അജയ് മുഖം താഴ്ത്തി, നിലത്തേക്ക് കമിഴ്ന്നു…
” പ്രോപ്പറാ ഊര് തെരിയാത്… അതു മുതലാളി പയ്യനുക്ക് മാറ്റർ… നാൻ വേലൈക്കാരൻ… വേലക്കാരൻ അന്തമാതിരി വിഷയം പാക്കക്കൂടാത്… ”
മുനിച്ചാമിയുടെ ആ ഒരൊറ്റ സംസാരത്തിൽ നിന്നും അജയ് ദീർഘനിശ്വാസം വിട്ടു……
“വാടാ… പോകാം , ഈ പാണ്ടി പറയുന്ന ആള് വേറെയാകാനാ ചാൻസ്… ”
നിശബ്ദനായി നിന്ന ഒന്നാമൻ പറഞ്ഞിട്ടു റോഡിനു നേർക്ക് നടക്കുന്നത് തല ഉയർത്തിയപ്പോൾ അജയ് കണ്ടു..
മുനിച്ചാമി തിരിഞ്ഞു നോക്കാത്തതിൽ അവന് അത്ഭുതം തോന്നി……
അയാൾ തന്നെ കണ്ടു എന്നുള്ളത് സ്പഷ്ടമാണെന്ന് അവന് തീർച്ചയായിരുന്നു …
കുറച്ചു ദൂരെ നിന്നും ഒരു വാഹനം സ്റ്റാർട്ടാകുന്ന ശബ്ദം കേട്ടപ്പോൾ അവൻ നിലത്തു നിന്നും എഴുന്നേറ്റു..
അഭിരാമിയുടെ തല മാത്രം ഹാളിലേക്ക് തള്ളി നിൽക്കുന്നത് അവൻ കണ്ടു……
അവൻ കണ്ടു , എന്നറിഞ്ഞ് ആമ തല വലിക്കും പോലെ അവൾ തല പിന്നോട്ടെടുത്തു…
അവൻ മുറിയിലെത്തിയപ്പോൾ അവൾ കിടക്കുകയായിരുന്നു..
“ആരാ… ….? ”
അവൾ ശബ്ദമില്ലാതെ കൈ ആംഗ്യമെടുത്ത് ചോദിച്ചു..
” കണ്ടില്ലേ… …. ”
അവനവളെ രൂക്ഷമായി നോക്കി ചോദിച്ചു……
അഭിരാമി ഒന്നും പറയാതെ മുഖം താഴ്ത്തി..
സംഭവം പാളിയെന്ന് അവൾക്കു മനസ്സിലായി…
അജയ് അവളുടെ കൈ പിടിച്ച് വലിച്ചെഴുന്നേൽപ്പിച്ചു..
ആദ്യം കിടന്നിരുന്ന റൂമിലേയും ഹാളിലേയും പൊട്ടിയിരുന്ന ജനൽച്ചില്ലുകൾ പൊട്ടിയത് കാണിച്ച് അവൻ ചോദിച്ചു……
“ഇതെന്താ… ? ”
“ചില്ല് പൊട്ടിയത്……. ”
കള്ളം പിടിക്കപ്പെട്ട നഴ്സറി വിദ്യാർത്ഥിനിയുടെ മുഖഭാവത്തോടെ അവൾ നിലത്തു നോക്കി നിന്നു…
“എങ്ങനെ പൊട്ടി……….?”
“ആ………..”
അവൾ മുഖമുയർത്തിയില്ല…
“ആരാ പൊട്ടിച്ചതെന്ന് വല്ല ഊഹവുമുണ്ടോ… ?”
“വന്നോരാരിക്കും…… ”
കോടീശ്വരൻ പരിപാടി ഇഷ്ടപ്പെടാത്ത മട്ടിൽ അവൾ പറഞ്ഞു……
“ഇതിലേ നോക്കിയാൽ പുറത്തേക്ക് കാണാമോ… ?”
“കാണാമല്ലോ……. ”
അവൾ പെട്ടെന്ന് പറഞ്ഞു..
“അപ്പോൾ പുറത്തു നിന്ന് അകത്തേക്കും കാണുമായിരിക്കും അല്ലേ………?”
അവന്റെ ചോദ്യത്തിന് മറുപടി പറയാതെ അവൾ നഖം കടിച്ചു നിന്നു…
അവളെ ഹാളിൽ വിട്ടിട്ട് അജയ് ബാത്റൂമിലേക്ക് കയറി..