കാറിന് ഓടി വലം വെച്ച് , ഡ്രൈവിംഗ് സീറ്റിന്റെ ഡോർ തുറക്കാനാഞ്ഞ രാജീവ് തലയ്ക്കടിയേറ്റ് കാറിനു മുകളിലേക്ക് വീണു…
“” ഹമ്മേ………”
ബോണറ്റിനു മുകളിലൂടെ അയാളുടെ മുഖത്തിരുന്ന ഗ്ലാസ്സ് , തെന്നിയിറങ്ങി ഇന്റർലോക്കിനു മുകളിലേക്ക് വീണു…
അടി എവിടുന്നാണെന്നോ, ആരാണെന്നോ മനസ്സിലാകാതെ, തലയ്ക്കകത്തെ പെരുപ്പു മാറാതെ, രാജീവ് കാറിൽ കൈ കുത്തി പതിയെ തിരിഞ്ഞു..
ഇന്റർലോക്ക് ബ്രിക്സ് പിടിച്ച ഒരു കൈയ്യാണ് രാജീവ് ആദ്യം കണ്ടത്…
തുറന്ന വാതിലിലൂടെ പുറത്തേക്ക് പരന്ന വെളിച്ചത്തിലേക്ക് , പിന്നാലെ തീ പിടിച്ച ഒരു മുഖം വന്നു…
വിനയചന്ദ്രൻ……..!
കണ്ണു ചിമ്മി രാജീവ് ഒന്നുകൂടി അയാളെ നോക്കി… ….
ഇരുട്ടിൽ പ്രേതം പോലെ നിൽക്കുന്നത് വിനയചന്ദ്രൻ നിൽക്കുന്നു…
“” എങ്ങോട്ടാ രാജീവേ ധൃതിയിൽ……….?””
ചോദ്യത്തോടെ വിനയചന്ദ്രൻ മുന്നോട്ട് ഒരടി വെച്ചു…
കാറിനുള്ളിൽ നിന്ന് ട്രീസയുടെ ഞരക്കവും മൂളലും രാജീവ് കേട്ടു…
ഹൃദയം പറിഞ്ഞു പോകുന്ന വേദനയോടെ രാജീവ് നിസ്സഹായനായി അയാളെ നോക്കി…
“ വിനയേന്ദ്രാ………. എനിക്കവളെ രക്ഷിക്കണം… “
“” ആദ്യം നീ രക്ഷപ്പെടുമോന്ന് നോക്കടാ നായേ……………..?””
പറഞ്ഞതും വിനയചന്ദ്രൻ കൈ വീശി…
രാജീവിന്റെ ഇടത്തെ താടിയെല്ലും ചെവിയും കൂട്ടി ബ്രിക്സ് ശക്തിയിലടിച്ചു…
പിടി വിട്ട് രാജീവ് ഡോറിലൂടെ നിലത്തേക്കൂർ ന്നു…
കൊട്ടിയടച്ചു പോയ അയാളുടെ ചെവിയിലേക്ക് , പതിയെ ഒരിരമ്പം വന്നു തുടങ്ങി… ….
ഒരു നിമിഷത്തിനകം ട്രീസ കാറിനകത്തു നിന്ന് ഊർദ്ധ്വൻ വലിക്കുന്നത് രാജീവ് കേട്ടു…
ട്രീസയും പോവുകയാണ്……..!
പണവും വാഹനവും അടുത്ത് ഹോസ്പിറ്റലും ഉണ്ടെന്നിരിക്കെ, നിസ്സഹായതയുടെ പടുകുഴിയിൽ കിടന്ന് അയാളുടെ ഹൃദയം, ഹൃദയം മാത്രം വിലപിച്ചു കൊണ്ടിരുന്നു…
“” കൊള്ളി വെയ്ക്കാനുള്ളവനെ കൊല്ലാൻ തുനിഞ്ഞ നീ ഇതിൽക്കുറഞ്ഞതൊന്നും അർഹിക്കുന്നില്ല രാജീവേ………. “
ഗഹ്വരത്തിൽ നിന്നെന്നപോലെ വിനയചന്ദ്രന്റെ സ്വരം രാജീവ് കേട്ടു..
അടിയേറ്റ് കലങ്ങിയ അയാളുടെ ബോധത്തിലേക്ക് അഭിരാമിയുടെയും മകന്റെയും മുഖം കടന്നു വന്നു…
“” നിന്റെ ഭീഷണി കേട്ട് ഊരും വാരിപ്പിടിച്ചോടിയ ഒരമ്മയുടെയും മകന്റെയും അവസ്ഥ, കുമ്പസാരിപ്പിച്ചിട്ടാ ഞാൻ കാഞ്ചനയെ അങ്ങ് തീർത്തത്… …. “