പെരുമ്പാവൂരിലേക്ക് ബസ് കയറി. അവിടെ നിന്ന്‍ കോതമംഗലം. കോതമംഗലത്ത് നിന്ന്‍ അടിമാലി. അടിമാലിയില്‍ എത്തുമ്പോള്‍ രണ്ടു മണിയായിരുന്നു. അവളുടെ കണ്ണുകള്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തും കല്ലാര്‍കുട്ടി റോഡിലും സര്‍ക്കാര്‍ ആശുപത്രി പരിസരത്തും സൂക്ഷ്മ ജാഗ്രതയോടെ സഞ്ചരിച്ചു.
പലരോടും അവള്‍ അവന്‍റെ ഫോട്ടോ കാണിച്ചു തിരക്കി. അതി സുന്ദരിയായ ഒരു യുവതി ഒരു ചെറുപ്പക്കാരന്‍റെ ഫോട്ടോ കാണിച്ചു അവനെ അന്വേഷിക്കുന്നതില്‍ ആളുകള്‍ അപാകത കണ്ടെത്തി.
അശ്വതി തകര്‍ന്നുപോയി.
അപ്പോഴാണ് താന്‍ അന്നത്തെ ദിവസം ഒരു തുള്ളി വെള്ളം പോലും കുടിച്ചിട്ടില്ല എന്ന്‍ ഓര്‍ത്തത്. ഇനി രഘുവിനെ അന്വേഷിക്കണമെങ്കില്‍ താന്‍ എന്തെങ്കിലും കഴിക്കണം. അല്ലെങ്കില്‍ വഴിയില്‍ വീണു താന്‍ മരിക്കും. ഇല്ല രഘു, ഞാന്‍ മരിക്കാന്‍ പാടില്ല.
നീയല്ലേ എന്‍റെ പ്രാണന്‍?
അവള്‍ അടുത്തുകണ്ട ഒരു റെസ്റ്റോറന്‍റ്റിലേക്ക് കയറി. എന്തോ ഓര്‍ഡര്‍ ചെയ്തു. എന്തോ കഴിച്ചു. രുചി തോന്നിയില്ല. ബില്‍ കൊടുത്ത് പുറത്തിറങ്ങിയപ്പോള്‍ അവളുടെ കണ്ണുകള്‍ അതീവ സന്തോഷംകൊണ്ട് വിടര്‍ന്നു.
“രഘൂ…രഘൂ…എന്‍റെ രഘൂ…”
റെസ്റ്റോറന്‍റ്റിന് വെളിയില്‍ ഒരു വിദേശ നിര്‍മ്മിത ആഡംബര കാറിനടുത്ത് രഘു നില്‍ക്കുന്നു.
അവനോടു ചേര്‍ന്ന് അതി സുന്ദരിയായ ഒരു യുവതി.
അവന്‍ അശ്വതിയെക്കണ്ട് സംഭ്രമിച്ചു. പെട്ടെന്ന് അവന്‍ ഡോര്‍ തുറന്ന് ഡ്രൈവിംഗ് സീറ്റിലേക്ക് കയറി. ആ യുവതിയും കയറി. കാര്‍ അതിവേഗതയില്‍ മുമ്പോട്ട് പാഞ്ഞു.
******************************************************
നാലഞ്ചു ദിവസങ്ങള്‍ കൂടി കടന്നു പോയി. അശ്വതി ജീവച്ചവം പോലെയായി.
മൂന്നു ദിവസങ്ങളായി അവള്‍ ക്ലിനിക്കില്‍ പോയിട്ട്.
അതിനിടയില്‍ അവള്‍ പല സ്ഥലത്തും പോയി. പലയിടത്തും അവള്‍ രഘുവിനെ കണ്ടു. അതേ സ്ത്രീയോടൊപ്പം.
കരഞ്ഞുകരഞ്ഞ് തലയണ കുതിര്‍ന്ന ഒരു ദിവസം അവള്‍ക്ക് റോസിലിയുടെ കാള്‍ വന്നു.
“മോളെ…എനിക്കും ഭ്രാന്തു പിടിക്കാറായി. അവനെ നമുക്ക് തിരിച്ചുകൊണ്ടുവരണം. ഇപ്പോള്‍ അവന്‍ ഹോട്ടെല്‍ വിവേകിലുണ്ട്. കൂടെ ആ എന്തിരവളുമുണ്ട്.”
അശ്വതിയുടെ മനസ്സ് അതിരില്ലാതെ അസ്വസ്ഥമായി. അസ്വസ്ഥത പെരുകി ഭ്രാന്തു വരുന്ന അവസ്ഥയിലെത്തി.
താന്‍ പലതും ത്യജിയ്ക്കാന്‍ ഒരുങ്ങിയത് അവനു വേണ്ടിയാണ്. അവന്‍ ഒരു ഭ്രാന്തായി മനസ്സില്‍ ഇരുപ്പുറച്ചത് കൊണ്ടാണ്. ഭര്‍ത്താവിനെ, കുഞ്ഞുങ്ങളെ, നാളിതുവരെ താന്‍ കാത്തുപാലിച്ച മൂല്യങ്ങളൊക്കെ താന്‍ അവഗണിച്ചത് നിനക്ക് വേണ്ടിയായിരുന്നു, രഘൂ. എന്നിട്ട് നീ എന്നെ വിട്ട് വേറെ പെണ്ണിനെത്തേടിപ്പോയി. എങ്ങനെ കഴിഞ്ഞു നിനക്കതിന്?
അവള്‍ എന്തോ തീരുമാനിച്ചുറച്ച് പറമ്പിലേക്കിറങ്ങി. ഇല്ലികള്‍ വളര്‍ന്നുനിന്നിരുന്ന പറമ്പിന്‍റെ ഒരു കോണില്‍ വളര്‍ന്നുനിന്നിരുന്ന വിഷക്കൂണുകള്‍ അവള്‍ പറിച്ചെടുത്തു. ഉണങ്ങി വരണ്ടിരുന്ന അവയെ അവള്‍ ചേമ്പിലയില്‍ പൊതിഞ്ഞുകെട്ടി വീട്ടിലേക്ക് കൊണ്ടു വന്നു. ദൃഡനിശ്ചയത്തോടെ അവള്‍ അത് പൊടിച്ചു ഒരു കടലാസില്‍ പൊതിഞ്ഞു പ്ലാസ്റ്റിക് കവറില്‍ വെച്ചു.
പിന്നെ അവള്‍ റോഡിലേക്കിറങ്ങി. ഒരു ഓട്ടോറിക്ഷയ്ക്ക് കൈ കാണിച്ചു. ഇത് പോലെ ഒരു ഓട്ടോറിക്ഷയാണ് തന്നെ ഈ രീതിയിലാക്കിയത്. ഇതില്‍ കയറിത്തന്നേ അത് അവസാനിപ്പിക്കാം. അവള്‍ മനസ്സില്‍ പറഞ്ഞു.
പതിനഞ്ചുമിനിറ്റിനുള്ളില്‍ അവള്‍ ഹോട്ടെല്‍ വിവേകില്‍ എത്തിച്ചേര്‍ന്നു.
“റൂം നമ്പര്‍ പതിനാലില്‍ പോകണം. ഫസ്റ്റ് ഫ്ലോര്‍,”
അവള്‍ റിസപ്ഷനിസ്റ്റിനോട് പറഞ്ഞു.
കൌണ്ടറിനു പിമ്പില്‍ ഒരു റെജിസ്റ്റര്‍ പരിശോധിക്കുകയായിരുന്ന അയാള്‍ മുഖമുയര്‍ത്താതെ വിരലുയര്‍ത്തി ഫസ്റ്റ് ഫ്ലോര്‍ ചൂണ്ടിക്കാണിച്ചു.
“സാര്‍,”
അവള്‍ റിസപ്ഷനിസ്റ്റിനെ വിളിച്ചു. അയാള്‍ ഗൌരവത്തില്‍ മുഖമുയര്‍ത്തി നോക്കി. തന്നെ വിളിച്ചത് അതീവ സുന്ദരിയായ ഒരു സ്ത്രീയാണ് എന്നറിഞ്ഞ് അയാളുടെ മുഖത്തെ ഗൌരവം മാഞ്ഞു. പകരം സേവന തത്പരതയും സൌഹൃദവും നിറഞ്ഞു.
“സാര്‍ ഈ ചെറുപ്പക്കാരനെ കണ്ടിരുന്നോ?”
അവള്‍ രഘുവിന്‍റെ ഫോട്ടോ കാണിച്ചു.
“ങ്ങ്ഹാ, ഇത് രഘുവല്ലേ?”
അയാള്‍ ഉത്സാഹത്തോടെ പറഞ്ഞു.