തന്റെ കാര്യം ഇങ്ങനെയാണെങ്കിൽ അമ്മയുടെ അവസ്ഥ എന്താണെന്ന് അവൻ വെറുതെ ഊഹിച്ചു……
പാവം ………….!
തന്റെ വഴക്കു പേടിച്ചാകും നടന്നത്…
കഥകളിൽ മാത്രം വായിച്ച, പാമ്പും ആനയും, പുലിയും കുരങ്ങുമൊക്കെ ഭാഗമായ വന സഞ്ചാരത്തിന്റെ ഓർമ്മയിൽ അവൻ വിറകൊണ്ടു കിടന്നു……
വനവാസം കഴിഞ്ഞു… !
ഇനി………?
പ്രജകൾക്കു വേണ്ടി പട്ടാഭിഷേകം നടത്തി രാജാവായ മര്യാദപുരുഷോത്തമന്റെ ദൗത്യമല്ല തനിക്കുള്ളത് ………
യുദ്ധം…… !
യുദ്ധകാണ്ഡം…… !
അതിന് പ്രത്യേകിച്ച് കാരണം ഒന്നും വേണ്ട…
രണ്ടു ദിവസത്തെ വന്യ നിമിഷങ്ങൾ മാത്രം മതി…
അമ്മ കരയരുത്… !
ഇനി ഒരിറ്റു കണ്ണീർ , ആ കണ്ണിൽ നിന്നും പൊഴിയാനിടവരരുത്… ….
ശത്രു ആരെന്നറിയാം…
അതു തന്നെയാണ് ഏക പ്രതിബന്ധവും…
കൊല്ലണ്ട… !
അടിവേര് മാന്തിയെടുക്കണം……
അമ്മയുടെ പണത്താലടിത്തറ പണിത അയാളുടെ സകല രമ്യഹർമ്മങ്ങളുടെയും അസ്ഥിവാരം തോണ്ടി പുറത്തിടണമെന്ന് അജയ് മനസ്സാലുറപ്പിച്ചു……
കാഞ്ചന ….!
വിനയനങ്കിളിന്റെ ഭാര്യയുടെ പേര് അവൻ മനസ്സിലേക്കെടുത്തു വെച്ചു……
അവരും കൂടി അറിഞ്ഞുള്ള കളിയാണെങ്കിൽ, അവരെയും വെറുതെ വിടുന്ന പ്രശ്നമില്ലെന്ന് അവൻ മനസ്സിൽ ഊട്ടിയുറപ്പിച്ചു……
അതിന്……….?
നാട്ടിലെത്തണം……
ഒരു തെറ്റും ചെയ്യാത്ത സ്ഥിതിക്ക് ആരെയും പേടിക്കേണ്ട കാര്യമില്ല……
കാരണം ചോദിച്ചു വരുന്നവർക്ക് വിശ്വസനീയമായ ഒരു കള്ളം കണ്ടെത്തണം.
അല്ലെങ്കിലും ആര് ചോദിച്ചു വരാൻ……….?
അമ്മിണിയമ്മ ചോദിച്ചാലായി……
പിന്നെ പൊലീസ്… ?.
വിനയനങ്കിളിന്റെ തലയിലിടാനേ നിർവ്വാഹമുള്ളൂ…
അല്ല , അയാൾ തന്നെയാണല്ലോ ഇതിനെല്ലാം കാരണക്കാരൻ…
നാളെ മുനിച്ചാമി എത്തുമായിരിക്കും……
അയാൾ മുഖേന ഒരു വാഹനം ഏർപ്പാടാക്കി സ്ഥലം വിടണം……
അല്ലെങ്കിലും ഇനിയിവിടെ തങ്ങുന്നത് ബുദ്ധിയല്ല …
ആനയുടെയും പുലിയുടെയും പിടിയിൽ നിന്ന് രക്ഷപ്പെട്ടു വന്നത്, വല്ലവന്റെയും തല്ലു കൊണ്ട് ചാകാനല്ലല്ലോ… ….
നാട്ടിലാണെങ്കിൽ തന്നെ, ഉണ്ട ചോറിന്റെ നന്ദിയെ കരുതി കരയാൻ അമ്മിണിയമ്മ എങ്കിലും കാണും…
ചെല്ലുമ്പോൾ , ആ കള്ളുകുടിയൻ പ്രശ്നങ്ങളൊന്നും ഉണ്ടാക്കിവെക്കാതിരുന്നാൽ മതിയായിരുന്നു …
അമ്മ അറിയാതെ വേണം എല്ലാം…!
അറിഞ്ഞാൽ സമ്മതിക്കില്ല……
എന്താണൊരു വഴി… ….?
അച്ഛനെന്ന പരിഗണന ഇനി അയാൾക്കു കൊടുക്കുന്ന പ്രശ്നമില്ലെന്ന് അജയ് മനസ്സിൽ അടിവരയിട്ടുറപ്പിച്ചു…