സാരിയുടുത്ത പെൺകുട്ടികൾക്കു ഒരു പ്രത്യേക ചന്തം ആണ്. കൂടെ ഇതുപോലൊരു ഒരു മൂക്കുത്തി കൂടെ ഉണ്ടങ്കിൽ പൊളിച്ചു.
അവളെ വാ പൊളിച്ചു നോക്കി നിക്കുന്ന എന്നെ ഒന്ന് മൈൻഡ് പോലും ചെയ്യാതെ അവൾ ഓടി അമ്മയുടെ അടുത്ത് വന്നു കെട്ടിപിടിച്ചു.
“സുഖാണോ അമ്മേ? എത്രനാളായി കണ്ടിട്ട്?” “സുഖം മോളേ. മോൾക്ക് സുഖല്ലേ?” അമ്മ അവളുടെ തലയിൽ തലോടി കൊണ്ട് ചോദിച്ചു.
അവർ തമ്മിൽ ഇപ്പൊ നടക്കുന്നത് എന്തായാലും അഭിനയം അല്ല എന്നെനിക്ക് മനസ്സിലായി. ഇവർ തമ്മിൽ നല്ല ബോണ്ടിങ് ആണ്.
അവർ ഓരോന്ന് സംസാരിക്കുന്നതിനു ഇടയിൽ അവൾ എന്നെ ഏറുകണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു. ഞാൻ പതിയെ അച്ഛനോട് ഓരോന്ന് സംസാരിക്കാൻ തുടങ്ങി. ഭാവി അമ്മായിഅച്ചൻ അല്ലേ. ഒരു മതിപ്പ് തോന്നിക്കോട്ടെ എന്നെ കുറിച്ച്.
“മോളേ ചായ എടുക്ക്.” അച്ഛൻ നയനയോട് പറഞ്ഞു. “ദേ ഇപ്പൊ കൊണ്ട് വരാം. അമ്മക്ക് മധുരം ആവാല്ലോ അല്ലേ.” പിന്നെന്താ ആയിക്കോട്ടെ. അന്ന് ഇവിടെ വന്നപ്പോ കുടിച്ചതാ മോൾടെ ചായ ഇന്ന് വീണ്ടും കുടിക്കാം. അമ്മ അവളെ നോക്കി ചിരിച്ചോണ്ട് പറഞ്ഞു. അവളും ചിരിച്ചു. “അരവിന്ദേട്ടന് പഞ്ചാര ആവാല്ലോ അല്ലേ?” അവൾ എന്നെ നോക്കി ആക്കി ഒരു ചിരി ചിരിച്ചു പതിയെ ചോദിച്ചു. “ഓ സാരമില്ല നല്ലോണം ഇട്ടോളൂ.” ഞാനും വിട്ട് കൊടുത്തില്ല. അവൾ ആരും കാണാതെ എന്നെ നോക്കി ഒന്ന് കൊഞ്ഞനം കുത്തി അടുക്കളയിലേക്ക് പോയി.
അവൾ പോയതും ഞാൻ അമ്മയോട് കാര്യം സംസാരിക്കാൻ കണ്ണ് കൊണ്ട് കാണിച്ചു. അച്ഛൻ അപ്പോഴും ഞങ്ങളോട് സംസാരിച്ചുകൊണ്ടേ ഇരുന്നു.
“അല്ല മോൾക്ക് കല്യാണം നോക്കി തുടങ്ങിയില്ലേ?” ഒരു ഗ്യാപ് കിട്ടിയപ്പോൾ അമ്മ കേറി ഹെഡ് ചെയ്തു.
“നോക്കുന്നുണ്ട്. അവൾക്ക് പക്ഷേ ഒന്നിനും താല്പര്യം ഇല്ല. ആര് വന്നാലും എന്തെങ്കിലും ഒക്കെ കുറ്റം കണ്ട് പിടിച്ചു പറഞ്ഞു വിടും. ഇവിടുന്ന് എങ്ങോട്ടും പോകണ്ട എന്നാ അവൾ പറയണത്.” അച്ഛന്റെ ശബ്ദത്തിൽ ഒരു നിരാശയും മകളോട് ഉള്ള സ്നേഹവും കലർന്നിരുന്നു.
“ഒക്കെ ശെരിയാവും. അച്ഛനെ വിട്ട് പോകാൻ അവൾക്കും കാണില്ലേ ബുദ്ധിമുട്ട്.” “അതൊക്കെ ശെരിയാണ് പക്ഷേ എന്നും അങ്ങനെ പറ്റുവോ എനിക്ക് എന്തെങ്കിലും വന്നാൽ പിന്നെ എന്റെ മോള് ഒറ്റക്കാവും. ബന്ധുക്കൾ എന്ന് പറയാൻ ആരും തന്നെ ഞങ്ങൾക്ക് ഇല്ല. എനിക്ക് അവളും അവൾക്ക് ഞാനും.” എനിക്ക് എന്തോ അതൊക്കെ കേട്ട് വല്ലാത്തൊരു വീർപ്പുമുട്ടൽ തോന്നി. ഇതുവരെ വന്ന ആലോചനകൾ എല്ലാം അച്ഛന് വേണ്ടി സ്വയം മുടക്കിയ ഒരാൾ എന്റെ കൂടെ ജീവിക്കണം എന്ന് പറയുകയാണെങ്കിൽ അവൾക്ക് ഞാൻ അവളുടെ അച്ഛനോളം തന്നെ പ്രിയപ്പെട്ടത് ആവണമല്ലോ. അതോർത്തപ്പോൾ എന്തോ എനിക്ക് നയനയോട് ഒന്നുകൂടി ഇഷ്ടം തോന്നി. ഇവളെ ഒരിക്കലും നഷ്ടപ്പെടുത്തി കളയാൻ എന്റെ മനസ്സ് അനുവദിച്ചില്ല.