“അയ്യട… എടൊ മനുഷ്യാ പ്രേമിക്കാൻ ആദ്യം വേണ്ടത് അത് നേരെ ചൊവ്വെ മുഖത്ത് പറയാൻ ഉള്ള മനസ്സാണ്. എന്റെ ജീവിതത്തിൽ ഇത്രേം വൃത്തികെട്ട പ്രൊപോസൽ എനിക്ക് കിട്ടീട്ടില്ല. എന്തൊക്കെ ആണ് പറഞ്ഞത് എന്ന് വല്ല ഓർമ്മ ഉണ്ടോ? ഗോൾ കീപ്പർ ആവാൻ വരുന്നോ എന്നോ. അയ്യേ…. വെറുതെ അല്ല ഇത്രനാളും ആരും തിരിഞ്ഞു നോക്കാഞ്ഞത്.” നയന പൊട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു. അവളുടെ അസ്ഥാനത്തു ഉള്ള ഡയലോഗ് കേട്ട് അരവിന്ദിനും ചിരി പൊട്ടി.
“ഓ.. നമ്മക്ക് വല്യ എക്സ്പീരിയൻസ് ഒന്നും ഇല്ലടെയ്. നിനക്ക് അപ്പൊ കൊറേ പ്രൊപ്പോസൽ കിട്ടിട്ടുണ്ട് അല്ലേ.”
“പിന്നല്ല… എന്റെ ഈ ഗ്ലാമർ കണ്ടാൽ അറിഞ്ഞുടെ. ഞാനെ കോളേജിൽ ബ്യൂട്ടി ക്വീൻ ആയിരുന്നു അറിയാവോ.” നയന ചിരിച്ചുകൊണ്ട് പറഞ്ഞു. “പിന്നെ കോപ്പാണ്. ഒരു ‘പൂട്ടികൂൻ’ വന്നേക്കുന്നു. മതിയെടി തള്ളിയത്. അത്കൊണ്ട് ഇപ്പൊ എന്താ ഇത്രേം കഴിവും സൗന്ദര്യവും സർവോപരി സല്ഗുണ സമ്പന്നൻ ആയ എന്നെ കിട്ടിയില്ലേ.”
“മം… അത് എന്റെ വിധി. അതെ നേരം കൊറേ ആയി. കിടന്നു ഉറങ്ങാൻ നോക്ക് നാളെ നേരത്തും കാലത്തും ഒക്കെ എഴുനേറ്റു വന്നേക്കണം. പിന്നെ മുണ്ട് ഉടുത്താൽ മതി പാന്റ് ഇട്ടാൽ ഒരു ഓഞ്ഞ ലുക് ആണ്. പിന്നെ ആ ഡാർക്ക് ബ്ലു ഷർട്ട് ഇല്ലേ.. അതിട്ടാൽ മതി. വല്ലതും കേക്കുന്നുണ്ടോ പറയണത്.”
“എന്റെ പൊന്നോ കെട്ടു. പെണ്ണ് കാണാൻ വരണേനു മുന്നേ തന്നെ വൻ ഭരിക്കൽ ആണല്ലോ നീ ഇക്കണക്കിനു കെട്ടുകഴിഞ്ഞാൽ എന്താവും.” “ഓ.. കൊറച്ചു വൃത്തി ആയിക്കോട്ടെ എന്ന് വെച്ച് പറഞ്ഞതാ. ഞാൻ പറഞ്ഞത് പോലെ വന്നില്ലേൽ നാളത്തെ ചായയിൽ ഞാൻ ഉപ്പിട്ട് തരും പറഞ്ഞേക്കാം.” “ആ… നോക്കട്ടെ. ആ ഷർട്ട് ഒക്കെ എവിടാണോ എന്തോ.” “ആഹ് അതെല്ലാം പോയി തപ്പി എടുക്ക് ആദ്യം എന്നിട്ട് ഉറങ്ങിയാൽ മതി.” “വോ ശെരി മൊതലാളി…” “എന്നാ പിന്നെ ശെരി… വെക്കട്ടെ?” നയന ഒരു കുസൃതി ചിരിയോടെ ചോദിച്ചു
“വെക്കണോ…കൊറച്ചു നേരം കൂടി സംസാരിച്ചിട്ട് വെക്കാം.” “അയ്യട.. എന്താ ഇത്ര സംസാരിക്കാൻ.” “ഒന്നുല്ല ചുമ്മാ…” “അതെ വേറൊന്നും അല്ല നാളെ നമ്മുടെ ജീവിതത്തിലെ തന്നെ വളരെ വിലപ്പെട്ട ഒരു ദിവസം അല്ലേ. അരവിന്ദേട്ടൻ നല്ലോണം റസ്റ്റ് എടുക്ക്. നാളെ തെളിഞ്ഞ മനസ്സോടെയും മുഖത്തോടെയും ആത്മവിശ്വത്തോടെയും വേണം വരാൻ. അതുകൊണ്ടാ പറഞ്ഞത്.” അവൾ പറഞ്ഞത് കാര്യം ആണെന്ന് അരവിന്ദിനും തോന്നി.