“തിങ്കളാഴ്ച നമുക്ക് കാണാം മറിയ.” അത് മാത്രം പറഞ്ഞിട്ട് ഞാൻ എങ്ങനെയോ നടന്ന് എന്റെ വണ്ടിയില്‍ കേറി.
ബിൽഡിംഗ് പാർക്കിംഗിൽ എന്റെ വണ്ടി ഇട്ടിട്ട് തൊട്ടടുത്ത് കിടക്കുന്ന പ്രഷോബ് ചേട്ടന്റെ കാറിനെ ഞാൻ വെറുപ്പോടെ നോക്കി.
എത്ര നേരം ഞാൻ അവിടേ ഇരുന്നു എന്നറിയില്ല. എന്റെ വണ്ടിയുടെ പാസഞ്ചർ സൈഡിലെ വിന്‍ഡോ ഗ്ലാസ്സിൽ ആരോ തട്ടിയപ്പോളാണ് ഞാൻ നോക്കിയത്.
പ്രഷോബ് ചേട്ടൻ!!
ഞാൻ ഡോർ അൺലോക്ക് ചെയ്തതും ചേട്ടൻ ഡോർ തുറന്ന് അകത്ത് കേറി ഇരുന്നിട്ട് എന്നെ നോക്കിയപാടെ ഞെട്ടി. അയാള്‍ കുടിച്ചിട്ടും ഇല്ലായിരുന്നു.
ചേട്ടന്‍ നന്നായോ?
“എടാ വിക്രം! നിനക്ക് എന്തു പറ്റി?” ശെരിക്കും ആശങ്കയോടെ ചേട്ടന്‍ ചോദിച്ചു.
“കുറച് ദിവസം എനിക്ക് സുഖം ഇല്ലായിരുന്നു, ചേട്ടാ. പക്ഷേ അതൊക്കെ മാറി.” ഒരു കൂസലുമില്ലാതെ ഞാൻ നുണ പറഞ്ഞു.
പക്ഷേ വിശ്വാസം വരാത്ത പോലെ ചേട്ടൻ കുറെ നേരം എന്നെ തന്നെ സൂക്ഷിച്ചു നോക്കി.
“അത് പോട്ടെ. ഈ ബാഗ് ഒക്കെ ആയിട്ട് ചേട്ടൻ ഇപ്പൊ എങ്ങോട്ടേക്കാ?” ചേട്ടൻ കൊണ്ട് വന്ന വലിയ ബാഗ് നോക്കി ഞാൻ ചോദിച്ചതും ചേട്ടൻ എന്റെ കാര്യം മറന്ന് സന്തോഷത്തില്‍ ചിരിച്ചു.
“എടാ ഞാൻ എന്റെ കൂട്ടുകാരുടെ അടുത്തേക്കാണ് പോകുന്നത്. ഒരു ടൂറ് ഞങ്ങൾ പ്ലാൻ ചെയ്തിരുന്നു.”
“അപ്പോ ചേച്ചിയെ കൊണ്ട് പോകുന്നില്ലേ?” മുഖം ചുളിച്ചു കൊണ്ട് ഞാൻ ചോദിച്ചതും ചേട്ടന്റെ മുഖം ദേഷ്യത്തില്‍ കറുത്തു.
“കഴിഞ്ഞ ആഴ്ചയേ ഈ ടൂറിന്‍റെ കാര്യം അവളോട് ഞാൻ പറഞ്ഞിരുന്നതാ. ഇന്ന് വൈകിട്ട് പോണം എന്നും അന്നേ ഞാൻ പറഞ്ഞിരുന്നു. അപ്പോൾ അവള്‍ ഒന്നും പറഞ്ഞിലായിരുന്നു. അവസാന നിമിഷത്തില്‍ അവള്‍ വരുമെന്ന് തന്നെയാ ഞാനും കരുതിയിരുന്നത്.” അത്രയും പറഞ്ഞിട്ട് അയാൾ ദേഷ്യത്തില്‍ പല്ലിറുമ്മി.
“പിന്നേ എന്താ സംഭവിച്ചത്?” ഞാൻ ചോദിച്ചു.
“പക്ഷേ ഇന്ന് രാവിലെ അവളോട് എല്ലാ റെഡിയാക്കി വെക്കാൻ പറഞ്ഞപ്പോ അവള്‍ വരുന്നില്ലെന്നും പറഞ്ഞ് ശെരിക്കും വാശി പിടിച്ചായിരുന്നു. അതുകൊണ്ട് ദേഷ്യത്തില്‍ ഞാൻ ഒരു അടി കൊടുത്തതും അവൾ ഇറങ്ങി നിന്റെ ഫ്ലാറ്റിലേക്ക് പോയി കതവും ലോക് ചെയ്തു. ഞാൻ പിന്നേ ജോലിക്കും പോയി. തിരികെ വന്നിട്ട് അവളെ ഫോണിൽ വിളിച്ചിട്ട് എടുക്കുന്നില്ല. നിന്റെ കതവ് തട്ടിയും ബെല്ല് അടിച്ചും നോക്കി. പക്ഷെ വരുന്നില്ല എന്നും പറഞ്ഞു എനിക്ക് അവൾ മെസേജ് മാത്രം ചെയ്തു. അതുകൊണ്ട് ഞാൻ ഒറ്റക്ക് ഇറങ്ങി.” അയാൾ കഠിന കോപത്തോടെ പറഞ്ഞു.