“അയ്യോ ഇനി ഞാൻ തുപ്പിലേ… ഇനി ഞാൻ എന്റെ പല്ലിനെ പോലും തേച്ച് തൂപ്പില്ല, സത്യം.” ദയനീയമായി ഞാൻ പറഞ്ഞതും അവർ രണ്ടുപേരും പൊട്ടിച്ചിരിച്ചു.
അതുകഴിഞ്ഞ് ഞാൻ എന്റെ ജെർസി ഊരി പന്തു പോലെ ഉരുട്ടി നല്ലോണം കെട്ടി. മൂന്ന് മീറ്റർ അകലെ നിന്നിരുന്ന ചേച്ചിയും മറിയയും ഞാൻ ചെയ്യുന്നതിനെ കൗതുകത്തോടെ നോക്കി നിന്നു.
അവസാനം പന്തായി മാറിയ ജെർസിയെ ഞാൻ മറിയയുടെ മുഖത്ത് എറിഞ്ഞപ്പോഴാണ് എന്റെ ഉദ്ദേശം അവർക്കും മനസിലായത്.
മറിയയുടെ മുഖത്ത് തന്നെ പന്ത് കൊണ്ടതും ചേച്ചി പൊട്ടിച്ചിരിച്ചു. ഉടനെ മറിയയും ചിരിച്ചുകൊണ്ട് ആ പന്തെടുത്ത് ചേച്ചിയുടെ മുഖത്തെറിഞ്ഞു.
അവസാനം അതിനെ എന്റെ മുഖത്തേക്കും ചേച്ചി എറിഞ്ഞു. അങ്ങനെ ഞങ്ങൾ മാറിമാറി എറിഞ്ഞു കളിച്ചും, ആ പന്ത് മുഖത്ത് കൊള്ളാതെ രക്ഷപ്പെടാൻ ശ്രമിച്ചും ആ കളി തുടർന്നു.
ഇത് കണ്ടുകൊണ്ടിരുന്ന മറ്റ് ചിലരൊക്കെ ഞങ്ങൾ ക്ഷണിക്കാതെ തന്നെ പന്തെറിഞ്ഞ് കളിക്കാന്‍ ഞങ്ങള്‍ക്കൊപ്പം കൂടി. ഒടുവില്‍ നോക്കിയപ്പോ, ഞങ്ങൾ പതിമൂന്ന് പേര്‍ ചിരിച്ച് സന്തോഷിച്ചു കൊണ്ട് മാറിമാറി എറിഞ്ഞു കളിച്ചു കൊണ്ടിരുന്നു.
ഞങ്ങൾ നാല് ആണുങ്ങളും, പിന്നെ പതിമൂന്ന് അല്ലെങ്കിൽ പതിനാല് വയസ്സുള്ള രണ്ട് പയ്യന്മാരും ചേര്‍ന്ന് ഒരു ടീം ആയിട്ടും — അതുപോലെ അഞ്ച് പെണ്ണുങ്ങളും, ഒരു ടീനേജ് പെണ്‍കുട്ടിയും, പിന്നെ അന്‍പത് വയസ് തോന്നിക്കുന്ന ഒരു സ്ത്രീയും ചേര്‍ന്ന് എതിര്‍ ടീം ആയിട്ടും ആയിരുന്നു പിന്നീടുള്ള ഞങ്ങളുടെ കളി നടന്നത്.
ആണുങ്ങള്‍ അത്ര പേരും സ്വന്തം ബനിയനൂരി പന്ത് പോലെ ഉണ്ടാക്കിയതും കളിയുടെ രസവും കൂടി.
അവസാനം, മണിക്കൂറുകൾ കഴിഞ്ഞ് എല്ലാവരും ചിരിച്ചു കൊണ്ട് സന്തോഷത്തോടെ പിരിഞ്ഞുപോയി.
ഞങ്ങൾ അല്‍പ്പനേരം കൂടി നീന്തി കുളിച്ച ശേഷമാണ് പോകാൻ തയാറായത്.
“മൂന്ന് മണി കഴിഞ്ഞോ?” വണ്ടിയില്‍ കയറി മൊബൈല്‍ എടുത്ത് നോക്കിയിട്ട് ചേച്ചി അത്ഭുതപ്പെട്ടു.
“എനിക്ക് വിശക്കുന്നു?” ഞാൻ ഉറക്കെ പറഞ്ഞു.
“എനിക്കും..!” ഉടനെ മറിയയും ചേച്ചിയും കോറസ് പാടിയതും ഞങ്ങൾ ഒരുമിച്ച് ചിരിച്ചു.