞാൻ കാർത്തിക്. കണ്ണൻ വിളിക്കും.ഞാൻ ഡിഗ്രി ഒന്നാം വർഷ വിദ്യാർത്ഥിയാണ്.പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ അച്ഛനും അമ്മയും നഷ്ടപ്പെട്ടു.ഒറ്റമോനായ ഞാൻ ശരിക്കും ഒറ്റപ്പെട്ടു.അച്ഛനുണ്ടാക്കിയ കുറച്ചു സ്വത്തുക്കൾ ഉള്ളത് കൊണ്ട് ദിവസവും കഴിഞ്ഞു പോകുന്നു. ഇപ്പോൾ എല്ലാം നോക്കുന്നത് അച്ഛന്റെ വലം കൈയ്യായിരുന്ന രാമേട്ടനാണ്. അതേ പോലെ വീട്ടിൽ കുറച്ചു ജോലിക്കാരും.
പുതിയ കൂട്ടുക്കാരെ കിട്ടുമോ എന്നുള്ള പ്രതീക്ഷയിലാണ് കോളേജിലേക്ക് പോകുന്നത്.കാരണം, എന്റെ കൂട്ടുകാർക്ക് എന്നു എടുത്തു പറയാൻ ആരും ഉണ്ടായിരുന്നില്ല.പുതിയതായി വാങ്ങിയ ബൈക്കിൽ ഒന്ന് ഷോയിറക്കാം എന്നു കരുതി പോയ എനിക്ക് ഒരു എട്ടിന്റെ പണി കിട്ടി.കോളേജ് എത്തുന്നതിന് തൊട്ടു മുൻപ് വണ്ടിയിൽ എണ്ണ തീർന്നു.
പിന്നെ പറയാനുണ്ടോ വണ്ടി തള്ളി ഒതുക്കി നിർത്തിയിട്ട് കോളജിലേക്ക് നടന്നു.അല്ല അതെന്റെ തെറ്റാണ് രാവിൽ തിരക്ക് പിടിച്ച് വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ടാങ്ക് ഫുൾ ആണോ എന്നു നോക്കാൻ മറന്നു.കോളേജിനു മുൻപിൽ പുതിയ വിദ്യാർത്ഥികളെ വരവേൽക്കുന്നതിനു വേണ്ടി ബാനറുകൾ തോരണം പിന്നെ പലതരത്തിലുള്ള പൂക്കൾ എല്ലാം ഉണ്ടായിരുന്നു.കുറേ മരങ്ങളും പൂച്ചെടികളും ഒക്കെ ഉള്ള മനോഹരമായ ക്യാമ്പസ്.പിന്നെ സുന്ദരികളായ പെൺപിള്ളേരെയും വായിനോക്കി കുറച്ചു നേരം കളഞ്ഞു.ക്ലാസ്സ് അന്വേഷിച്ച് കണ്ടുപിടിച്ചു ക്ലാസ്സിൽ കയറി.
ഏറ്റവും പുറകു ബെഞ്ചിൽ രണ്ടുപേർ മാത്രം ഇരിക്കുന്നത് കണ്ടപ്പോൾ അങ്ങോട്ട് തന്നെ പോയി ഇരുന്നു. ഞങ്ങൾ പരസ്പരം പരിചയപെട്ടു.വിനോദും രഞ്ജിത്തും.അവരുടെ സംസാരത്തിൽ നിന്നും ഒരു കാര്യം വ്യക്തമായി അവർ രണ്ടുപേരും ഒരേ സ്കൂളിൽ നിന്നും വന്നവരാണ്.സംസാരത്തിനിടയിൽ രഞ്ജിത്ത് ഒരു കാര്യം പറഞ്ഞു അത് എനിക്ക് ഏറെക്കുറെ സത്യമായിട്ടാണ് തോന്നിയത്. ഇത്രയേ ഉള്ളു, സ്കൂളിലായാലും കോളേജിലായാലും ക്ലാസ്സിൽ കയറി ആദ്യം ആൺപിള്ളേർ ശ്രദ്ധിക്കുന്നത് കാണാൻ കൊള്ളാവുന്ന എത്ര പെൺപിള്ളേർ ഉണ്ട് എന്നാണ്. പെണ്പിള്ളേരുടെ കാര്യം നോക്കിയാലും വലിയ വെത്യാസം ഒന്നും ഇല്ല. ഇത് ഒരു ചടങ്ങ് പോലെ നടക്കും.