ഓരോന്ന് ചിന്തിച്ചു കൊണ്ട് സോഫയിൽ ഞാൻ ചാരിയിരുന്നു.
അപ്പോഴാണ് ഗുഡ് മോണിംഗ് പറഞ്ഞുകൊണ്ട് നെഷിധയുടെ ഒരു മെസേജ് വന്നത്.
തൊട്ടു പിന്നാലെ പരിഭവം പറഞ്ഞുകൊണ്ട് മറ്റ് കുറെ മെസേജും കൂടി വന്നു.
നാട്ടില്‍ നാലര ആയതേയുള്ളൂ. എന്റെ അനിയത്തി ഇത്ര നേരത്തെ ഉണര്‍ന്നോ?
ഉടനെ ഞാൻ അവള്‍ക്ക് ഓഡിയോ കോൾ ചെയ്തതും അവള്‍ കട്ടാക്കി.
പാവം, കഴിഞ്ഞ ഒരു മാസമായി അവളോട് ഞാൻ നല്ലതുപോലെ സംസാരിച്ചിട്ടില്ല. ദിവസവും ഒന്നോ രണ്ടോ മിനിറ്റ് മാത്രമാണ് സംസാരിച്ചിരുന്നത്. എനിക്ക് അവളെ ഓര്‍ത്തു വിഷമം തോന്നി.
അപ്പോൾ നെഷിധ വീഡിയോ കോൾ ചെയ്തു. ഉടനെ ഞാൻ എടുക്കുകയും ചെയ്തു.
‘അവിടെ നല്ല ഇരുട്ടാണല്ലോ? ലൈറ്റ് ഇട് ഏട്ടാ!’ പുരികം കൂര്‍പ്പിച്ച് കൊണ്ട് നെഷിധ പറഞ്ഞു.
ഇവിടെ ലൈറ്റ് ഇട്ടാല്‍ ചേച്ചി ഉണരും എന്നതുകൊണ്ട് ഞാൻ എഴുനേറ്റ് എന്റെ റൂമിലേക്ക് വന്നു.
എന്റെ മുഖം കണ്ടതും എന്റെ അനിയത്തി സന്തോഷത്തോടെ ചിരിച്ചു.
‘ഹൊ! ഇപ്പോഴെങ്കിലും ഷേവ് ചെയ്തല്ലോ എന്റെ ഏട്ടൻ.’ നെഷിധ ആശ്വാസത്തോടെ പറഞ്ഞു. ‘ഇനി അതുപോലെ താടി ഒന്നും വളര്‍ത്തല്ലേ, എനിക്ക് ദേഷ്യം വരും.’ നെഷിധ ചുണ്ട് കോട്ടി പറഞ്ഞതും ഞാൻ ചിരിച്ചു.
‘ഇല്ല വളർത്തില്ല, എന്റെ മോള് ഒരിക്കലും എന്നോട് ദേഷ്യം ഒന്നും കാണിക്കരുത്, കേട്ടോ. ഞാൻ പാവമല്ലേ.’ സങ്കടം അഭിനയിച്ചു കൊണ്ട് ഞാൻ പറഞ്ഞു.
‘ഈ കള്ള സങ്കടം ഒന്നും എന്നോട് വില പോവില്ല.” കൊഞ്ഞനം കുത്തി കാണിച്ചിട്ട് നെഷിധ ചിരിച്ചു.
അങ്ങനെ അവളോട് ഇവിടത്തെ നാലര വരെ ഞാൻ സംസാരിച്ചിരുന്നു.
‘എന്ന ബൈ ഏട്ടാ, ഇവിടെ ആറ് മണിയായി. ഞാൻ പിന്നേ വിളിക്കാം.’ അതും പറഞ്ഞു നെഷിധ ഫോണിൽ കാണുന്ന എന്റെ മുഖത്ത് ഉമ്മ തന്നു. ഞാനും തിരികെ ഒരു ഉമ്മ കൊടുത്തതും സന്തോഷത്തോടെ കൈ ആട്ടി കാണിച്ചിട്ട് അവൾ വച്ചു.
അവളോട് സംസാരിച്ചപ്പോ എന്റെ മനസ്സ് ഫ്രെഷ് ആയത് പോലെ ഫീൽ ചെയ്തു. കോഫീ കപ്പ് കൊണ്ട് കഴുകി വച്ചിട്ട് ഞാൻ പിന്നെയും ചേച്ചിയുടെ റൂമിൽ പോയി നോക്കി.