വെള്ളത്തിനു മീതെ പരവതാനി പോലെ ഒഴുകിപ്പരന്നു പോകുന്ന അമ്മയുടെ ഷാൾ…!
അവന്റെ ഹൃദയം ഒന്ന് കുതി കുത്തി…
അടുത്തെവിടെയോ അമ്മയുണ്ട്…… !
രണ്ടു മൂന്ന് മിനിറ്റിനിടയിൽ , അമ്മ വെള്ളത്തിൽ ശ്വാസമെടുക്കാൻ കഴിയാതിരുന്ന കാര്യം ഓർത്തപ്പോൾ അവനൊരുൾക്കിടിലമുണ്ടായി……
രക്ഷപ്പെടാനും രക്ഷപ്പെടുത്താനുമുള്ള വ്യഗ്രത തലച്ചോറിലേക്ക് വൈദ്യുതി സ്ഫുലിംഗങ്ങൾ പോലെ ഇരച്ചുകയറിയപ്പോൾ, വെള്ളത്തിൽ തന്നെ കാലൂന്നി ഒരു ഡോൾഫിനേപ്പോലെ അജയ് വെള്ളത്തിനു മീതെ കുതിച്ചുയർന്നു……
അവനുയർന്നു വന്ന ഭാഗം, അവന്റെ ശരീരാകൃതിയിൽ ഒരു നൊടിയിട , ജലത്തിൽ ഒരു രൂപമായി തെളിയുകയും, അടുത്ത സെക്കന്റിൽ അത് മൂടിപ്പോവുകയും ചെയ്തു…
ഇര രക്ഷപ്പെടാൻ തുനിയുന്നത് , കൺമുന്നിൽ കണ്ട പുലി പാറപ്പുറത്ത് നിന്ന് നിവർന്നു……
വാൽ വായുവിൽ ഇടം വലം വീശി പുലി വീണ്ടും ഗർജ്ജിച്ചു……
മുൻകാലുകളിലൊന്ന് വായുവിൽ തുഴഞ്ഞ്, അത് ഇരയ്ക്കു നേരെ കുതിക്കാൻ ആയമെടുത്ത് നിന്നു..
ഒരു ചെറിയ മുരൾച്ച കൂടി പിന്നിൽ അജയ് കേട്ടു..
ഒഴുക്കിലേക്ക് ഗതി തെറ്റി വീണ അവൻ , പുലിക്കുട്ടി, അതിന്റെ അമ്മയെ അനുകരിച്ച് നിൽക്കുന്നത് ഒന്ന് മലക്കം മറിയുന്നതിനിടെ കണ്ടു..
അജയ് ഒഴുക്കിലേക്ക് വീണു…….
ആറ്റുവഞ്ചിപ്പടർപ്പിൽ ചുറ്റി ഷാൾ വെള്ളത്തിൽ ഓളം തള്ളുന്നത് കണ്ടുകൊണ്ട് , നിറഞ്ഞ മിഴികൾ അവൻ അടച്ചു കളഞ്ഞു…..
ഒഴുക്കിനെതിരെ അവനൊന്നു തുഴഞ്ഞു നിൽക്കാൻ ശ്രമിച്ചെങ്കിലും അത് വെറുതെയായിരുന്നു..
രക്ഷപ്പെട്ടു ചെന്നാലും കാത്തിരിക്കുന്നത് മരണമാണെന്ന ചിന്ത അവനെ അതിൽ നിന്നും പിന്തിരിപ്പിച്ചു എന്നു വേണം പറയാൻ …
അമ്മ, താഴെ ഉണ്ടായിരുന്നെങ്കിൽ എന്നവൻ ആശിച്ചു പോയി…
ആരോ എടുത്തെറിയുന്നതു പോലെയോ, യന്ത്ര ഊഞ്ഞാലിന്റെ ഔന്നത്യത്തിൽ നിന്ന് താഴേക്ക് നിപതിക്കുന്നതു പോലെയോ, ഒഴുക്കിനൊപ്പം അജയ് താഴേക്ക് വീണു……
തന്റെ കുടലുകൾ മലക്കം മറിഞ്ഞ് അണ്ണാക്കിൽ മുട്ടുന്നതു പോലെ അവനു തോന്നി…
വഴുവഴുപ്പുള്ള പാറകളിൽ ചുമലൊന്നിടിച്ചതും മൂക്കിൽ വെള്ളം കയറി നീറിയതും അഗാധതയിലേക്കുള്ള യാത്രക്കിടെ അവനറിഞ്ഞു …
കുരവപ്പൂ ചിതറും പോലെ വെള്ളം ചിതറിത്തെറിച്ചു……
ഉയരത്തിൽ നിന്നും വീണ ആഘാതത്തിൽ ശരീരം ചിതറിത്തെറിക്കുന്ന ഒരനുഭവം അവനുണ്ടായി…
പക്ഷേ, ജീവനിലുള്ള രക്ഷയും അഭിരാമിയും അവനെ സംബന്ധിച്ച് അതിനുമെത്രയോ മുകളിലായിരുന്നു…