പുഴയുടെ വലതു വശത്തേക്കാണ് അജയ് തുഴഞ്ഞു കയറിയത്……
ഇടതു വശം കയറിയാൽ വനത്തിലേക്കാന്നെന്ന് പരിസരങ്ങളുടെ ഭൂമിശാസ്ത്രം വെച്ചവൻ പഠിച്ചിരുന്നു …
ഇടയ്ക്ക് തലയുയർത്തി നോക്കിയപ്പോൾ കൃഷിയിടങ്ങളും, വെട്ടിനിരത്തിയ മൊട്ടക്കുന്നുകളും അവൻ വലതു വശത്ത് കണ്ടിരുന്നു …
പുഴയോടു ചേർന്നു തന്നെയുള്ള പാറയ്ക്ക് മുകളിലേക്ക് അവൻ കയ്യെത്തിച്ചു പിടിച്ചു..
അവന്റെ തലയ്ക്കു മുകളിലൂടെ അഭിരാമി ഏന്തിവലിഞ്ഞ് പാറപ്പുറത്തേക്ക് കയറി..
പാറയിൽ ഇരു കൈകൾ ഊന്നി , അവനും പാറപ്പുറത്തേക്ക് കയറിയിരുന്നു……
വെയിൽ ശക്തി പ്രാപിച്ചതിനാൽ അത്രയധികം തണുപ്പ് അവർക്ക് അനുഭവപെട്ടിരുന്നില്ല…
പാറയ്ക്ക് പിന്നിലുള്ള കല്ലിനു മീതെ പുറം ചാരി , അവൻ മുഖം കൈത്തലം കൊണ്ട് തുടച്ചു…
അഭിരാമി അവന്റെ ഇടത്തേ തോളിലേക്ക് ചാരി…
മുകളിലേക്ക് നോക്കിയപ്പോൾ ഒരു പരുന്ത് വട്ടമിട്ടു പറക്കുന്നത് അവൻ കണ്ടു…
അവൻ ഒരു ദീർഘനിശ്വാസമയച്ചു……
പുഴയൊഴുകുന്ന ശബ്ദം മാത്രം ……….!
അജയ് ഇടംകൈ കൊണ്ട് , അഭിരാമിയെ ചേർത്ത് , അവളുടെ നെറുകയിൽ അവൻ ചുണ്ടു ചേർത്തു……
അത്ര മാത്രം… ….!
അതു മാത്രം മതിയായിരുന്നു അവൾ പൊട്ടിത്തകരാൻ……….
ഉള്ളിലടക്കിയ നൊമ്പരങ്ങളും വേദനയും മരണഭയവും കണ്ണിൽ നിന്ന് , അവളവന്റെ ചുമലിലേക്ക് കുടഞ്ഞിട്ടു …
കൂനിക്കൂടി അവനോട് ചേർന്നിരുന്ന് അവൾ ഉച്ചത്തിൽ നിലവിളിച്ചു…
കേൾക്കാൻ ആരും ഉണ്ടാകില്ലെന്ന് അവൾക്കറിയാമായിരുന്നു..
അവൻ മാത്രം കേൾക്കാനായിരുന്നു അവൾ കരഞ്ഞതും …
ഭൂഗോളത്തിൽ, അവനല്ലാതെ തനിക്കാരുമില്ലെന്ന തിരിച്ചറിവിൽ അവൾ, തന്റെ പ്രൗഢിയും മഹിമയും അമ്മയെന്ന സ്ഥാനവുമെല്ലാം മറന്ന് , ജീവിതത്തിൽ, കൊടും കാട്ടിൽ അശരണയായവളേപ്പോലെ അവൾ വിമ്മിയും, ആർത്തലച്ചും , പൊട്ടിത്തകർന്നും പെയ്തു കൊണ്ടിരുന്നു..
കല്ലിൽ ചാരിയിരുന്ന അവന്റെ മിഴികളും നിറഞ്ഞൊഴിഞ്ഞു…….
സാക്ഷിയായി നിന്ന പുഴയും കരഞ്ഞൊഴുകി……
കഴിഞ്ഞ മണിക്കൂറുകൾ ജീവിതത്തിൽ ഒരാളും നേരിടേണ്ടി വരാത്ത കാര്യങ്ങളാണ് സംഭവിച്ചതെന്ന് അവനോർത്തു…
കാന്തല്ലൂരിൽ നിന്ന് അവർ ഓടിച്ചതു മുതലുള്ള കാര്യങ്ങൾ ഒരു തിരശ്ശീല പോലെ അവന്റെയുള്ളിൽ തെളിഞ്ഞു…
നിരാശ്രയത്വം……….!
നിസ്സഹായത…… !
ആനയിൽ നിന്ന് രക്ഷപ്പെടുത്താൻ വന്ന നായാട്ടുകാർ..
ഒടുവിൽ പുഴ കടക്കാൻ വഴിയില്ലാതെ വന്നപ്പോൾ , അവതരിച്ചതാകാം പുലിയും കുഞ്ഞും… ….