ആമി ചിരി അടക്കി പിടിച്ചു ഇരുന്നു. അവസാനം ഞാൻ രണ്ടും കല്പിച്ചു ചോദിച്ചു.
“അല്ലമ്മേ നമ്മൾ ഇന്ന് പോകുന്നുണ്ടോ? ” “എവിടെ? ” അമ്മ എന്നെ ഒന്ന് നോക്കി. എന്റെ നെഞ്ച് കത്തി. അമ്മക്ക് അൽഷിമേഴ്‌സ് വല്ലതും ഉണ്ടോ ദൈവമേ.
“ഹ ഇന്നലെ അല്ലേ അമ്മ പറഞ്ഞത് ഇന്ന് പെണ്ണ് കാണാൻ പോണം എന്ന് മറ്റേ പെണ്ണിനെ. എന്താരുന്നു അതിന്റെ പേര് വിനയയോ നിമിഷയോ അങ്ങനെ എന്തോ അല്ലേ?”
എന്റെ അതി ബുദ്ധിപരമായ നീക്കം കണ്ട് ആമിയുടെ കണ്ണ് തള്ളി പോയി.
“ഓ വിനയേം രമണീം ഒന്നുമല്ല. നയന. അതാണ് പേര്.” അമ്മ എന്നെ തിരുത്തികൊണ്ട് പറഞ്ഞു.
“ആഹ് നയന എങ്കിൽ നയന. ഇന്ന് പോകുന്നുണ്ടോ?” ഞാൻ ദുർബലമായി ചോദിച്ചു. എന്റെ നെഞ്ചിന്റെ ഇടി എന്റെ കാതിൽ കേക്കാൻ പറ്റുന്നുണ്ടാരുന്നു.
“പിന്നെ പോകണ്ടേ. എന്തായാലും അത് കൂടി നോക്കിക്കളയാം. ആദ്യം നീ ഇത് എടുത്തു കഴിക്കാൻ നോക്ക് അപ്പോഴേക്കും ഞാൻ കുളിച്ചു വരാം. ആമിമോളെ മോളും എടുത്തു കഴിക്കാൻ നോക്ക്. മോള് വരുന്നില്ലേ?”
“ഞാൻ ഇല്ല വല്യമ്മേ, ഞാൻ ആ ചേച്ചിയെ കണ്ടിട്ടുള്ളത് അല്ലേ. എനിക്ക് ശെരിക്കും ഇഷ്ടായി. ഇവർ തമ്മിൽ നല്ല ചേർച്ച ആണ്. പിന്നെ ഇത് നടക്കും എന്നാണ് എനിക്ക് തോന്നണേ. അത്കൊണ്ട് നിങ്ങൾ പോയിട്ട് വാ.” ആമി എന്നെ ഒന്ന് നോക്കി അർത്ഥം വെച്ച് പറഞ്ഞു.
“ഹാ… ഇതെങ്കിലും നടന്നാൽ മതിയാരുന്നു. ഇതിപ്പോ എത്രാമത്തെ പെണ്ണുകാണൽ ആണ്.” അമ്മ ഒരു ദീർഘനിശ്വാസം എടുത്തു. എന്റെ കല്യാണം നടക്കാത്തതിൽ അമ്മക്ക് നല്ല വിഷമം ഉണ്ട്. അത് പിന്നെ എല്ലാ അമ്മമാർക്കും കാണുമല്ലോ.
അമ്മയുടെ ആ മറുപടി കേട്ടപ്പോൾ ആണ് എനിക്ക് സമാധാനം ആയത്. അപ്പൊ എന്തായാലും ഇന്ന് പോകും എന്ന് ഉറപ്പായി. പകുതി ടെൻഷൻ അങ്ങനെ തീർന്നു. ഇനിയുള്ളത് നയനയുടെ അച്ഛന്റെ സമ്മതം വാങ്ങുക എന്നത് ആണ്. സാദാരണ രീതിയിൽ ആയിരുന്നേൽ പ്രശ്നം ഇല്ലായിരുന്നു പക്ഷെ ഇന്ന് അവളുടെ അച്ഛൻ കണ്ടുവെച്ച ആൾക്കാർ വരും അതാണ് ഒരു തടസ്സം. പക്ഷേ സ്വന്തം മകളുടെ മനസ്സറിയുന്ന ഒരു അച്ഛൻ ആണ് നയനയുടേത്. ആ ഒരു ഉറപ്പ് തന്നെ ആയിരുന്നു എന്റെ മനസ്സിന്റെ ധൈര്യം.