അവൾ പരിഭ്രമത്തോടെ മുഖമുയർത്തി, അവനെ നോക്കി…
“പേടിക്കണ്ട, അമ്മാ… ഇനി ഒരാൾക്കും നമ്മളെ കൊല്ലാനാവില്ല… ”
അവന്റെ സ്വരത്തിലെ മൂർച്ച അവളെ അത്ഭുതപ്പെടുത്തിക്കളഞ്ഞു…
പകൽ , ആരെങ്കിലും തിരഞ്ഞു വരാൻ സാദ്ധ്യത കുറവാണെന്ന് അവൻ കണക്കുകൂട്ടി…
രാത്രിയാകും അവർ വന്നിട്ടുള്ളത്……
വട്ടവടയിൽ നേരത്തെ എല്ലാവരും വീടണയുന്നതിനാൽ അങ്ങനെയാവാനാണ് സാദ്ധ്യത കൂടുതൽ……
അജയ് അടുക്കള പരിശോധിച്ചു…
ഒരാളും വീടിനകത്ത് കയറിയിട്ടില്ലെന്ന് അവന് ഉറപ്പായി……
സ്റ്റൗവിൽ അവൻ വെള്ളം ചൂടാക്കാൻ വെച്ചു…
“അമ്മ പോയി കിടന്നോ… ഞാൻ വിളിക്കാം…… ”
അജയ് അമ്മയുടെ മുഖത്തെ ക്ഷീണം കണ്ട് പറഞ്ഞു………
” നമ്മൾ കിടന്ന മുറിയിൽ കിടക്കണ്ട, അപ്പുറത്തേതിൽ മതി…… ”
അഭിരാമി ചെറിയ മടിയോടെ അടുക്കള വിട്ടു……
അജയ് ചായയുമായി ചെല്ലുമ്പോൾ അവൾ കിടക്കയിൽ ഉറങ്ങാതെ മിഴിനീർ വാർത്ത് കിടക്കുകയായിരുന്നു…
ബിസ്ക്കറ്റും ചായയും അവൻ ടേബിളിലേക്ക് വെച്ചു…
“അതൊക്കെ ഒന്ന് മാറിയിട്ട് കിടന്നുകൂടായിരുന്നോ … ?”
ഒരു ശകാര ഭാവത്തിലാണ് അവനത് ചോദിച്ചത്..
അവൾ ഒന്നും പറയാതെ കട്ടിലിൽ എഴുന്നേറ്റിരുന്നു……
അജയ് അപ്പുറത്തുള്ള മുറിയിൽ ചെന്ന് അവളുടെ ഒരു ജോഡി ചുരിദാറും ഒരു സ്വെറ്ററും എടുത്തു കൊണ്ട് വന്നു……
അഭിരാമി എന്നിട്ടും മടിച്ചിരുന്നതേയുള്ളൂ…
“ഇന്നേഴ്സ് എവിടെ………. ? ”
“എന്റെ ബാഗിലുണ്ട്…… ”
അവൾ പതിയെ പറഞ്ഞു……
അവൻ അതും കൂടി എടുത്ത് കൊടുത്തിട്ട് തിരികെ അടുക്കളയിലേക്ക് പോയി……
ആറേഴു ചപ്പാത്തി അവൻ ധൃതിയിലുണ്ടാക്കി……
ഏഴും ഏഴ് വൻകരകൾ പോലെയായിരുന്നു.
മുട്ട പുഴുങ്ങി ചിക്കൻ മസാലയിട്ട് ഒരു ചാറുകറി……….
മഞ്ഞൾപൊടി ഇടാത്തതിനാൽ പുഴയിലെ വെള്ളാരം കല്ലു പോലെ മുട്ടയങ്ങനെ വെളുത്ത് ചാറിൽ കിടന്നു……
ഫ്ളാസ്കിൽ നിറയെ ചായയും എടുത്ത് , കാസറോളിൽ ഭക്ഷണവും എടുത്തു വെച്ച് , അവൻ അതുമായി മുറിയിലേക്ക് വന്നു.
അവൾ വസ്ത്രം മാറിയിരുന്നില്ല…
” ഇത് വലിയ കഷ്ടമാണമ്മാ.. ”
ദേഷ്യം വന്നെങ്കിലും ശബ്ദം പുറത്തു പോകാതിരിക്കാൻ അവൻ അങ്ങനെയാണ് പറഞ്ഞത്.
അവൾ അതു കേട്ട് പതിയെ എഴുന്നേറ്റു …
അജയ്,ആ സമയം കൊണ്ട് ഹാളിലും മുറിയിലും ഒന്നുകൂടി പരിശോധിച്ചു.