ഡോക്ടര്‍ അഞ്ജനയുടെ വാക്കുകള്‍ അശ്വതിയുടെ കാതുകളില്‍ തീഗോളങ്ങള്‍ പോലെ വീണു. അവള്‍ പെട്ടെന്ന് പുറത്തേക്ക് പാഞ്ഞു.
“അശ്വതി,”
ഡോക്ടര്‍ അഞ്ജനയും നന്ദകുമാറും അവളെ മാറി മാറി വിളിച്ചു.
അശ്വതി അത് കേള്‍ക്കാതെ അതിവേഗം ഗെയ്റ്റ് കടന്നുപോയി.
“രഘുവിനെ കാണാനുള്ള തിടുക്കമാ. തിരിച്ചുവിളിക്കണ്ട,”
ഡോക്ടര്‍ അഞ്ജന നന്ദകുമാറിനോട് പറഞ്ഞു.
“എങ്കിലും അവളെ കൊണ്ടുവിടാമായിരുന്നു..”
അയാള്‍ വിഷമത്തോടെ പറഞ്ഞു.
“ഇഷ്ടം പോലെ ഓട്ടോയുണ്ടല്ലോ ….അല്ലെങ്കിലും അശ്വതിയ്ക്ക് ഓട്ടോയല്ലേ ഇഷ്ടം…”
അഞ്ജന അയാളെ സമാധാനിപ്പിച്ചു.
*******************************************************
വിറയ്ക്കുന്ന പാദങ്ങളോടെ, പിടയ്ക്കുന്ന ഹൃദയത്തോടെയാണ് അശ്വതി പടികള്‍ കയറി ഫസ്റ്റ് ഫ്ലോറില്‍ എത്തിയത്. റൂം നമ്പര്‍ പതിനാലിന്‍റെ കതക് അടഞ്ഞുകിടന്നിരുന്നു.
അവള്‍ അത് പതിയെ തള്ളിത്തുറന്നു.
മിടിക്കുന്ന ഹൃദയത്തോടെ അവള്‍ അകത്തേക്ക് നോക്കി.
അവിടെ കിടക്കയില്‍ രഘു കിടക്കുന്നത് അവള്‍ കണ്ടു.
“രഘൂ…രഘൂ…”
അവള്‍ വിറയ്ക്കുന്ന ഹൃദയത്തോടെ വിളിച്ചു.
പിന്നെ അവള്‍ കണ്ടു, കരള്‍ പറിയുന്ന ഒരു കാഴ്ച്ച. കട്ടിലിന്‍റെ താഴെ വീണുകിടക്കുന്ന ഒരു ഗ്ലാസ്.
നിലത്തുവീണ പൈനാപ്പിള്‍ ജ്യൂസിന്‍റെ പാടുകള്‍.
അവള്‍ അവനെ സ്പര്‍ശിച്ചു.
തണുത്ത്, അനക്കമില്ലാത്ത ശരീരം.
“സോ …ഐ കില്‍ഡ് യൂ, രഘൂ…”
അവള്‍ ചിരിച്ചു.
തലയണയുടെ അടുത്ത് ഒരു പ്ലാസ്റ്റിക് കവര്‍.
ഐശ്വര്യാ ടെക്സ്റ്റയില്‍സ്.
അവള്‍ വിറയ്ക്കുന്ന കൈകളോടെ അത് തുറന്നു.
ക്രീം നിറത്തില്‍ കസവുള്ള സാരി.
അവള്‍ ചിരിച്ചുകൊണ്ട് സാരിയഴിച്ചു.
എന്നിട്ട് ചിരിച്ചുകൊണ്ട് കവറില്‍ നിന്ന്‍ സാരിയെടുത്ത് അണിയാന്‍ തുടങ്ങി.
സാരിയുടുത്ത് കഴിഞ്ഞ് അവള്‍ നിലത്തുനിന്ന് ഗ്ലാസ് എടുത്തു.
മേശപ്പുറത്തിരുന്ന ജഗ്ഗില്‍ നിന്ന്‍ പഴച്ചാര്‍ ഗ്ലാസ്സിലേക്കൂറ്റി.
അത് കൈയില്‍ പിടിച്ച് അവള്‍ അവന്‍റെയടുത്തു കിടന്നു.
അവന്‍റെ തണുത്തുറഞ്ഞ ചുണ്ടുകളില്‍ ഏറെ നേരം ഭ്രാന്തമായി ചുംബിച്ചു.
പിന്നെ ഗ്ലാസ്സിലെ പാനീയം വേഗത്തില്‍ കുടിച്ചിറക്കി.
അവനെ ആലിംഗനം ചെയ്ത് ചേര്‍ന്ന് പുഞ്ചിരിച്ചുകൊണ്ട് കിടന്നു.
[അവസാനിച്ചു]
പിന്‍കുറിപ്പ്.
രണ്ടായിരത്തി പതിനെട്ട് ജനുവരി ഇരുപത്തിയാറിനാണ് “അശ്വതിയുടെ കഥ” യുടെ ആദ്യ അദ്ധ്യായം ഈ സൈറ്റില്‍ പ്രസിദ്ധീകൃതമായത്. അതിനു ഈ സൈറ്റിന്‍റെ വിശ്വകര്‍മ്മാക്കളായ ഡോക്ടര്‍ കുട്ടനോടും പൈലിച്ചായനോടും പിന്നെ അഡ്മിന്‍ പാനലിലുള്ള എല്ലാവരോടും ഞാന്‍ ഹൃദയത്തിന്‍റെ ഭാഷയില്‍ നന്ദി പറയുന്നു.
കഥയുടെ ത്രെഡ് ഒരു യതാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതായതിനാല്‍ അവസാന രംഗം ശുഭമാക്കാന്‍ സാധ്യമായിരുന്നില്ല. സംഭവങ്ങളും കഥാപത്രങ്ങളും കാലവും സ്ഥലവും ഭാഷയും വ്യതസ്തമാണെങ്കിലും അന്ത്യം വ്യത്യസ്തമല്ല.
ഈ കഥയെ സ്നേഹിച്ച, അഭിപ്രായങ്ങള്‍ എഴുതിയ, ലൈക് തന്നു പ്രോത്സാഹിപ്പിച്ച, വിമര്‍ശിച്ച, എല്ലാ എഴുത്തുകാരെയും വായനക്കാരെയും ഞാന്‍ നന്ദിയോടെ സ്മരിക്കുന്നു.
നിസ്സാരയാണ്, സാഹിത്യത്തില്‍ ഒന്നുമാകാത്തയാള്‍ ആണ്. വേദനിപ്പിച്ച വാക്കുകള്‍ എന്‍റെ ഭാഗത്ത്‌നിന്ന്‍ ആരുടെയെങ്കിലും നേര്‍ക്കുണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം.
സ്നേഹപൂര്‍വ്വം, സ്മിത.