“എഴുന്നേൽക്ക് ഇത്തിരി ചൂട് കാപ്പി കുടിച്ചു കഴിഞ്ഞാൽ കുറച്ചു ആശ്വാസം കിട്ടും…”
അവനെ തട്ടി വിളിച്ചെങ്കിലും ഒട്ടും വയ്യാതെ അവൻ അനങ്ങാതെ കിടന്നു.
അതോടെ പായയിൽ ഇരുന്ന സുജ അവനെ വലിച്ചു പൊക്കി അവളുടെ മാറിലേക്ക് ചേർത്ത് പിടിച്ചു, ഊർന്നു പോകാതെ ഇരിക്കാൻ വട്ടം കൈകൊണ്ടു താങ്ങി.
ശിവന്റെ മുഖം അപ്പോൾ അവളുടെ മാറിലായിരുന്നു, തലയിൽ പിടിച്ചു അവന്റെ ചുണ്ടിലേക്ക് ഊതി ആറ്റിയ കാപ്പി അവൾ പകർന്നു കൊടുത്തുകൊണ്ടിരുന്നു,
ശിവന്റെ കണ്ണിൽ നിന്നും ഉരുണ്ടിറങ്ങിയ കണ്ണീർ അവളെയും വല്ലാതെയാക്കി, കണ്ണുകൾ തുറക്കാൻ പോലും കഴിയാതെ ശിവൻ അത്രയും തളർന്നു പോയിരുന്നു.
ചുണ്ടിനിടയിലൂടെ ഒഴുകിയിറങ്ങിയ കാപ്പി അവൾ സാരിതുമ്പാൽ തുടച്ചെടുത്തു,
ഗ്ലാസ്സൊഴിഞ്ഞപ്പോൾ അവനെ അവൾ മടിയിൽ കിടത്തി പുതപ്പുകൊണ്ട് മൂടി തലോടി കൊടുത്തു.
പതിയെ മയക്കത്തിലേക്ക് വീണ അവനെയും വഹിച്ചുകൊണ്ട് അവൾ അവിടെത്തന്നെ ഇരുന്നു,
സമയം പോവുന്നതിന്റെ നിലയറിഞ്ഞപ്പോൾ വേറെ വഴി ഇല്ലാതെ അവൾ പായയിലേക്ക് അവനെ കിടത്തി പുതപ്പിച്ചുകൊടുത്തു.
കുടിലിൽ നിന്നിറങ്ങുമ്പോൾ അവളുടെ മനസ്സ് ആർദ്രമായിരുന്നു, ഈ അവസ്ഥയിൽ അവനെ വിട്ടു പോരുന്നതിലുള്ള സംഘർഷം അവളിൽ തന്നെ ഒതുക്കി അവൾ വേഗം പുഴക്കരയിൽ നിന്നും തിരികെ നടന്നു.
******************
തിങ്കൾ അതിരാവിലെ ഗ്രാമം ഉണരും മുൻപ് സുജ ഉണർന്നു.
തലേന്ന് വച്ച ചോറ് വെള്ളം ചൂടാക്കി അതിലേക്കോഴിച്ചു കഞ്ഞിയാക്കി അവൾ പുലരും മുൻപ് വീട് വിട്ടിറങ്ങി ആരും അറിയാതെ പുഴക്കരയിലെ കുടിലിൽ അവൾ എത്തി തുറന്നു അകത്തു കയറുമ്പോൾ തണുപ്പിൽ വിറച്ചുകൊണ്ട് ശിവൻ കിടപ്പുണ്ടായിരുന്നു,
കൊണ്ടുവന്ന കഞ്ഞി അവൻ കാണാൻ പാകത്തിന് വച്ച് കാപ്പി തിളപ്പിച്ച ശേഷം സുജ തിരികെ വീട്ടിലേക്ക് പോയി.
പാതിബോധത്തിൽ സുജ വരുന്നതും പോവുന്നതുമെല്ലാം ശിവൻ അറിയുന്നുണ്ടോ എന്ന് പോലും സുജ അറിഞ്ഞിരുന്നില്ല
അവളുടെ മുന്നിൽ ഒരിക്കൽ തന്റെയും മോളുടെയും ജീവൻ രക്ഷിച്ചവനോടുള്ള കടപ്പാട് മാത്രം ഉയർന്നു നിന്നിരുന്നു.
******************
“പിള്ള ചേട്ടോ….ഇന്ന് നമുക്കൊന്ന് കൂടണം..”
കടയും തുറന്നു ഇരുന്ന പിള്ളയുടെ അടുത്തേക്ക് വന്നുകൊണ്ട് അരവിന്ദൻ പറഞ്ഞു.
“എന്നാടാ…പെട്ടെന്നൊരു വെളിപാട്….”
“ആഹ് വെളിപാട് തന്നെയാന്നു കൂട്ടിക്കോ…..ശിവന്റെ ആളെ കിട്ടി…അറിഞ്ഞ പിള്ള ചേട്ടൻ ഞെട്ടും,….”
“ഏഹ്…ആരാടാ….!!!”