ഞാനും ആമിയും ഇഡ്ഡലി കഴിച്ച് കഴിഞ്ഞപ്പോഴേക്കും അമ്മ കുളിച്ചിട്ട് എത്തി.
“നീ ഇതുവരെ റെഡി ആയില്ലേ. വേഗാവട്ടെ. ഉച്ചക്ക് മുന്നേ പോയി വരണം. വെയിൽ കൂടിയാൽ പിന്നേ പോക്ക് വൈകിട്ട് ആക്കണ്ടി വരും.” അമ്മ പറഞ്ഞത് കേട്ട് ഞങ്ങൾ ഒന്ന് ഞെട്ടി.
“അയ്യോ വൈകിട്ട് പറ്റില്ല. വൈകിട്ട് എനിക്ക് കളി ഒണ്ട്.” ഞാൻ പെട്ടന്ന് അമ്മ ആ ആലോചനയിൽ നിന്ന് പിന്മാറാനായി പറഞ്ഞു.
റൂമിലേക്കു കേറാൻ നിന്ന അമ്മ ഒന്ന് തിരിഞ്ഞു നിന്ന് എന്നെ രൂക്ഷമായി നോക്കി.
“എന്റെ ഒരു വിധി. ഇമ്മാതിരി പോത്തുകൾക്ക് ഒക്കെ പെണ്ണ് നോക്കുന്ന എന്നെ പറഞ്ഞാൽ മതി. ശെരിക്കും ഞാൻ ആ പെണ്ണിനോട് ചെയ്യന്നത് ചതി ആണ്. നിന്നെ ഒക്കെ ആ കൊച്ച് എങ്ങനെ സഹിക്കുവോ എന്തോ.”
“മം… അവൾടെ സ്വഭാവം വെച്ച് അവൾ ഇവിടെ വന്ന് ഇവിടുത്തെ പിള്ളേർടെ കൂടെ പുതിയ ടീം ഉണ്ടാക്കും. എന്നിട്ട് എനിക്ക് എതിരെ കളിക്കും. അത് അമ്മക്ക് അറിയില്ലല്ലോ.” ഞാൻ മനസ്സിൽ പറഞ്ഞു. *************** അധികം വൈകാതെ തന്നെ ഞങ്ങൾ റെഡി ആയി. ആമി എന്റെ ഡ്രസ്സ് ഒക്കെ നല്ല വടി പോലെ തേച്ചു വെച്ചിട്ടുണ്ടാരുന്നു. കൊള്ളാം നന്നായിട്ടുണ്ട്. പക്ഷെ അത് അവളോട് പറഞ്ഞാൽ പിന്നെ ചെലപ്പോൾ ചെയ്തു തരില്ല.
ഇറങ്ങുന്നതിനു തൊട്ട് മുൻപ് ഞാൻ നയനയ്ക്ക് മെസ്സേജ് അയച്ചു. അവൾ ഓൺലൈൻ ഇല്ലാത്തത്കൊണ്ട് ഒരു മിസ്സ്‌കാളും കൊടുത്തു.
ആമിക്ക് ടാറ്റാ കൊടുത്തു അമ്മ വന്ന് വണ്ടിയിൽ കയറി. അവൾ അമ്മ കാണാതെ എന്റടുത്തു വന്ന് ഒരു ഓൾ ദി ബെസ്റ്റ് പറഞ്ഞിട്ട് പോയി.
പിന്നെ താമസിച്ചില്ല ഞാൻ വേഗം വണ്ടി എടുത്തു.
“അമ്മേ ഇന്നലെ ആമി പറഞ്ഞത് പോലെ വേണം ഒക്കെ ചെയ്യാൻ. അഥവാ ഇനി ആ പെണ്ണിന്റെ കല്യാണം വല്ലതും ഉറപ്പിച്ചിട്ടുണ്ടേൽ നമ്മൾ വെറുതെ നാറാൻ നിക്കണ്ട അതാ.” പോണ വഴി അമ്മയോട് പ്രത്യേകം പറഞ്ഞു
“ഡാ ഞാനേ നിന്റമ്മ ആണ്. അത്കൊണ്ട് കള്ളത്തരം ചെയ്യാൻ നീ എന്നെ പഠിപ്പിക്കണ്ട. എന്താ വേണ്ടത് എന്ന് വെച്ചാൽ ഞാൻ ചെയ്തോളാം പൊന്നുമോൻ കൂടെ ഒന്ന് വന്നാൽ മതി.” അമ്മയുടെ മാസ്സ് റിപ്ലൈ കേട്ട് ഞാൻ ഒന്ന് പ്ലിങ്ങിപോയി.