ഇഞ്ചിയും പച്ചമുളകും പച്ചക്കുരുമുളകും കൂട്ടി അമ്മിയിലരച്ചു അരപ്പുമായി അവൾ തിരികെ കയറി,
കഴുകി വച്ചിരുന്ന ഇറച്ചിയിൽ അരപ്പ് മൊത്തമായി വിരകി അടുക്കളയിൽ ബാക്കി ഉണ്ടായിരുന്ന ഉപ്പും, കുപ്പിയുടെ അടിയിൽ പറ്റിയിരുന്ന കുറച്ചു മുളകുപൊടിയും മഞ്ഞളും കൂട്ടി ഒന്നുകൂടെ വിരകുമ്പോൾ സഞ്ചിയിൽ നിന്ന് മറ്റൊരു ചെറിയ പൊതി കൂടി കണ്ടെത്തിയ അനു അത് അമ്മയ്ക്ക് നീട്ടി.
കടലാസ്സിൽ പൊതിഞ്ഞ പൊതി മണത്തപ്പോൾ മസാലയുടെ മണം മൂക്ക് തുളച്ചു.
പൊതി തുറന്നു അതിൽ നിന്നും കുറച്ചെടുത്തു പുരട്ടി വച്ചിരിക്കുന്ന ഇറച്ചിയിൽ തൂകി, വേപ്പിലയും പച്ച വെളിച്ചെണ്ണയും കൂടെ ചേർത്ത് അവൾ ആഹ് മൺചട്ടി ചോറ് കലത്തിനു അടുത്തുള്ള അടുപ്പിലേക്ക് വച്ച് തീ പകുത്തു കൊടുത്തു.
തിളച്ചു പൊങ്ങി വെള്ളം പതഞ്ഞൊഴുകിയ അരിക്കലം അരിയുടെ വേവ് അറിയിച്ചപ്പോൾ അത് ഇറക്കി വച്ച് അഹ് അടുപ്പിൽ വിറക് കൂട്ടി കുറച്ചൂടെ തീ കൂട്ടി ഇറച്ചി വച്ചിരുന്ന ചട്ടി അതിലേക്ക് മാറ്റി,
“ആവാറായോ അമ്മെ…”
അടുപ്പിലേക്ക് കണ്ണുനട്ടുള്ള അനുവിന്റെ ചോദ്യം കേട്ട് സുജയിൽ ഒരു ചിരി വിടർന്നു.
“കുറച്ചൂടെ അനൂട്ടിയെ…”
അനുവിന്റെ കണ്ണുകളിൽ കൊതി നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.
ഇറച്ചിയിലെ നെയ്യുരുകി മസാലകൂട്ടുമായി ചേർന്ന് മനം മയക്കുന്ന മണം അവിടെ പരന്നു തുടങ്ങിയിരുന്നു.
പാത്രത്തിന്റെ മൂടി മാറ്റിയപ്പോൾ വേവുന്ന ഇറച്ചിക്കറിയുടെ മണം അടുക്കളയിലാകെ തിങ്ങിനിറഞ്ഞു.
ഒന്നിളക്കി വീണ്ടും അടപ്പ് മൂടി കൊതിയെ നീട്ടിക്കൊണ്ട് അവർ ഇരുന്നു.
തവികൊണ്ടു തിളപൊങ്ങിയ മൂടിതട്ടി മാറ്റി ഒരു കഷ്ണം വേവ് നോക്കാനായി എടുത്തപ്പോൾ നാവിൽ വെള്ളം ഇറ്റിച്ചുകൊണ്ട് അത് തന്നെ നോക്കിയിരുന്ന അനുവിനും കൂടെ ഒരു കഷ്ണം സുജയെടുത്തു.
ആവിപറക്കുന്ന കഷ്ണം ഊതിയൂതി ചൂടാറ്റി വായിലേക്ക് വച്ചപ്പോൾ നാവിൽ വിരിഞ്ഞ പുതിയ രുചിയുടെ അനുഭൂതിയിൽ അവളുടെ കുഞ്ഞുചുണ്ടിൽ പുഞ്ചിരി തിളങ്ങി.
പതിയെ അത് സന്തോഷാധിക്യം കൊണ്ടുള്ള നനവായി കണ്ണിൽ നിന്നും ഒഴുകിയിറങ്ങിയപ്പോൾ കണ്ടു നിന്ന സുജയുടെയും കണ്ണ് നിറഞ്ഞു വന്നു.
പ്ലേറ്റിൽ പൂ പോലുള്ള ചോറും ഇറച്ചി വേവിച്ചതും വിളമ്പി അന്ന് രാത്രിയവർ കഴിക്കുമ്പോൾ അനു സ്വർഗം കിട്ടിയപോലെ ആസ്വദിച്ചു കഴിച്ചു സുജയുടെ മനസ്സിൽ ശിവന്റെ മുഖവും.
*************
പൊട്ടിയ ഓടിലൂടെ അന്തരീക്ഷത്തിൽ ഒരു വെളിച്ചത്തിന്റെ രശ്മി തീർത്തുകൊണ്ട് തറയിൽ വീണ നിലാവെളിച്ചത്തിൽ നോക്കി കിടക്കുകയായിരുന്നു സുജ തന്നോടൊട്ടി കിടക്കുന്ന അനുവിന്റെ മുടിയിലൂടെ വിരലോടിച്ചു കിടക്കുമ്പോഴും സുജയെ ചിന്തകൾ അലട്ടി.
ശിവനിലായിരുന്നു അവളുടെ ചിന്തകൾ എത്തി നിന്നത്.
ശിവൻ ഇന്ന് നീട്ടിയ സഹായത്തിനു വേറെ എന്തെങ്കിലും ഉദ്ദേശം ഉണ്ടാവുമോ എന്നറിയാതെ അവൾ ഉലഞ്ഞു.
നാട്ടിൽ തന്റെ സാഹചര്യം മുതലെടുക്കാൻ ശ്രെമിക്കാത്ത ചുരുക്കം ചിലരെ