അല്ലാതെ അത്രമേൽ ഉയരത്തിൽ നിന്ന് വെള്ളച്ചാട്ടത്തിലേക്ക് ചാടി , മറുകരയുടെ സീമ താണ്ടാൻ തങ്ങളേക്കൊണ്ട് സാദ്ധ്യമല്ലായിരുന്നു എന്നവൻ ചിന്തിച്ചു പോയി……
താൻ കയറിച്ചെന്നാൽ പുലി കൊല്ലും………
അത് പാടില്ല…
കാരണം അഭിരാമി താഴെയാണ്..
താൻ കയറിച്ചെല്ലാതിരിക്കാനാണ് പുലി, കാത്തിരുന്നത്……
അമ്മ, ആദ്യത്തെ നടുക്കത്തിൽ തന്നെ താഴെ എത്തിയതാകാമെന്ന് അവന് തോന്നി…
അല്ലെങ്കിലും, അറിഞ്ഞു വീഴുന്നതും അറിയാതെ വീഴുന്നതും തമ്മിൽ അന്തരമുണ്ടല്ലോ…
അഭിരാമിയുടെ കരച്ചിലിന്റെ ശക്തി കുറഞ്ഞു……
ഉണങ്ങിയ പാറയിൽ നിന്ന് , തങ്ങളുടെ വസ്ത്രങ്ങളിലെ ജലം ഒഴുകിയിറങ്ങുന്നത് മുഖമുയർത്തിയപ്പോൾ അവൻ കണ്ടു…
അവൻ അനങ്ങിയതറിഞ്ഞ്, അടുത്ത അപകടമാകാം എന്ന് കരുതി അഭിരാമി പിടഞ്ഞുണർന്നു…
അവൾ എന്താ എന്ന അർത്ഥത്തിൽ മുഖം ചലിപ്പിച്ചു……
അവൻ ഒന്നുമില്ല എന്ന അർത്ഥത്തിൽ ചുമൽ കൂച്ചി …
തണുപ്പിൽ കോച്ചി വിറച്ചു പോയ കാലുകൾക്ക് ബലം തിരികെ കിട്ടിയപ്പോൾ അവൻ വീണ്ടും വെള്ളത്തിലേക്കിറങ്ങി……
ആദ്യമായി വെള്ളത്തിലിറങ്ങിയ പോലെ അവനൊന്നു കിടുങ്ങി… ….
പാറയിലിരുന്നു തന്നെ അഭിരാമി അവന്റെ പുറത്തേക്ക് ചാഞ്ഞു…….
കൈ തുഴഞ്ഞ്, അവളെയും വഹിച്ച്, അവൻ നീന്തിത്തുടങ്ങി..
ഒരു പുഴയും നഗരത്തിൽ നിന്ന് ഉത്ഭവിച്ച് കാട്ടിൽ എത്തിചേരുന്നില്ല , മറിച്ചാണ് സംഭവിക്കുക എന്ന സാമാന്യ തത്വം മാത്രമാണ് പുഴയിലൂടെ അവൻ സഞ്ചരിക്കാനുള്ള കാരണം …
കാട്ടുവഴികളേക്കാൾ ഭേദമായിരുന്നു പുഴ…….
മൗനത്തിലും പുഴയിലും ഒരു പോലെ നീന്തി ഇരുവരും യാത്ര തുടർന്നു.
ഇടയ്ക്ക് ദുർഘടമായ കിടങ്ങുകളും പാറക്കെട്ടുകളും യാത്രയ്ക്ക് വിഘാതമായെങ്കിലും അതിലും വലിയ പ്രതിബന്ധങ്ങൾ തരണം ചെയ്തു വന്ന അവർ , അത് മറികടക്കുക തന്നെ ചെയ്തു.
സൂര്യൻ ഉച്ചിയിലെത്തിയിരുന്നു..
രണ്ട് ദിവസത്തിനിടയിൽ, അത്രയും തേജസ്സോടെ അവർ സൂര്യപ്രകാശം കാണുകയായിരുന്നു…
കുറച്ചു ദൂരം മുന്നോട്ടു പോയ ശേഷം, പുഴ രണ്ട് കൈ വഴികളായി പിരിഞ്ഞു……
ഇടത്തേക്ക് വലുപ്പമേറിയും, വലത്തേക്ക് അതിലും ചെറുതായും പുഴ വഴി പിരിഞ്ഞു…
മദ്ധ്യഭാഗത്ത് , ഇടതൂർന്ന മരങ്ങളാൽ ദ്വീപ് പോലെ കാണപ്പെട്ടു……
അജയ് വലത്തേക്കാണ് അവളെയും കൊണ്ട് നീങ്ങിയത്…….
അഭിരാമി നിശബ്ദം അവനു പുറത്തിരുന്നു…
വീണ്ടും വനഭൂമിയിലേക്കു തന്നെയാണോ എത്തിച്ചേർന്നത് എന്ന സന്ദേഹം അവനിലുണ്ടായി…