ഞാൻ ഇരുന്നിടത്തു നിന്ന് തുള്ളി പോയി അവളുടെ പറച്ചിൽ കേട്ട്. വേഗം ചാടി എഴുനേറ്റു അവളുടെ വാ പൊത്തി.
“എന്റെ പൊന്നേ ചതിക്കരുത്. നീ എന്റെ ശവം കണ്ടേ അടങ്ങു അല്ലേ.”
“ആഹ് ഈ പേടി എപ്പഴും വേണം. കേട്ടല്ലോ. പിന്ന ഇത്ര ജാഡ ഒന്നും വേണ്ട അതും കുറക്കണം.”
“ഓ ശെരി ഇനി എല്ലാം നീ പറയുംപോലെ പോരെ.” എന്റെ ഒരു ഗതികേട്.
“മം.. ഞാൻ എന്തിനാ ഇപ്പൊ വന്നെന്നു പ്രത്യേകം പറയണ്ടല്ലോ എല്ലാം ഒളിഞ്ഞു കേട്ടില്ലേ. അപ്പൊ പിന്നേ വേഗം ചെന്ന് കുളിച്ചു റെഡി ആയിക്കോ. ഇടാനുള്ള ഡ്രസ്സ് ഒക്കെ എടുത്തു വെച്ചിട്ട് പോ ഞാൻ തേച്ചു തരാം.”
എന്റെ മറുപടി കാക്കാതെ അവൾ വീണ്ടും അടുക്കളയിലേക്ക് പോയി. എനിക്ക് പലപ്പോഴും ഇവളുടെ സ്വഭാവം മനസ്സിലാവാറില്ല. ചെലപ്പോൾ തോന്നും ഇവളാണ് എന്റെ അമ്മ എന്ന്. അത്പോലെ എന്നെ ഭരിക്കാൻ വരും. ചില സമയം അമ്മയേക്കാൾ ഡെയ്ഞ്ചർ ആമിയാണ്. പല കാര്യങ്ങൾക്കും എന്നെ അമ്മയുടെ മുന്നിൽ ഒറ്റിക്കൊടുത്തു എന്നെ ചീത്ത കേൾപ്പിക്കുന്നത് ഇവളുടെ ഹോബി ആണ്. എന്നാൽ അതെ ഇവൾ തന്നെ ആണ് ആ പ്രശ്നത്തിൽ നിന്നൊക്കെ അമ്മയുടെ കയ്യിൽ നിന്ന് എന്നെ പുല്ലുപോലെ ഊരിയെടുക്കുന്നത്.
സുഖപ്പെടുത്താൻ വേണ്ടി മുറിപ്പെടുത്തുന്നവൾ… അതാണ് ആമി. സൈക്കോ ആണോ എന്നാണ് ഇപ്പൊ എന്റെ സംശയം. ***********
സമയം കഴിഞ്ഞു പോകുംതോറും എനിക്ക് ചെറിയൊരു ടെൻഷൻ വന്നു തുടങ്ങി. പോകുന്ന കാര്യത്തെ പറ്റി അമ്മ ഒന്നും പറയുന്നുമില്ല. അമ്മ ഇങ്ങനൊരു കാര്യമേ ഇല്ല എന്ന രീതിയിൽ അടുക്കളയിൽ ഒരേ പണിയിൽ ആണ്.
ഒരു എട്ടര വരെ ഞാൻ വെയിറ്റ് ചെയ്തു. അത് കഴിഞ്ഞു പതുക്കെ എഴുന്നേറ്റു ഒരു മൂളിപ്പാട്ടും പാടി അടുക്കളയിൽ എത്തി. എന്നെ കണ്ടപ്പഴേ ആമിക്ക് കാര്യം മനസിലായി. അമ്മ സാമ്പാർ ഉണ്ടാക്കുന്ന തിരക്കിൽ ആണ്.
“ആമിമോളെ ഇതിന്റെ ഉപ്പൊന്നു നോക്കിക്കേ.” അമ്മ ആമിയുടെ നേരെ സാമ്പാറിന്റെ തവി നീട്ടികൊണ്ട് തിരിഞ്ഞപ്പോൾ ആണ് എന്നെ കണ്ടത്.
“ദേ ഇപ്പ റെഡിയാവും. നീ ആ പ്ലേറ്റ് എടുത്ത് ആ ഇഡലി എടുക്ക്. ഞാൻ ഈ സാമ്പാറിന് ഒന്ന് വറ കൊടുത്തോട്ടെ എന്നിട്ട് തരാം.” പാവം ഞാൻ വിശന്നിട്ടു വന്നതാണെന്ന് കരുതിക്കാണും.