ഹൃദയത്തിനൊപ്പം സ്വരവും ഇടറിയിരുന്നു.
അനുവിന്റെ കണ്ണ് തുടച്ചു അവളോടൊപ്പം അകത്തേക്ക് കയറിയ സുജയ്ക്ക് മറ്റൊന്നും വിഷയമായിരുന്നില്ല മോളുടെ വിശപ്പ്, അതടക്കണം എന്ന തീരുമാനം മാത്രം.
അടുക്കളയിലെത്തി വിറക് കൂട്ടി അടുപ്പിൽ വെള്ളം നിറച്ച കലം വക്കുമ്പോഴും അരി കഴുകി കൊണ്ട് വന്നു മാറ്റി വെക്കുമ്പോഴും വല്ലാത്ത ചടുലത അവളിൽ നിറഞ്ഞിരുന്നു.
തിള വന്ന വെള്ളത്തിലേക്ക് അരി പകർന്നു കഴിഞ്ഞാണ്. തേക്കിലയിലെ പൊതി അവൾ തുറന്നത്,…
നുറുക്കിയ നിലയിൽ ഇറച്ചി തുറന്ന ഇലയിൽ ഉണ്ടായിരുന്നു
അമ്മയുടെ കയ്യിലേക്ക് എത്തി നോക്കുന്ന അനുവിന്റെ കണ്ണിലും അത്ഭുതവും കൗതുകവും നിറഞ്ഞു.
സ്കൂൾ വിട്ടു വരുമ്പോൾ പലപ്പോഴും കടയിൽ തൂക്കി ഇട്ടിരുന്ന ഇറച്ചി കാണുമായിരുന്നെങ്കിലും ഓര്മ വച്ചിട്ടിതുവരെ വീട്ടിൽ വാങ്ങിച്ചിട്ടോ പാകം ചെയ്തിട്ടോ ഇല്ലാത്ത ഒരപൂർവ്വ വസ്തു ആയിരുന്നു അവൾക്കത്, അമ്മയ്ക്കത് വാങ്ങാൻ പാങ്ങില്ല എന്ന് മനസ്സിലായ നാൾമുതൽ അതിനുവേണ്ടി അവൾ ആഗ്രഹിച്ചിട്ടുമില്ലയിരുന്നു.
കയ്യിലിരുന്ന ഇറച്ചി കഷ്ണങ്ങളിലേക്ക് നോക്കിയ സുജ കൗതുകത്തോടെ അത് നോക്കുന്ന അനുവിനെയും കണ്ടു.
ഒരു പാത്രത്തിലേക്ക് ഇറച്ചി പകർന്നു കഴുകുമ്പോൾ ഒരു കുഞ്ഞിപൂച്ചയെപോലെ അവൾ അമ്മയെ ഉരുമ്മി നിന്ന് എല്ലാം കാണുകയായിരുന്നു.
കഴുകി മാറ്റിയ ഇറച്ചി അടുക്കളയിൽ വച്ച് സുജ പിന്നാമ്പുറത്തേക്കിറങ്ങി.
അവിടെ ഓരത്തു നട്ടു വച്ചിരുന്ന ഇഞ്ചി ചെടിയുടെ കൂട്ടത്തിൽ നിന്നും മണ്ണുമാറ്റി പാകമായ ഒരു ഇഞ്ചി മണ്ണിൽ നിന്നും വേർപ്പെടുത്തി കൈയിലാക്കി, അടുത്ത് നിന്ന മുളക് ചെടിയിൽ നിന്നും അഞ്ചാറു മുളകും പറിച്ചു,
പിന്നാമ്പുറത്തുനിന്നു അല്പം മാറി തെങ്ങിൽ പടർന്നു തളർന്ന ദാരിദ്ര്യം പിടിച്ച കുരുമുളകിന്റെ താഴെ കൊടിയിൽ നിന്നും കുറച്ചു പച്ചക്കുരുമുളകും, വരുംവഴി പൊട്ടിച്ചെടുത്ത കറിവേപ്പിലയുമായി അടുക്കളയിലേക്ക് തിരികെ കയറിയ സുജയെകാത്തു അനു പടിയിൽ തന്നെ നിൽപ്പുണ്ടായിരുന്നു.
കിണറ്റിൻ കരയിൽ വച്ച് കഴുകിയെടുത്ത സാധങ്ങൾ എല്ലാം അവൾ അമ്മിക്കരികിൽ വച്ചു.
അമ്മിയിൽ അപ്പോഴും പാതിയാക്കിയ ബുദ്ധിമോശത്തിന്റെ ബാക്കിപത്രമെന്നോണം ചാവാൻ അരച്ച് പകുതിയാക്കിയ വേര് അവളെ നോക്കുന്നുണ്ടായിരുന്നു.
അത് കണ്ടു ഒരുനിമിഷം സ്വയം വെറുപ്പ് തോന്നിയ സുജ അമ്മിയിൽ നിന്നും അതെടുത്തു ദൂരെ കളഞ്ഞു,
അമ്മിയെ പല ആവർത്തി അവൾ കഴുകി,