( അല്ല ഈ പെണ്ണിനെത്തന്നെയല്ലേ ഞാൻ ഇന്നലെ അടിച്ചത്… മനസ്സിൽ ഇങ്ങനെ ചിന്തിച്ചു നിന്നപ്പോഴേക്കും പ്രിൻസിപ്പാൾ രണ്ടുപേരെയും അകത്തേക്ക് വിളിപ്പിച്ചു)
ആദ്യം കുറേ ഉപദേശം, പിന്നെ കുറേ താക്കീത്ത്. സംഭവം പ്രിൻസി അദ്ദേഹത്തിന്റെ ഡ്യൂട്ടി ചെയ്തെന്നു മാത്രം. രണ്ടുപേർക്കും പരാതിയൊന്നും ഇല്ലാത്തതുകൊണ്ട് അദ്ദേഹത്തിന് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. എങ്കിലും കോളേജിന്റെ അധികാരിയെന്ന നിലയിൽ അദ്ദേഹം ഞങ്ങളെയൊന്ന് വിളിപ്പിക്കണമല്ലോ. അത്രയേ ഉള്ളു…
: തുഷാരേ, നീ പഠിക്കാൻ തന്നല്ലേ ഇവിടെ വരുന്നത് അതോ പ്രേമിക്കാനാണോ, വീട്ടുകാരെ വിളിച്ച് പറയുകയാണ് വേണ്ടത്, ഇതവണത്തേക്ക് ഞാൻ ക്ഷമിക്കുന്നു എന്ന് മാത്രം. ഇനി ഇതുപോലുള്ള പ്രവർത്തികൾ എന്തെങ്കിലും ഉണ്ടായാൽ ഞാൻ സ്ട്രിക്ട് ആക്ഷൻ എടുക്കും. മനസിലായല്ലോ…
: സാറെ. ഞാൻ പഠിക്കാൻ തന്നെയാ വന്നത്, എന്നുകരുതി പ്രായപൂർത്തിയായ എനിക്ക് ഒരാളെ പ്രേമിച്ചൂടാ എന്നൊന്നും ഇല്ലല്ലോ. പക്ഷെ ഞാൻ ഒരു തെറ്റ് ചെയ്തു അനവസരത്തിൽ എല്ലാവരുടെയും മുന്നിൽവച്ച് അങ്ങനെ പറഞ്ഞുപോയി. അതിനുള്ള ശിക്ഷ എനിക്ക് കിട്ടുകയും ചെയ്തു. പിന്നെ എനിക്കില്ലാത്ത പ്രശ്നമാണോ സാറിന്. സുമതി ടീച്ചറെ സാറ് കല്യാണം കഴിച്ചത് മാട്രിമോണി വഴിയൊന്നും അല്ലല്ലോ. കോളേജീന്ന് പ്രേമിച്ച് തന്നല്ലേ…
: മൈൻഡ് യുവർ വേർഡ്‌സ്. അല്ലെങ്കിലും നിന്നോട് പറഞ്ഞിട്ട് കാര്യമില്ലെന്നറിയാം. ഞാൻ നിന്റെ അച്ഛനെ വിളിച്ചോളാം..
പിന്നെ ശ്രീലാലേ, നിന്നോട് എനിക്ക് വളരെ അടുപ്പം തോന്നിയിരുന്നു, വീണ്ടും പഠിക്കാൻ നീ കാണിച്ച ആ മനസ് എന്നും മറ്റുള്ള കുട്ടികൾക്ക് പ്രചോദനമാവട്ടെ എന്ന് കരുതിയാണ് ഞാൻ നിന്റെ അഡ്മിഷൻ കാര്യങ്ങൾക്ക് വേണ്ടി പ്രത്യേകം ശ്രദ്ധ കൊടുത്തത്. പക്ഷെ നീ എന്നെ ഞെട്ടിച്ചുകളഞ്ഞു. ഒരു പെൺകുട്ടിയെ ഇങ്ങനെ തല്ലാൻ പാടുണ്ടോ. ഇവളെങ്ങാൻ കേസിന് പോയിരുന്നെങ്കിൽ നിന്റെ ഭാവി എന്താവുമായിരുന്നു. ഇനി രണ്ടുപേരും പഠിത്തത്തിൽ നന്നായി ശ്രദ്ധിക്കുക അല്ലാതെ ഉഴപ്പി നടക്കരുത്, കേട്ടല്ലോ..ഉം … രണ്ടുപേരും പൊക്കോ.
: സാറെ, ഇന്നലെ നടന്ന സംഭവത്തിൽ എനിക്ക് അതിയായ ദുഃഖമുണ്ട്, എന്റെ ഭാഗത്തുനിന്നും പറ്റിയ തെറ്റിന് ഞാൻ ഈ കുട്ടിയോട് മാപ്പ് ചോദിക്കുന്നു. ഇനി ഇങ്ങനൊന്നും ഉണ്ടാവില്ല. ശരി സാറെ, വരട്ടെ.