“ഇന്നും ഒരു കൂട്ടർ വരുന്നുണ്ട് മോളെ കാണാൻ. എന്റെ ഒരു സുഹൃത്ത് വഴി വന്ന ആലോചന ആണ്. പയ്യൻ എഞ്ചിനീയർ ആണ്. അവർ വൈകിട്ട് എത്തും എന്നാണ് പറഞ്ഞത്.” അച്ഛൻ പറഞ്ഞത് കേട്ട് അമ്മ ഒന്ന് ഞെട്ടി. ഞാൻ പക്ഷേ അത് പ്രതീക്ഷിച്ചു ഇരുന്നത് കൊണ്ട് ഞെട്ടിയില്ല.
പെട്ടന്ന് അത് കേട്ടപ്പോൾ എന്ത് പറയണം എന്ന് അമ്മയും ഒന്ന് ശങ്കിച്ചു. അപ്പോഴേക്കും നയന ചായയും ആയി എത്തി. എല്ലാവർക്കും ചായ കൊടുത്ത് അവസാനം എന്റെ അടുത്ത് എത്തി. ഞാൻ ചായ എടുത്ത് അവളുടെ മുഖത്ത് നോക്കിയതും അവളൊന്നു കണ്ണിറുക്കി കാണിച്ചിട്ട് ഒന്നും അറിയാത്ത പോലെ അമ്മയുടെ അടുത്ത് പോയിരുന്നു.
അൽപനേരം ആരും ഒന്നും സംസാരിച്ചില്ല. അച്ഛൻ പതിയെ ചായ ഊതി ഊതി കുടിക്കാൻ തുടങ്ങി. എനിക്ക് എന്താ ചെയ്യണ്ടേ എന്നറിയാത്ത ഒരു അവസ്ഥ. നയനയും അത്പോലെ തന്നെ ആയിരുന്നു. ഈസി ആയി തീർക്കാൻ കഴിയും എന്ന് കരുതിയ ഒരു വിഷയം പെട്ടന്ന് ആണ് അതിന്റെ സ്വഭാവം മാറിയത്.
അമ്മ ഒന്ന് ആലോചിച്ചിട്ട് നയനയെ നോക്കി. അവൾക്ക് നെഞ്ചിടിപ്പ് ഏറി. അടുത്ത നിമിഷം അമ്മ നയനയുടെ കയ്യിൽ അമർത്തി പിടിച്ചു. “എനിക്ക് തരുവോ ഈ മോളെ? ഞാൻ നോക്കിക്കോളാം എന്റെ സ്വന്തം മോളായിട്ട്!!!” അമ്മയുടെ ഉറച്ച ശബ്ദം ആ മുറിയിൽ അലയടിച്ചു. ഞങ്ങൾ എല്ലാവരും ഒന്ന് ഞെട്ടി. അമ്മയെ ഇതിനായി കൂട്ടികൊണ്ട് വന്ന ഞാനും, അതിനു കൂട്ട് നിന്ന നയനയും വരെ ഞെട്ടി. അച്ഛൻ എല്ലാവരെയും ഒന്ന് നോക്കി. അദ്ദേഹം ഇപ്പോഴും താൻ കേട്ടത് ശെരിയോ തെറ്റോ എന്ന് മനസ്സിൽ കണക്ക് കൂട്ടി നോക്കുകയായിരുന്നു.
അച്ഛൻ മറുപടി പറയാൻ എടുക്കുന്ന ഓരോ നിമിഷവും എനിക്കും നയനക്കും ഓരോ യുഗങ്ങൾ പോലെ തോന്നി.
“അരവിന്ദ് നല്ല പയ്യനാണ്, എനിക്കറിയാം അവൻ അവളെ പൊന്നുപോലെ നോക്കും എന്ന്. പിന്നെ ഇതിലും നല്ലൊരു അമ്മയെ എന്റെ മോൾക്ക് കിട്ടില്ല. പക്ഷേ അവളുടെ സന്തോഷം ആണ് എനിക്ക് വലുത് അത്കൊണ്ട് തന്നെ മോളുടെ സമ്മതം ഉണ്ടെങ്കിൽ പിന്നെ എനിക്ക് വേറൊന്നും നോക്കാൻ ഇല്ല.”