” അന്നത്തെ കാര്യങ്ങൾ ഒക്കെ ഒരു പുക മറപോലെ കുറച്ചു കുറച്ചേ ഓർമയുള്ളു…. അതുകൊണ്ട് നമ്മുക്ക് അതൊന്നൂടെ റിപീറ്റ് ചെയ്താലോ… ”
” ദേ… മനുഷ്യാ…. ”
അവൾ കപട ദേഷ്യത്തോടെ ചാടി എഴുന്നേറ്റു…
” വേണ്ടാ… വേണ്ടന്നെ… എന്റെ ഇന്ദൂട്ടി വാ… നമ്മുക്ക് ചാച്ചാം… ”
ഒരു ചിരിയോടെ അവൻ വീണ്ടും അവളെ വലിച്ചടുപ്പിച്ചു…. രാത്രിയുടെ ഏതോ യാമത്തിൽ അവർ ഉറക്കത്തിലേക്ക് വഴുതി വീണു…..
രണ്ടു ദിവസം അവിടെ നിന്നിട്ട് അവളെയും കൊണ്ട് അവൻ ഫ്ലാറ്റിലേക്ക് വന്നു… അമ്മയോട് അവൻ തന്നെ എല്ലാം വിളിച്ചു പറഞ്ഞിരുന്നു… ഇടയ്ക്ക് കല്യാണത്തിന് പോകുകയാണെന്ന വ്യാജേന അമ്മ ഇന്ദുവിനെ വന്ന് കാണുകയും ചെയ്തു…. കുഞ്ഞ് ജനിക്കുന്നത് വരെ അച്ഛൻ ഒന്നും അറിയരുത് എന്ന് അമൽ നിശ്ചയിച്ചിരുന്നു…
ഒരു മാസത്തിന് ശേഷം…. അമൽ ജോലിക്ക് പോയിരുന്നു…. ഇന്ദുവിന് കൂട്ട് നിൽക്കാൻ വരുന്ന സ്ത്രീ പനിയായത് കൊണ്ട് വന്നിരുന്നില്ല…. പോകുന്നില്ലെന്ന് പറഞ്ഞ് അവിടെ നിന്ന അമലിനെ ഒരുവിധമാണ് ഇന്ദു തള്ളി പറഞ്ഞയച്ചത്…. അടുക്കളയിൽ ജോലി ചെയ്തു കൊണ്ടിരുന്നപ്പോൾ പുറത്തു കാളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ട് അവൾ ഹാളിലേക്ക് വന്നു….
” എന്താണ് ഏട്ടാ… ഞാൻ പറഞ്ഞതല്ലേ ഒറ്റയ്ക്ക് നിക്കാമെന്ന്… മര്യാദയ്ക്ക് ജോലിയ്ക്ക് പോകുന്നുണ്ടോ… ”
അമൽ തിരിച്ചു വന്നതായിരിക്കും എന്ന് വിചാരിച്ച് അവൾ വഴക്ക് പറഞ്ഞു കൊണ്ട് വാതിൽ തുറന്നു…. പക്ഷെ മുൻപിൽ നിൽക്കുന്ന വെള്ള വസ്ത്രധാരിയെ കണ്ട് അവൾ ഞെട്ടി…
” മോൾക്ക് എന്നെ ഓർമ്മയുണ്ടോ..?? ”
അയാൾ ഒരു ചിരിയോടെ ചോദിച്ചു….
” അമലേട്ടന്റെ അച്ഛൻ…. ”
അവൾ വിറയ്ക്കുന്ന ചുണ്ടുകളോടെ പറഞ്ഞു…..
—————————————————————–
നാലു വർഷങ്ങൾക്ക് ശേഷം ഒരു സായാഹ്നം…..
” എഞ്ഞിട്ട്…. എഞ്ഞിട്ട് അപ്പൂപ്പൻ അമ്മേനെ കൊന്നോ???… ”
വീടിന്റെ ഉമ്മറത്തു ചാരുകസേരയിൽ ഇരിക്കുന്ന മഹാദേവന്റെ വയറിനു പുറത്ത് ഇരുന്നുകൊണ്ട് നാലു വയസ്സുകാരി മിന്നു എന്ന മീനാക്ഷി ചോദിച്ചു….
” അച്ചോടാ… മിന്നൂന്റെ അപ്പൂപ്പൻ പാവമല്ലേ….അപ്പൂപ്പൻ ആരേം കൊല്ലൂല്ലല്ലൊ…. അങ്ങനെ കൊന്നാരുന്നേൽ അപ്പൂപ്പന് മിന്നൂനെ കിട്ടൂല്ലാരുന്നുല്ലോ…. ”
അവളുടെ കവിളിൽ നുള്ളിക്കൊണ്ട് അയാൾ പറഞ്ഞു….
“അപ്പോ അച്ചയെ കൊന്നോ??..”
” മിന്നൂന്റെ അച്ചയെ അപ്പൂപ്പൻ കൊല്ലുവോ…. മിന്നു അപ്പൂപ്പന്റെ ജീവനല്ലേ… ”
അയാൾ വീണ്ടും അവളെ കൊഞ്ചിച്ചു…
” പിഞ്ഞേ അപ്പൂപ്പൻ പരഞ്ഞയോ കൊല്ലൂന്ന്…. ”
അവളുടെ സംശയം തീരുന്നില്ലായിരുന്നു….