അശ്വതിക്ക് തീരെ ഉത്സാഹമില്ലായിരുന്നു അന്ന്. രഘുവിനെക്കാത്ത് എത്ര സമയമാണ് ഉറക്കമിളച്ചു കാത്തിരുന്നത്. ഇടയ്ക്ക് ഇപ്പോഴും ഉണര്‍ന്ന്‍ വിറകുപുരയില്‍ പോയി നോക്കും. എത്രതവണ അങ്ങനെ പോയി? അറിയില്ല.ഉറങ്ങിയേയില്ല.
അവള്‍ ക്ലിനിക്കിലേക്ക് അന്ന് പതിവില്‍ നേരത്തെ ഇറങ്ങി. രഘുവിന്‍റെ വീട്ടില്‍ പോകണം.
രഘുവിന്‍റെ വീട്ടില്‍ ഭാഗ്യത്തിന് റോസിലിയുണ്ടായിരുന്നു.
“ചേച്ചി ഇന്ന്‍ പോയില്ലേ?”
“പോയില്ല. പകരം ഇന്നലെ സണ്ണി ഇവിടെ വന്നു. അതുകൊണ്ട് ഇന്ന്‍ പോകുന്നില്ല,”
റോസിലി വായ് തുറന്ന്‍ ചിരിച്ചു.
അശ്വതി അകത്തേക്കും പുറത്തേക്കും ഒക്കെ നോക്കി.
“മോള്‍ അവനെയാണോ തിരയുന്നെ?’
“അതെ, എന്ത് പറ്റി ആള്‍ക്ക്?”
“അതെന്താ മോളെ?”
“അല്ല, ഇന്നലെ…ചേച്ചി ഇന്നലെ രഘു …അവിടെ..ആവിടെ വന്നില്ല…എന്നാ പറ്റീതാന്ന്‍ അറിഞ്ഞാരുന്നേല്‍…”
അവള്‍ ലജ്ജയോടെ പറഞ്ഞു.
“യ്യോ മോളെ അവന്‍ ഇന്നലെ അങ്ങോട്ടു വന്നാരുന്നല്ലോ…”
അശ്വതിയ്ക്കൊന്നും മനസ്സിലായില്ല.
“ഇല്ല ചേച്ചി…രഘു ഇന്നലെ വന്നില്ല. ഞാന്‍ ഒറങ്ങാതെ കൊറേ നോക്കിയിരുന്നു,”
അവളുടെ മുഖത്തെ വിഷാദഭാവം അവരെ വല്ലാതാക്കി.
“അവന്‍ രാത്രീല്‍ വല്ല എമര്‍ജന്‍സീ ഓട്ടോം കിട്ടിക്കാണും മോളെ. അതുകൊണ്ടാരിക്കും…”
അശ്വതി ആലോചിച്ചു.
ശരിയാവാം. ഏതെങ്കിലും രോഗികള്‍ വിളിച്ചിരിക്കാം.
എന്നാലും രഘു നിന്‍റെ ഏറ്റവും എമര്‍ജന്‍സി ഇപ്പോള്‍ ഞാനല്ലേടാ?
അശ്വതിയുടെ കണ്ണുകള്‍ നിറഞ്ഞു.
********************************************************
അതിനടുത്ത നാല് ദിവസങ്ങളില്‍ രഘു വന്നില്ല. രാധികയും സന്ദീപും ഹോസ്റ്റലിലേക്ക് പോയി. അശ്വതിയുടെ ദിവസങ്ങള്‍ ശോകമൂകമായി. അവള്‍ ഏതോ ഒരു ലോകത്തായിരുന്നു. ഇപ്പോഴും കണ്ണുകള്‍ നിറഞ്ഞിരുന്നു. ഉത്സാഹമെല്ലാം നഷ്ടപ്പെട്ടു. ഭക്ഷണം കഴിക്കുന്ന കാര്യം പലപ്പോഴും അവള്‍ മറന്നു പോയി.
നോര്‍മ്മലായി പെരുമാറിയ ഒരേയൊരു സ്ഥലം ക്ലിനിക്ക് മാത്രമായിരുന്നു. അവിടെ അവള്‍ ജോലിയില്‍ ശ്രദ്ധിച്ചു. എന്നും അവള്‍ റോസിലിയുടെ വീട്ടില്‍ പോയി. ദൂരെ എവിടെയോ പോയതാണ്, പേടിക്കേണ്ട, താന്‍ ഉടന്‍ വരും എന്ന്‍ മാത്രം തന്നെ അറിയിച്ചു എന്ന്‍ റോസിലി അശ്വതിയോട് പറഞ്ഞു.
നാലാം ദിവസം റോസിലി പറഞ്ഞു അടിമാലി എന്ന സ്ഥലത്ത് രഘു ഉണ്ട്. അവിടെ ഒരത്യാവശ്യ ജോലിയുമായി ബന്ധപ്പെട്ട് തങ്ങുകയാണ്. അത് കേള്‍ക്കേണ്ട താമസം അശ്വതി റോസിലിയുടെ വീട്ടില്‍ നിന്നിറങ്ങി.