അടുത്ത നിമിഷം കുഞ്ഞൂട്ടി അവിടെ ഹാജരായി.
“നീ ഇതെവിടാരുന്നെടാ….
ജീപ്പ് ഇറക്ക് ഇവളെ നമുക്ക് കൊണ്ട് പോയി ആക്കാം…”
സണ്ണി പറഞ്ഞതുകേട്ട കുഞ്ഞൂട്ടി ജീപ്പുമായി വന്നു.
മുൻപിൽ കുഞ്ഞൂട്ടിയോടൊപ്പം സണ്ണിയും പിറകെ ശ്രീജയും കയറി.
കുന്നിന്റെ ഏങ്കോണിച്ചുള്ള വഴിയിൽ കുലുങ്ങി ജീപ്പ് താഴേക്ക് ഓടിയിറങ്ങാൻ തുടങ്ങി.
“കുഞ്ഞു നിന്റെ ചേച്ചിയുടെ കല്യാണാലോചന എവിടെ വരെ ആയട…”
മുൻപിലെ സീറ്റിലേക്ക് ചാഞ്ഞു ശ്രീജ ജീപ്പോടിക്കുകയായിരുന്ന കുഞ്ഞൂട്ടിയോട് ചോദിച്ചു.
“ഒരു കൂട്ടര് ഈ ആഴ്ച വരുന്നുണ്ട് ചേട്ടത്തി….
മൂക്കൻപാറേൽ ഉള്ളൊരാ…
അവിടെ ആൾക്ക് ടൗണിൽ ജീപ്പോടിക്കലാ ജോലി…”
“നല്ല കൂട്ടരാണേൽ നമ്മുക്ക് അങ് നടത്താടാ കുഞ്ഞു.
ചെക്കന്റെ സ്വഭാവം നോക്കിയാൽ മതി ബാക്കി ഒക്കേ നമുക്ക് ചെയ്ത് കൊടുക്കാവുന്നതല്ലേ ഉള്ളൂ…”
“ഞാനും പറഞ്ഞിട്ടൊണ്ട് ആളെക്കുറിച്ചു നല്ലോണം ഒന്നന്വേഷിക്കാൻ ചെക്കൻ നല്ലൊരാളാണേൽ പിന്നെ ബാക്കി എല്ലാം അങ് നടത്താം.”
സണ്ണിയും ശ്രീജയുടെ വാക്കിനോട് ചേർത്തു.
“ഓഹ് ചേച്ചീടെ കെട്ട് കഴിഞ്ഞാൽ പിന്നെ ചാൻസ് നമ്മുടെ കുഞ്ഞൂനാ അല്ലെ ഇച്ഛായാ…”
കുഞ്ഞൂട്ടിയെ കളിയാക്കികൊണ്ട് ശ്രീജ പറഞ്ഞു.
“ചേട്ടായി നിക്കുമ്പോ അനിയൻ കെട്ടുന്നെതെങ്ങനാ….ചേട്ടായി എന്ന് ചേട്ടത്തിയുടെ കഴുത്തിൽ മിന്ന് കെട്ടുന്നോ അതുകഴിഞ്ഞു നോക്കാം എന്റെ കാര്യം.”
കുഞ്ഞൂട്ടിയുടെ വാക്കുകൾ ഉറപ്പുള്ളതായിരുന്നു, ചെറുപ്പത്തിലെങ്ങോ കൂടെക്കൂട്ടിയതാണ് സണ്ണി കുഞ്ഞൂട്ടിയെ,
ഒരു വയറ്റിൽ പിറന്നില്ലെങ്കിലും തമ്പുരാൻ കനിനനുഗ്രഹിച്ചു കൊടുത്ത ഒരനിയൻ അവനും സണ്ണി സ്വന്തം ചേട്ടൻ ആയിരുന്നു.
അവന്റെ ചോദ്യത്തിന് ഉത്തരമറിയാതെ അവർ രണ്ടുപേരും അവരുടെ വിചാരങ്ങളിൽ ലയിച്ചു.
************
തണുപ്പ് അരിച്ചിറങ്ങി തുടങ്ങിയപ്പോൾ അല്പം ചൂടിന് വേണ്ടി കുഞ്ഞൂട്ടി ഷർട്ടിന്റെ മടക്കിൽ വച്ചിരുന്ന ബീഡിയും എടുത്തു പുകയെടുക്കാനായി മാറിയപ്പോഴായിരുന്നു, ഇരുന്നു മടുത്ത സുജ എന്തായാലും ഓഫീസിൽ പോയി സണ്ണിയെ കണ്ടു കാര്യം പറയാം എന്ന് കരുതി അങ്ങോട്ട് നടന്നെത്തിയത്.
തുറന്നു കിടന്ന ഓഫീസിലെ വലിയ മരവാതിൽ കടന്നു തല ഇട്ടു എത്തിനോക്കിയ സുജ ആരെയും കാണാതിരുന്നത് കൊണ്ട് അകത്തേക്ക് കടന്നു.