ബോധ്യത്താലാവണം ക്ഷമാപണത്തോട് കൂടി അവൻ ക്യാബിൻ വിട്ടത്. മറ്റ് ജോലിത്തിരക്കുകളിലേക്കും പതിവ് ഉച്ചയൂണ് സമയത്തെ സംസാരത്തിലേക്കും തുടർന്ന് വീണ്ടുമുള്ള ജോലിയിലേക്കും തിരിഞ്ഞതോടെ അവൻ മറവിയിലേക്ക് മാഞ്ഞിരുന്നു.
അന്ന് വൈകുന്നേരം പഞ്ചിങ് കഴിഞ്ഞ് പിൻ ഗേറ്റിലൂടെ സെൻട്രൽ സ്റ്റേഡിയത്തിന്റെ കവാടത്തിനു മുന്നിലേക്കിറങ്ങിയപ്പോൾ എന്നെ കാത്തു നിന്നെന്ന പോലെ അവൻ, ചിരിച്ചു കൊണ്ട് ഓടി അടുത്തു. വീണ്ടും നന്ദി പറച്ചിലോടെ ചായ കുടിക്കുവാനായി ക്ഷണിച്ചു. എത്ര നിരസിച്ചിട്ടും അവൻ ആവർത്തിച്ച് വിളിച്ചു കൊണ്ടേയിരുന്നു. അപരിചിതനായ ഒരാളുടെ കൂടെ ചായ കുടിക്കാനും മാത്രം ധൈര്യമൊന്നും അന്നും എനിക്കുണ്ടായിരുന്നില്ല. എന്റെ നിരസനം അവന്റെ മുഖത്തു മങ്ങലേൽപ്പിച്ചപ്പോൾ ഉള്ളിലെവിടെയോ അത് വേണ്ടായിരുന്നുവെന്ന് തോന്നി. ഒടുവിൽ സമ്മതമറിയിച്ചപ്പോൾ ആവേശപൂർവം അവൻ തന്നെ സൊസൈറ്റി ക്യാന്റീനിലേക്ക് കൊണ്ട് പോയി. ചൂട് ചായ ഊതിയൂതി കുടിക്കുമ്പോൾ അവൻ വാതോരാതെ സംസാരിക്കുവായിരുന്നു. അവന്റെ വീട്, വീട്ടുകാർ, ബാധ്യതകൾ, കഷ്ടപ്പാടുകൾ, ജീവിതം കൈവിടാതിരിക്കാൻ ഒരു കച്ചിത്തുരുമ്പിനായി മുട്ടിയ വാതിലുകൾ, കയറിയിറങ്ങിയ പടിക്കെട്ടുകൾ അങ്ങനെ അവന്റെ ജീവചരിത്രം മുഴുവൻ ആ കുറഞ്ഞ സമയം കൊണ്ട് അവൻ വിളമ്പിയെങ്കിലും, സ്ഥിരം പല്ലവികളായതിനാൽ അവയൊന്നും എന്നിലുള്ളിലേക്കെത്തിയില്ല. വേണ്ടെന്ന് പറഞ്ഞിട്ടും ക്യാന്റീനിൽ നിന്ന് ബസ്റ്റോപ്പ് വരെ അവൻ അനുഗമിച്ചു. അന്നേരവും തുടർന്ന നന്ദി പറച്ചിലും പുകഴ്ത്തലും അരോചകമായി തുടങ്ങിയിരുന്നു. എന്നോടുള്ള വാതോരാതെയുള്ള സംസാരം ബസ് കാത്തു നിന്ന മറ്റുള്ളവർ പോലും ശ്രദ്ധിക്കാൻ തുടങ്ങിയതോടെ എനിക്കും അല്പം സങ്കോചം അനുഭവപ്പെട്ടു. ഒടുവിൽ ബസ് കയറിയപ്പോൾ വലിയൊരശ്വാസം തോന്നി.
പിന്നെയും നഗരത്തിന്റെ പലയിടങ്ങളിൽ വെച്ച് അവനെ കാണേണ്ടി വന്നു. യാദൃശ്ചികമായെന്നൊക്കെ ആദ്യമാദ്യം തോന്നിയെങ്കിലും അതിലൊരു അസ്വഭാവികത അനുഭവപ്പെട്ടു. കണ്ടുമുട്ടലുകൾ കൂടിയപ്പോൾ എനിക്ക് തോന്നിയ സംശയം ആരായാൻ തുനിഞ്ഞപ്പോളൊക്കെ ഞാൻ പോലുമറിയതെ വളരെ വിദഗ്ധമായി അവൻ സന്ദർഭമോ സാഹചര്യമോ മാറ്റിയെടുത്തിരിക്കും. സംസാരം കൊണ്ടും പെരുമാറ്റരീതി കൊണ്ടും ആൾക്കാരെ കൈയിലെടുക്കാൻ നന്നായി അവനറിയാമെന്ന് മനസിലായി. കണ്ടുമുട്ടലുകൾ കോഫിയിൽ തുടങ്ങി ലഞ്ചിലേക്കും ഷോപ്പിംഗിലേക്കും വീക്കെൻഡ് ഔട്ടിങ്ങിലേക്കും മാറി. ഇടക്ക് കൈമാറിയ ഫോൺ നമ്പറിനാൽ സംസാരത്തിലൂടെ സഞ്ചരിക്കാൻ തുടങ്ങി. അവനോടുള്ള അടുപ്പം കൂടിക്കൂടി വന്നു. മനസുകൾ തമ്മിലുള്ള അകലം കുറഞ്ഞു വന്നു. ആകെമൊത്തം എന്റെ ലക്ഷ്യത്തിൽ നിന്ന് എന്റെ മനം വ്യതിചലിക്കാൻ തുടങ്ങി.
‘ഇവിടെ എവിടെയാ ഇറങ്ങേണ്ടേ..?’
ഓട്ടോക്കാരന്റെ ചോദ്യം അവ്യക്തമായെന്നോണം കേട്ട ഞാൻ അതേ അവ്യക്തതയോടെ ‘ന്താ’ എന്ന് ചോദിച്ചു.
‘ജവഹർ നഗർ ആയി. ഇവിടെ എവിടാ ഇറങ്ങേണ്ടേന്ന്..?’